ലണ്ടൻ: ഇംഗ്ലണ്ടിലെ സൗത്താംപ്ടണിൽ നിന്നായിരുന്നു 2220 യാത്രക്കാരും ജീവനക്കാരുമായി ആ അഭിശപ്ത യാത്ര ആരംഭിച്ചത്. ഉച്ചക്ക് 12 മണിക്ക് പുറപ്പെട്ട യാത്ര വൈകിട്ട് 6.30 ന് ഫ്രാൻസിലെ ചെർബർഗിൽ എത്തുന്നു. ഒന്നര മണിക്കൂർ നേരത്തെ ഇടവേളക്ക് ശേഷം യാത്ര തുടർന്ന കപ്പൽ ഏപ്രിൽ 11 രാവിലെ പതിനൊന്നരക്ക് അയർലൻഡിലെ ക്യുൻസ്ടൗണിലെത്തി നകൂരമിട്ടു. ഉച്ചക്ക് ഒന്നരമണിയോടെ അന്നുവരെ ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കപ്പൽ അവസാനമായി നങ്കൂരമുയർത്തി യാത്ര തുടരുന്നു.

ആശകളും, സ്വപ്നങ്ങളും, പ്രണയങ്ങളുമൊക്കെയായി അറ്റ്ലാന്റിക് സമുദ്രത്തിലെ തിരകളെ കീറി മുറിച്ച് ടൈറ്റാനിക് എന്ന, ഒരിക്കലും മുങ്ങുകയില്ല എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന കപ്പൽ പിന്നീടുള്ള മൂന്ന് ദിവസങ്ങൾ സഞ്ചരിച്ചു. അത്യാഡംബര സൗകര്യങ്ങൾ ഒരുക്കിയിരുന്ന കപ്പലിനകത്ത് യാത്രക്കാർ ശരിക്കും ജീവിതം ആസ്വദിക്കുകയായിരുന്നു. ഡെക്കിനു മുകളിൽ നിന്നുള്ള ഉദയാസ്തമന കാഴ്‌ച്ചകളും, മദ്യം പകർന്ന് നൽകിയ ലഹരിക്ക് മേൽ കടൽക്കാറ്റിന്റെ തലോടലും ഒക്കെയായി മൂന്നു ദിവസത്തെ യാത്ര.

ഒടുവിൽ 1912 ഏപ്രിൽ 14 രാത്രി 11.40 എന്ന ശപിക്കപ്പെട്ട മുഹൂർത്തം എത്തി. കടലിൽ ഒഴുകി നടന്ന കൂറ്റൻ മഞ്ഞുമലയിൽ ടൈറ്റാനിക് ഇടിച്ചത് ആ മുഹൂർത്തത്തില ആയിരുന്നു. അപകടം നടന്നയുടൻ ആളുകളെ രക്ഷിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ലൈഫ് ബോട്ടുകളിലും മറ്റുമായി ആളുകൾ കടലിലേക്ക് ഊളിയിട്ടു. എസ് ഒ എസ് സന്ദേശം ലഭിച്ച് സമീപത്തുണ്ടായിരുന്ന ആർ എം എസ് കാർപാത്തിയ എന്ന കപ്പൽ അവിടെ എത്തി. എന്നാൽ, 2022 യാത്രക്കാരിൽ 705 പേരെ മാത്രമായിരുന്നു അന്ന് രക്ഷിക്കാൻ കഴിഞ്ഞത്.

ഈ അപകടത്തെ തുടർന്ന് അമേരിക്കയും ബ്രിട്ടനും പ്രത്യേക അന്വേഷണങ്ങൾ നടത്തിയെങ്കിലും കാര്യമായ കണ്ടെത്തലുകൾ ഒന്നുമുണ്ടായില്ല. പിന്നീട് 1985 ൽ മസച്ചുസറ്റ്സിലെ വൂഡ്സ് ഹോൾ ഡീപ് സബ്മർജൻസ് ലാബും ഫ്രാൻസിലെ ഐഫ്രെമറും ചേർന്ന് ടൈറ്റാനികിന്റെ രഹസ്യങ്ങളിലേക്ക് ഊളിയിടാൻ ഒരു ശ്രമം നടത്തി. ഇതിന്റെ ഭാഗമായി 1986 ജൂലായ 13 ന് വൂഡ്സ് ലാബിലെ ടീം ലീഡർ ഡോ. റോബർട്ട് ബല്ലാർഡും സഹായികളും ഒരു മുങ്ങിക്കപ്പലിൽ ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾക്ക് അടുത്തെത്തി.

ഓട്ടോമാറ്റിക് ക്യാമറകൾ ഘടിപ്പിച്ച ഈ അന്തർവാഹിനിയുടെ സഹായത്തോടെ അവർ അതിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും പകർത്തുകയും ചെയ്തു. നീണ്ട 37 വർഷങ്ങൾക്കിപ്പുറം ആ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. ഇതിൽ അന്തർവാഹിനി ടൈറ്റാനിക്കിനെ സമീപിക്കുന്നത് കാണാം. പിന്നീട്, അത് ഡെക്കിൽ എത്തുന്നു. നിരവധി യാത്രക്കാരുടെ സ്വപ്നങ്ങൾ പൂത്തുലഞ്ഞ്, ഒരൊറ്റ രാത്രികൊണ്ട് വീണുടഞ്ഞ ഡെക്കിന്റെ ചിത്രം വിശദമായി പകർത്തിയിട്ടുണ്ട്.

കാനഡയിലെ ന്യുഫൗണ്ട്ലാൻഡ് തീരത്തുനിന്നും അകലെ മാറി നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ 12,400 അടി താഴെ വച്ചാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ഡബ്ല്യൂ എച്ച് ഒ ഐയുടെ യൂട്യുബ് ചാനലിൽ ഉള്ള ഈ 80 മിനിട്ട് വീഡിയോയിൽ ഈ ഗവേഷകരുടെ അപൂർവ്വ നേട്ടങ്ങളുടെ വിവരണങ്ങളും ഉണ്ട്. ഡെക്കിലോ അതിന്റെ സമീപത്തോ മനുഷ്യ മാംസാവശിഷ്ടങ്ങളോ അസ്ഥിപഞ്ജരങ്ങളോ കാണാനായില്ല എന്ന് ബല്ലാർഡ് പറയുന്നു. എന്നാൽ, ഷൂസും മറ്റു തരത്തിലുള്ള പാദരക്ഷകളും ക്ണ്ടെത്താനായി. അതിലൊന്ന് ഒരു അമ്മയുടെയും കുഞ്ഞിന്റെയുംരണ്ടു ജോടി പാദരക്ഷകളായിരുന്നു.

കടലിന്റെ അടിത്തട്ടിൽ നിന്നും മരണമടഞ്ഞ ആത്മാക്കൾ തങ്ങളെ തുറിച്ചു നോക്കുന്നതായി തോന്നി എന്ന് ബല്ലാർഡ്സ് പറയുന്നു. അവർക്ക് തങ്ങളോട് എന്തൊക്കെയോ പറയാൻ ഉണ്ടായിരുന്നത് പോലെ തോന്നി. വലിയൊരു നേട്ടം കൈവരിക്കാനായ സംതൃപ്തി ഉണ്ടായിരുന്നെങ്കിലും ഈ ആത്മാക്കളുടെ സ്വാന്നിദ്ധ്യം അല്പം ഭയവും ഉയർത്തിയിരുന്നു എന്ന് ബല്ലാർഡ്സ് പറയുന്നു.

വൂഡ്സ് ഹോൾ ഓഷ്യാനോഗ്രാഫിക് ഇൻസ്റ്റിറ്റിയുഷൻ (ഡബ്ല്യൂ എച്ച് ഒ ഐ) യുടെ യൂട്യുബ് ചാനലിലാണ് ഇപ്പോൾ ഈ പര്യവേഷണത്തിന്റെ പൂർണ്ണമായ വീഡിയോ വന്നിരിക്കുന്നത്.