- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഗോള താപനില 1.5 ഡിഗ്രി സെൽഷ്യസ് കുറയ്ക്കാനുള്ള പാരിസ് ഉച്ചകോടിയിലെ തീരുമാനത്തിൽ ഒരുവിട്ടുവീഴ്ചയും അരുത്; അടുത്ത ഏഴുവർഷത്തിനകം, 500 ഗിഗാ വാട്ട് ക്ലീൻ എനർജി എന്ന ഇന്ത്യയുടെ ലക്ഷ്യം നേടാൻ യുഎഇയുടെ പിന്തുണ; ലോക സുസ്ഥിര വികസന ഉച്ചകോടിയിൽ കോപ്28 നിയുക്ത പ്രസിഡന്റ് ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ
ന്യൂഡൽഹി: ആഗോള താപനില 1.5 ഡിഗ്രി സെൽഷ്യസ് കുറയ്ക്കാനുള്ള പാരിസ് ഉച്ചകോടിയിലെ തീരുമാനം മാറ്റം വരുത്താൻ ആകാത്തതാണെന്ന് കോപ്28 യുഎഇയുടെ നിയുക്ത പ്രസിഡന്റായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ പറഞ്ഞു. ന്യൂഡൽഹിയിൽ ദി എനർജി ആൻഡ് റിസോഴ്‌സസ് ഓഫ് ഇന്ത്യ( ടിഇആർഐ) സംഘടിപ്പിച്ച ലോക സുസ്ഥിര വികസന ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചകോടിയിൽ കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള മികച്ച പ്രവർത്തനത്തിന് അംഗീകാരമായി ടിഇആർഐ ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ ആദ്യത്തെ വിശിഷ്ട ആലംനൈ( പൂർവ വിദ്യാർത്ഥി) പുരസ്‌കാരവും ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ ഏറ്റുവാങ്ങി.
ഡോ സുൽത്താൻ അഹമ്മദ് അൽ ജാബർ നിലവിൽ വ്യവസായ, അഡ്വാൻസ്ഡ് ടെക്‌നോളജി മന്ത്രിയാണ്. കാലാവസ്ഥാ വ്യതിയാനത്തിനായുള്ള പ്രത്യേക ദൂതനായി രണ്ട് തവണ (2010-2016, 2020-ഇന്ന്) സേവനമനുഷ്ഠിച്ചിട്ടുണ്ട്, കൂടാതെ ചരിത്രപ്രസിദ്ധമായ 2015-ലെ കോപ്21 പാരീസ് ഉൾപ്പെടെ പത്തിലധികം കാലാവസ്ഥ ഉച്ചകോടികളിൽ സജീവമായ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. 2010 ൽ മസ്ദറിന്റെ സിഇഒ ആയിരിക്കെ, ഡോ.അൽ ജാബർ ടിഇആർഐ സർവകലാശാലയുടെ സ്ഥാപകൻ ഡോ.രാജേന്ദ്ര പച്ചൗരിയിൽ നിന്ന് ഓണററി ഡോക്ടറേറ്റ് സ്വീകരിച്ചിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ധീരവും പരിവർത്തനാത്മവുമായ സമീപനത്തിന് വിഭവങ്ങൾ സമാഹരിക്കേണ്ടതിന്റെയും, പങ്കാളിത്തങ്ങൾ ഊട്ടിയുറപ്പിക്കേണ്ടതിന്റെയും ആവശ്യകത ഡോ.അൽ ജാബർ ഉച്ചകോടിയിൽ ഊന്നി പറഞ്ഞു. ജി 20 കൂട്ടായ്മയുടെ അദ്ധ്യക്ഷ പദവി ഈ വർഷം അലങ്കരിക്കുന്ന ഇന്ത്യ ഉടൻ തന്നെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറും. ഇന്ത്യയുടെ സുസ്ഥിര വികസനം ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിനാകെ സുപ്രധാനമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഗ്ലാസ്ഗോയിൽ നടന്ന കോപ്പ് 26 ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ 2070 ൽ കാർബൺ ബഹിർഗമനം പൂജ്യത്തിൽ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. 2030നകം ഇന്ത്യയിൽ 50% പുനരുപയോഗ ഊർജം ലഭ്യമാക്കുകയാണു രാജ്യത്തിന്റെ ലക്ഷ്യം. കാർബൺ പുറന്തള്ളൽ 2030 ആവുമ്പോഴേക്കും ഒരു ബില്ല്യൻ ടണ്ണായി കുറയ്ക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അടുത്ത ഏഴുവർഷത്തിനകം പുനരുപയോഗ ഊർജ്ജം 500 ഗിഗാവാട്ട് ആക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യം ശക്തമായ പ്രഖ്യാപനമാണെന്ന് ഡോ.അൽ ജാബർ പറഞ്ഞു. പുനരുപയോഗ ഊർജ്ജത്തിലെ ഏറ്റവും വലിയ നിക്ഷേപകർ എന്ന നിലയിൽ യുഎഇ ഇന്ത്യയുമായി ഈ മേഖലയിൽ പങ്കാളിത്തത്തിനുള്ള സാധ്യതകൾ ആരായുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയെ സുസ്ഥിരവും, സമൃദ്ധവുമായ ഭാവിയിലേക്ക് നയിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യാ സന്ദർശനത്തിനിടെ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അടക്കം കേന്ദ്രമന്ത്രിമാരുമായും, മറ്റുപ്രമുഖരുമായും ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ കൂടിക്കാഴ്ച നടത്തി.
മറുനാടന് മലയാളി ബ്യൂറോ