തുർക്കിയിലെയും സിറിയയിലെയും ദുരന്ത ഭൂമികൾ നമ്മെ കൂടെക്കൂടെ ഓർമ്മിപ്പിക്കുന്നത് മനുഷ്യ ജീവിതത്തിന്റെ അനിശ്ചിതത്തം തന്നെയാണ്. ഒരു ഭാഗത്ത് തീരെ പ്രതീക്ഷിക്കാത്ത സന്തോഷവും സംതൃപ്തിയും നൽകുമ്പോൾ മറുഭാഗത്ത് നിനച്ചിരിക്കാത്ത കടുത്ത ദുഃഖവും നൽകുന്നു. അത്തരം അദ്ഭുതങ്ങളിൽ ഒന്നാണ് തുർക്കിയിലെ അലേയ്ന ഓല്മെസ് എന്ന 17 കാരി.

വെള്ളവും ഭക്ഷണവുമില്ലാതെ അലെയ്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടന്നത് പത്ത് ദിവസങ്ങളായിരുന്നു. കൃത്യമായി പറഞ്ഞാൽ, 248 മണിക്കൂർ. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ചയായിരുന്നു രക്ഷാ പ്രവർത്തകർ അലെയ്നയെ രക്ഷിച്ചത്. എന്നാൽ, അലെയ്നക്ക് സന്തോഷിക്കാൻ ഒന്നുമില്ലാത്ത ഒരു ജീവിതത്തിലേക്കാണ് വിധി അവരെ തിരികെ കൊണ്ടു വന്നിരിക്കുന്നത്. അലെയ്നയെ രക്ഷപ്പെടുത്തുമ്പോൾ തൊട്ടടുത്തു നിന്നും രക്ഷാ പ്രവർത്തകർ കണ്ടെടുത്തത് അവളുടെ അച്ഛന്റെയും അമ്മയുടെയും മൃതദേഹങ്ങൾ കൂടിയായിരുന്നു.

എന്നാൽ, അവളുടെ ഏഴു വയസ്സുകാരനായ കുഞ്ഞനിയനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കയാബ നഗരത്തിലെ അവരുടെ അപ്പാർട്ട്മെന്റിന്റെ അവശിഷ്ടങ്ങൾക്കിടയിൽ അനുജനായി തിരച്ചിൽ നടന്നു കൊണ്ടിരിക്കുകയാണ്. തകർന്നു വീണ എട്ടുനില കെട്ടിടത്തിനടിയിൽ ഇപ്പോഴും ആ ഏഴുവയസ്സുകാരനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഭൂകമ്പം നടന്ന് ദിവസങ്ങൾ ഇത്രയായിട്ടും, ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ ലഭിക്കുന്നുണ്ട്.

എന്നാൽ, അലെയനയുടെ അദ്ഭുതകരമായ രക്ഷപ്പെടൽ രക്ഷാ പ്രവർത്തകരിലും മറ്റും വീണ്ടും പ്രതീക്ഷ ഉണർത്തിയിരിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരിൽ പലരും ഇപ്പോഴും ജീവന്റെ ഒരിറ്റു തുടിപ്പുമായി കഴിയുന്നുണ്ടാകാം എന്ന് അവർ വിശ്വസിക്കുന്നു, അതിനായി പ്രാർത്ഥിച്ചുകൊണ്ട് രക്ഷാ പ്രവർത്തനം കൂടുതൽ വേഗത്തിലാക്കുന്നു.

ചുറ്റുമുള്ള മുറികൾ എല്ലാം പാടെ തകർന്നപ്പോഴും അലെയ്ന കിടന്നിരുന്ന മുറി പൂർണ്ണമായും തകർന്നിരുന്നില്ല. നടുവെല്ലിന് ക്ഷതം സംഭവിച്ചതൊഴിച്ചാൽ മറ്റ് പരിക്കുകൾ ഒന്നും തന്നെ ഈ പതിനേഴുകാരിക്കില്ല താനും. അലെയൻ ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു എന്നാണ് അധികൃതർ പറഞ്ഞത്. അലെയനയും കുടുംബവും താമസിച്ചിരുന്ന ഫ്ളാറ്റ് സമുച്ചയം 35 വർഷത്തോളം പഴക്കമുള്ളതാണ്. ഇതിന്റെ നിർമ്മാണം ശരിയായ രീതിയിൽ ആയിരുന്നില്ലെന്നും അതുകൊണ്ടാണ് ചുറ്റുമുള്ള കെട്ടിടങ്ങൾ വലിയൊരു പരിധി വരെ ഭൂകമ്പത്തെ അതിജീവിച്ചപ്പോഴും ഇത് പൂർണ്ണമായും തകർന്നടിഞ്ഞതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

രക്ഷിച്ചെടുത്തത് മരണത്തിന് വിട്ടുകൊടുക്കാൻ

ഏറെ ദുഃഖം നൽകുന്ന മറ്റൊരു സംഭവമാണിത്. ഭൂകമ്പമുണ്ടായി പതിമൂന്നാം ദിവസംരക്ഷാ പ്രവർത്തകർ രക്ഷിച്ചെടുത്തത് ഒരു കുടുംബത്തെയായിരുന്നു. അച്ഛനും അമ്മയും 12 വയസ്സുകാരനായ മകനും അടങ്ങുന്ന കുടുംബം രക്ഷപ്പെട്ടതും അന്ന് ഏറെ പേർക്ക് പ്രത്യാശ നൽകിയിരുന്നു. ഇവരെ രക്ഷിച്ച് ആംബുലൻസിൽ കൊണ്ടുപോകുന്ന ചിത്രങ്ങൾ ടർക്കിഷ് ടെലിവിഷനുകളിൽ ആയിരങ്ങൾ കണ്ടിരുന്നത് നിലക്കാത്ത പ്രാർത്ഥനകളോടെയായിരുന്നു.

ഹാറ്റേ പ്രവിശ്യയുടെ തലസ്ഥാനമായ അന്റാക്യയിലെ അപ്പാർട്ട്മെന്റിന്റെ അവശിഷ്ടങ്ങൾക്കടിയിൽ നിന്നായിരുന്നു ഇവരെ രക്ഷപ്പെടുത്തിയത്. പിന്നീട് ആംബുലൻസിലും ഹെലികോപ്റ്ററിലുമായാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ഈ സന്തോഷം ഏറേ നേരം നീണ്ടുനിന്നില്ല. അച്ഛനും അമ്മയ്ക്കും ഒരു ജീവിതകാലം മുഴുവൻ കണ്ണീരിൽ കുതിർന്ന ഓർമ്മകൾ നൽകി 12 കാരനായ ആ കുരുന്ന് ആശുപത്രിയിൽ വെച്ച് അന്ത്യശ്വാസം വലിച്ചു.

നിർജ്ജലീകരണമാണ് മരണ കാരണം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആശുപത്രിയിൽ എത്തിച്ച് എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ആ കുഞ്ഞിനെ രക്ഷിക്കാനായില്ല. ഇതോടെ ഈ ഭൂകമ്പത്തിൽ മരണമടഞ്ഞവരുടെ എണ്ണം 40,642 ആയി ഉയർന്നു കഴിഞ്ഞു.

സ്വപ്നങ്ങൾ ബാക്കി വെച്ച് ആറ്റ്സുവും യാത്രയായി

നിരവധി സ്വപ്നങ്ങളും താലോലിച്ച്, കാൽപന്ത് ലോകത്തിന്റെ നെറുകയിലെത്താൻ കുതിച്ചോടിയ ക്രിസ്റ്റ്യൻ ആറ്റ്സു യാത്രയാകുമ്പോൾ ഫുട്ബോൾ പ്രേമികൾ കണ്ണീരോടെ വിട നൽകുകയാണ്. ചെൽസിയയുടെയും ന്യു കാസിലിന്റെയും മുൻ താരത്തിന്റെ ഭൗതിക ശരീരം ഇന്നലെ സ്വദേശമായ ഘാനയിലേക്ക് വിമാനമാർഗ്ഗം അയച്ചു. ഭൂകമ്പം നടന്ന ഫെബ്രുവരി 6 മുതൽ ക്രിസ്റ്റ്യൻ ആറ്റ്സുവിനെ കാണാതായിരുന്നു. 12 ദിവസങ്ങൾക്ക് ശേഷം ശനിയാഴ്‌ച്ചയായിരുന്നു അദ്ദേഹത്തിന്റെ നിശ്ചലമായ ശരീരം കൽകൂമ്പാരങ്ങൾക്കിടയിൽ നിന്നും ലഭിച്ചത്.

ആറ്റ്സുവിന്റെ ശരീരം കണ്ടെടുക്കുമ്പോൾ താരത്തിന്റെ മൂത്ത സഹോദരനും സഹോദരിയും സ്ഥലത്ത് ഉണ്ടായിരുന്നതായി ഘാന വിദേശകാര്യ മന്ത്രി പറഞ്ഞു. ഭൂകമ്പം ഉണ്ടാകുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപായി ഘാനയിലേക്ക് മടങ്ങാൻ ആറ്റ്സു തീരുമാനിച്ചിരുന്നതായി ക്ലബ് മാനേജർ പറഞ്ഞു. എന്നാൽ, സൂപ്പർലീഗ് മത്സരത്തിൽ തലേന്ന് നടന്ന കളിയിലെ വിജയം ആഘോഷിക്കുവാൻ സഹ കളിക്കാർക്കൊപ്പം ഒരു ദിവസം കൂടി ചെലവഴിക്കാൻ തീരുമാനിക്കുകയായിരുന്നു പിന്നീട്.

ഭൂകമ്പം നടന്നതിനു ശേഷം ആറ്റ്സുവിനെ രക്ഷപ്പെടുത്തിയതായി വാർത്തകൾ പുറത്തു വന്നിരുന്നു. ചെറിയ പരിക്കുകളോടെ താരം രക്ഷപ്പെടുകയായിരുന്നു എന്നായിരുന്നു വാർത്തകൾ. എന്നാൽ ആറ്റ്സുവിന്റെ ക്ലബ്ബായ ഹാറ്റായ്സ്പോറിന്റെ മാനേജറും ആറ്റ്സുവിന്റെ ഏജന്റും ഈ വാർത്ത തള്ളിക്കളഞ്ഞിരുന്നു. ആറ്റ്സുവിനൊപ്പം താമസിച്ചിരുന്ന ഹറ്റായ്സ്പോർ സ്പോർട്ടിങ് ഡയറക്ടർ തനീർ സാവുത്തിനെ ഇനിയും കണ്ടെത്താനായിട്ടില്ല.