രട്ട ഭൂകമ്പത്തിന്റെ ഞെട്ടൽ ഇനിയും വിട്ടുമാറാത്ത തുർക്കിക്കും സിറിയയ്ക്കും കൂടുതൽ ആശങ്ക നൽകിക്കൊണ്ട് ഇന്നലെ മറ്റൊരു ഭൂകമ്പം കൂടി. ഇന്നലെ ഉണ്ടായ ഭൂകമ്പം റിറ്റ്ച്ചർ സ്‌കെയിലിൽ 6.4 ആയിരുന്നു രേഖപ്പെടുത്തിയത്. ഇതിലും നിരവധി കെട്ടിടങ്ങൾ തകർന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇതുവരെ മൂന്ന് മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടപ്പുണ്ട് എന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു.

ഫെബ്രുവരി 6 ന് ഉണ്ടായ 7.8 തീവ്രതയുള്ള ഭൂകമ്പം ഏറ്റവും വലിയ നാശം വിതച്ച് ഹാറ്റായ് പ്രവിശ്യയിലെ ദെഫ്നെ നഗരത്തിലായിരുന്നു ഇന്നലെ ഭൂകമ്പം അനുഭവപ്പെട്ടത്. സിറിയ, ജോർഡാൻ, ഇസ്രയേൽ എന്നിവിടങ്ങളിലും ഈജിപ്തിലും വരെ ഈ ഭൂകമ്പം അനുഭവപ്പെട്ടു. ഇതിനെ തുടർന്ന് റിഃറ്റ്ച്ചർ സ്‌കെയിലിൽ 5.8 രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും അനുഭവപ്പെട്ടു.

തുർക്കിയിലെ രക്ഷാ പ്രവർത്തകർ വീണ്ടുമൊരു രക്ഷാപ്രവർത്തനം ആരംഭിച്ചപ്പോൾ സിറിയയിൽ നിന്നും തുർക്കിയിലെത്തിയ ആയിരക്കണക്കിന് അഭയാർത്ഥികൾ തങ്ങളുടെ ജന്മദേശത്തേക്ക് മടങ്ങിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളിൽ നിന്നും രക്ഷനേടാൻ അതിർത്തി കടന്ന് അഭയാർത്ഥികളായി എത്തിയവർക്ക് ഭൂകമ്പത്തെ തുടർന്ന് അവരുടെ താമസസ്ഥലങ്ങൾ ഉൾപ്പടെയെല്ലാം നശിച്ചിരുന്നു.

തുർക്കിയിലേക്ക് മടങ്ങി വരുന്നതിനുള്ള സാധ്യത നഷ്ടപ്പെടുത്താതിരിക്കാൻ ആറുമാസം സിറിയയിൽ ബന്ധുക്കൾക്കൊപ്പം കഴിഞ്ഞതിനു ശേഷം തിരികെ എത്താനാണ് പലരും പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. അതേസമയം തുർക്കിയിലെ ജീവിതം ഇനിയൊരിക്കലും പഴയതുപോലെ ആകില്ലെന്നാണ് ഹാക്ക്നിയിൽ നിന്നുള്ള സോളിസ്റ്ററും ബ്രിട്ടീഷ് ടർക്കിഷ് അസ്സേസിയേഷൻ വക്താവുമായ തുർക്കൻ അക്‌ബാസ് പറയുന്നത്. ഫെബ്രുവരി 6 ന് നടന്ന ഭൂകമ്പത്തിൽ തനിക്കും ഏറെ പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടു എന്നും അവർ പറഞ്ഞു.

അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ജീവിതത്തിലേക്ക് തിരികെയെത്തിയത് 261 മണിക്കൂറിന് ശേഷം

ദുരന്ത വാർത്തകൾ മാത്രം പുറത്തു വരുന്ന തുർക്കി-സിറിയ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ നിന്നും ഇടയ്ക്കൊക്കെ, പ്രതീക്ഷകൾ നൽകുന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ഭൂകമ്പമുണ്ടായാൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തുന്നവരിൽ 80 ശതമാനം പേരെയും രക്ഷപ്പെടുത്തുന്നത് ആദ്യ 72 മണിക്കൂറുകളിലാണ് എന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതുകഴിഞ്ഞാൽ, പിന്നെ രക്ഷപ്പെടാനുള്ള സാധ്യത തുലോം കുറവാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

വെള്ളവും ഭക്ഷണവും ഇല്ലാതെ നൂറും നൂറ്റി ഇരുപതും മണിക്കൂറുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുരുങ്ങിക്കിടന്ന് പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ പലരുടെയും അദ്ഭുതകഥകൾ നാം കേട്ടു. കൊച്ചു കുട്ടികൾ വരെയുണ്ടായിരുന്നു അത്തരത്തിൽ അദൃശ്യ കരസ്പർശനമേറ്റ് ജീവിതത്തിലേക്ക് തിരിച്ചു വന്നവരിൽ അതിനിടയിലാണ് 11 ദിവസങ്ങളോളം മണ്ണിനടിയിൽ കുടുങ്ങി പിന്നീട് രക്ഷാപ്രവർത്തകർ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ ഒരാളുടെ കഥ പുറത്തു വരുന്നത്.

മുസ്തഫ ആവ്സി എന്ന 34 കാരനാണ് ഈ അനുഭവം ഉണ്ടായത്. ഭാര്യ ബിൽജി സിസേറിയൻ ശസ്ത്രക്രിയയിലൂടെ ഇയാളുടെ ആദ്യ കുഞ്ഞിന് ജന്മം നൽകി ഏതാനും മണിക്കൂറുകൾക്ക് ശേഷമായിരുന്നു ഭൂകമ്പം ഉണ്ടായത്. അതിന് ഏതാനും നിമിഷങ്ങൾക്ക് മുൻപായിരുന്നു ഇയാൾ ഭാര്യയ്ക്കും കൂട്ടിനിരിക്കുന്ന ഭാര്യാ മാതാവിനും ഭക്ഷണം വാങ്ങുവാനായി പുറത്ത് പോയത്. ഭാര്യയും നവജാത ശിശുവും ഭാര്യാമാതാവും ഇരുന്നിരുന്ന നാലാം നിലയിലെ മുറിക്ക് കാര്യമായ കേടുപാടുകൾ സംഭവിക്കാഞ്ഞതിനാൽ അവർ വലിയ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെടുകയായിരുന്നു.

എന്നാൽ, ആ സമയത്ത് തൊട്ടടുത്ത കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറിൽ ഉണ്ടായിരുന്ന മുസ്തഫ, ആ കെട്ടിടം തകർന്ന് അവശിഷ്ടങ്ങൾക്കടിയിൽ പെട്ടുപോവുകയായിരുന്നു. വൻ ഭൂകമ്പത്തിൽ തന്റെ ഭർത്താവ് മരിച്ചിരിക്കാമെന്ന് ഓർത്ത് ഭാര്യ കണ്ണീർ പൊഴിച്ചു കഴിയുമ്പോൾ, തന്റെ ഭാര്യയ്ക്കും കുഞ്ഞിനും എന്തുപറ്റിയെന്ന ആധിയോടെ മുസ്തഫ മൺകൂനക്കടിയിൽ കഴിഞ്ഞത് നീണ്ട 261 മണിക്കൂർ ആയിരുന്നു.

ഒടുവിൽ ഇയാളെ രക്ഷപ്പെടുത്തുമ്പോൾ നിർജ്ജലീകരണം സംഭവിച്ച് തീർത്തും അവശ നിലയിലായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾ സുഖം പ്രാപിച്ചു വരുന്നതായി അധികൃതർ അറിയിച്ചു. ഇയാൾക്കൊപ്പം മെഹ്‌മെത് അലി എന്നൊരു 26 കാരനേയും രക്ഷപ്പെടുത്തുകയുണ്ടായി.