- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് ദിവസം ജയിലിൽ അടച്ച ശേഷം കുറ്റം ചുമത്താതെ വിട്ടയച്ചു; എന്തിനാണ് അറസ്റ്റിലായതെന്നു പോലും അറിഞ്ഞില്ലെന്ന് ലവ് ഐലൻഡ് താരം; തായ്ലാൻഡിലേക്കുള്ള യാത്രക്കിടെ അറസ്റ്റിലായ ബ്രിട്ടീഷ് റിയാലിറ്റി താരം ദുബായ് ജയിലിനെ കുറിച്ച് പറയുമ്പോൾ
ദുബായ്: ലവ് ഐലൻഡ് താരം കാസ് ക്രോസ്ലി മയക്കുമരുന്നുമായി ബന്ധപ്പെട്ട് ആരോപണത്തിന്റെ പേരിൽ ദുബായിൽ അറസ്റ്റ് ചെയ്യപ്പെട്ടത് കഴിഞ്ഞ ദിവസം ഏറെ പ്രാധാന്യം നേടിയ വാർത്തയായിരുന്നു. നാല് ദിവസങ്ങളൊളം ജയിലിൽ കഴിഞ്ഞ ശേഷം ഇപ്പോൾ താരം ജയിൽ മോചിതയായിരിക്കുന്നു. തായ്ലാൻഡിലേക്കുള്ള യാത്ര മദ്ധ്യേ, അബുദാബിയിൽ വച്ചായിരുന്നു ദുബായ് അധികൃതർ 27 കാരിയായ ബ്രിട്ടീഷ് റിയാലിറ്റി താരത്തെ അറസ്റ്റ് ചെയ്തത്.
തന്നെ ജയിലിൽ അടച്ചത് എന്തിനെന്ന് പോലും അറിയാതെ ആശയക്കുഴപ്പത്തിലായ താരം തനിക്ക് നേരിട്ട ദുരിതങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചു. ഭാഷ അറിയാത്ത തനിക്ക് കാര്യങ്ങൾ വിശദീകരിച്ചു തരാൻ ഒരു ദ്വിഭാഷി പോലും ഉണ്ടായിരുന്നില്ല എന്നാണ് അവർ പറഞ്ഞത്. 2020-ൽ യു കെയിൽ കടുത്ത കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കവെ, സമ്പന്നരും സ്വാധീനമുള്ളവരുമായ പലരും അതിൽ നിന്നും രക്ഷപ്പെടാൻ, ജോലിയുമായി ബന്ധപ്പെട്ട് എന്നവകാശപ്പെട്ടുകൊണ്ട് ദുബായിൽ എത്തിയിരുന്നു.
അത്തരത്തിൽ ദുബായിൽ എത്തിയ കാസ് ഒരു വെളുത്ത പൊടി ശ്വസിച്ച് എടുക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തേ പുറത്തു വന്നിരുന്നു. അതുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ് എന്നായിരുന്നു നേരത്തെ വന്ന വാർത്തകൾ. 30 ഡിഗ്രി സെൽഷ്യസ് ചൂടിൽ മറ്റ് 30 സ്ത്രീകൾക്കൊപ്പമായിരുന്നു തന്നെ ജയിലിൽ അടച്ചതെന്നാണ് കാസ് ക്രോസ്ലി തന്റെ സുഹൃത്തുക്കളോട് പറഞ്ഞത്. തന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ അനുഭവമായിരുന്നു എന്ന് അവർ പറഞ്ഞതായി ദി സൺ റിപ്പോർട്ട് ചെയ്യുന്നു.
ഇപ്പോൾ പ്രത്യേകിച്ച് കേസുകൾ ഒന്നും തന്നെ ചാർജ്ജ് ചെയ്യാതെയാണ് താരത്തെ വിട്ടയച്ചിരിക്കുന്നത്. ദുബായ് സെൻട്രൽ പ്രിസണിൽ തടവിലാക്കിയ അവരെ രണ്ടു വർഷം മുൻപെടുത്ത വീഡിയോയും ചിത്രങ്ങളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതായും അറിയുന്നു. എന്നാൽ, അധികൃതർ ഒരു ദ്വിഭാഷിയെ നിയമിക്കാഞ്ഞതിനാൽ കാസ് ഏറെ ഭയന്നു എന്ന് പറയുന്നു.
തന്റെ പ്രിയപ്പെട്ടവരോട്, താൻ അറസ്റ്റിലായെന്ന് അറിയിക്കുവാൻ ഒരു സുഹൃത്തിന് ഒരു ഈമെയിൽ സന്ദേശം അയയ്ക്കാൻ മാത്രമായിരുന്നു താരത്തെ അനുവദിച്ചത്, കുളിക്കാൻ പോലും അനുവദിച്ചില്ലെന്ന് അവർ പറയുന്നു. വർഷങ്ങളായി ഈ രാജ്യങ്ങളിൽ ബ്രിട്ടീഷുകാർ മയക്കുമരുന്നിന്റെ പേരിൽ തൂക്കിലേറ്റപ്പെട്ട കഥകൾ പുറത്തു വന്നിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ അറസ്റ്റിലായ കാസ് എത്രമാത്രം ഭയന്നിരിക്കുമെന്ന് അവരുടെ ഒരു സുഹൃത്ത് ചോദിക്കുന്നു.
ലാസ് ക്രോസ്ലിക്ക് മയക്കുമരുന്നുമായി ബന്ധമൊന്നും ഇല്ലെന്നു. എന്നാൽ, കഴിഞ്ഞ യാത്രയിൽ അവർക്കൊപ്പം ഉണ്ടായിരുന്ന ഒരു വ്യക്തിയെ പൊലീസ് തിരയുകയാണെന്നും അതുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റെന്നും സുഹൃത്ത് കൂട്ടിച്ചേർത്തു. പ്രവാസികൾക്കും അതുപോലെ സ്വാധീനമുള്ളവർക്കും ദുബായ് സന്ദർശിക്കുന്നതിനെ കുറിച്ചുള്ള ഒരു മുന്നറിയിപ്പാണ് ഈ അറസ്റ്റെന്ന് ഡീറ്റൈയ്ൻഡ് ഇൻ ദുബായ് സ്ഥാപക രാധാ സ്റ്റെർലിങ് പറയുന്നു.
തായ്ലാൻഡിലേക്ക് ട്രാൻസിറ്റ് ചെയ്യുന്ന സമയത്ത് യു എ ഇ തലസ്ഥാനത്ത് കാസിന്റെ പാസ്സ്പോർട്ട് പരിശോധനക്ക് വിധേയമാക്കിയപ്പോൾ റെഡ് അലർട്ട് നൽകുകയായിരുന്നു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, കാസ് അന്വേഷണവുമായി പൂർണ്ണമായും സഹകരിച്ചെന്നും അവർ ഇപ്പോൾ സ്വതന്ത്രയാണെന്നും അവരുടെ ഏജന്റ് സ്ഥിരീകരിച്ചു. അവർക്ക് കേസുമായി നേരിട്ട് ബന്ധമില്ലെന്നും എന്നാൽ, അവർക്ക് വിലപ്പെട്ട ചില വിവരങ്ങൾ നൽകാനാകും എന്ന് പൊലീസ് ചിന്തിച്ചതിനാലായിരുന്നു അറസ്റ്റ് ചെയ്തതെന്നും ഏജന്റ് കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ