കൊച്ചി: ഇസ്രയേലിൽ ഉയർന്ന ശമ്പളമാണ്. വീട് ജോലിക്ക് പോലും പ്രതിദിനം ആയിരക്കണക്കിന് രൂപ കിട്ടും. ഇതാണ് ഇസ്രയേലിനെ മലയാളികളിൽ ചിലർക്കെങ്കിലും പ്രിയപ്പെട്ടതാക്കുന്നത്. പ്രായമായവരെ പരിപാലിക്കാനും ശുചീകരണ ജോലികൾക്കും ഇസ്രയേലിൽ ഒട്ടേറെ മലയാളികളുണ്ടെന്നതാണ് വസ്തുത. ഇവിടെ ഇത്തരം ജോലി മലയാളിക്ക് കിട്ടാൻ ബുദ്ധിമുട്ടുമില്ല. ഇതുകൊണ്ടാണ് എങ്ങനേയും ഇസ്രയേലിൽ എത്തി ജീവിതം കരുപിടിപ്പിക്കാൻ മലയാളിയെ പ്രേരിപ്പിക്കുന്നത്. 29 വർഷമായി വിശുദ്ധനാടുകളിലേക്കു സഞ്ചാരികളെ കൊണ്ടുപോകുന്ന സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്‌കോപ്പയുടെ വാക്കുകൾ ഇതിന് തെളിവാണ്.

നിയമപരമായി തൊഴിൽ വീസയിൽ ഇസ്രയേലിലേക്കു പോകാൻ 10-12 ലക്ഷം രൂപ വേണം. മുങ്ങിയാൽ അതിന്റെ ആവശ്യമില്ല. തീർത്ഥാടക ടൂറിസത്തിന്റെ മറവിൽ പണം വാങ്ങി ആളുകളെ കൊണ്ടുപോയി മുക്കുന്ന ആളുകളും ഉണ്ട്. ഇതിനും ലോബികൾ സജീവം. കഴിഞ്ഞ നവംബറിൽ കേരളത്തിൽ നിന്നു പോയ 48 അംഗ സംഘത്തിൽ നിന്നു 16 പേർ ഇതുപോലെ ചാടിപ്പോയി. സംഘത്തിൽ നിന്ന് ആളുകൾ മുങ്ങിയ വിവരം അവിടെ പൊലീസിനെ അറിയിച്ചാലും ഇവിടെ അറിയിച്ചാലും നടപടി ഉണ്ടാവാറില്ല. തീർത്ഥാടകവിസയിൽ ഇസ്രയേലിലെത്തുന്ന മലയാളികൾ സന്ദർശനത്തിടെ അപ്രത്യക്ഷമാവുന്നത് പതിവാണ്.

പാസ്‌പോർട്ട് വാങ്ങി വച്ചാൽ പോലും അതിന്റെ പകർപ്പുമായി എംബസിയിൽ ചെന്നാൽ പുതിയ പാസ്‌പോർട്ട് ലഭിക്കും. അതീവ സുരക്ഷയുള്ള രാജ്യമാണ് ഇസ്രയേൽ എങ്കിലും ഫലസ്തീൻകാരും അവിടെ ദൈനംദിന ജോലികൾ ചെയ്യുന്നുണ്ട്. അതിനാൽ ഇന്ത്യാക്കാർ ജോലിചെയ്യുന്നതിൽ സുരക്ഷാ ഏജൻസികൾക്ക് ആശങ്കയില്ല. ഇതും ഗുണകരമാണ്. ഇന്ത്യാക്കാരെ സൗഹൃദ രാജ്യക്കാരെ പോലെയാണ് കണക്കാക്കുന്നത്. സന്ദർശക വിസ അനുവദിക്കുമ്പോൾ പോലും ഇസ്രയേൽ വരുന്നത് ആരെന്ന് കൃത്യമായി മനസ്സിലാക്കും. അതുകൊണ്ടു തന്നെ മുങ്ങുന്നവർ പ്രശ്‌നക്കാരല്ലെന്ന് അവർ തിരിച്ചറിയുന്നുണ്ട്.

വിമാനത്താവളങ്ങളിലെ ക്ലീനിങ് സ്റ്റാഫിൽ പോലും ഇതുപോലെ മുങ്ങിയ ആളുകൾ ജോലിചെയ്യുന്നുണ്ട്. പരിചരണത്തിനും ക്ലീനിങ്ങിനും മണിക്കൂറിനാണു പണം. ഇത് ഇന്ത്യൻ നിലവാരത്തേക്കാൾ വളരെ ഉയരെയാണ്. ആളുകളെ ആകർഷിക്കുന്നത് ഇതാണ്. ഇസ്രയേൽ കറൻസിക്ക് വില കൂടുതലാണ്. ഇതും കൂടുതൽ തുക മിച്ചം പിടിക്കാൻ മലയാളിക്ക് അവസരമൊരുക്കും. ഇതുകൊണ്ടാണ് മുങ്ങൽ. ഇത് മനസ്സിലാക്കിയാണ് കേരളത്തിന്റെ കർഷക സംഘത്തിലെ അംഗവും നാട്ടിലേക്ക് വരാതെ മുങ്ങിയത്.

താഴെത്തട്ടിലുള്ള ജോലിക്കുപോലും മികച്ച ശമ്പളം കിട്ടുന്നതാണ് ആകർഷണം. വൃദ്ധപരിചരണം, ശുചീകരണം, കൃഷി തുടങ്ങിയ ജോലികളിൽ ഇസ്രയേലിൽ തൊഴിലാളിക്ഷാമമുണ്ട്. ഇത്തരം പണിചെയ്താൽപോലും മാസം ഒന്നരലക്ഷം രൂപവരെ സമ്പാദിക്കാമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. മുങ്ങുന്നവർ ഇന്ത്യൻ പാസ്‌പോർട്ട് ഉപേക്ഷിച്ചശേഷം ഇസ്രയേൽ പൊലീസിന് പിടികൊടുക്കാതെ നടക്കും. തുടക്കത്തിൽ പരിചയക്കാരോടൊപ്പമോമറ്റോ ഒളിവിൽക്കഴിയും. പിന്നീട് ഏതെങ്കിലും വിധത്തിൽ കീഴടങ്ങും. തുടർന്ന് അഭയാർഥിപദവിക്കോ പ്രവാസിപദവിക്കോ ശ്രമംനടത്തും. ഇതിലേതെങ്കിലും സാധ്യമായാൽ തൊഴിലെടുത്ത് ജീവിക്കാം. അനധികൃതകുടിയേറ്റം ഇസ്രയേൽ ഭരണകൂടം ഗൗരവമായി കാണാറുമില്ല. തീർത്ഥാടകസംഘത്തിൽനിന്ന് അപ്രത്യക്ഷമായാൽ പരാതിപോലും എവിടെയും നൽകാറില്ല. പരാതി ലഭിച്ചാൽത്തന്നെ വിദേശകാര്യമന്ത്രാലയത്തിലേക്കും മറ്റുമയച്ച് കൈയൊഴിയുകയാവും സംസ്ഥാന പൊലീസും ചെയ്യുക.

ഇസ്രയേലിലെ കൃഷിരീതികളെക്കുറിച്ച് പഠിക്കാൻപോയ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗികസംഘത്തിൽനിന്ന് കർഷകൻ അപ്രത്യക്ഷമായതോടെയാണ് ഇസ്രേയേൽ ചർച്ച കേരളത്തിൽ സജീവമാകുന്നത്. പിന്നാലെ കേരളത്തിൽനിന്നുള്ള തീർത്ഥാടകസംഘത്തിൽനിന്നുകൂടി ആറുപേരെ കാണാതായി. ഫെബ്രുവരി എട്ടിന് തിരുവനന്തപുരത്തുനിന്നുപോയ സംഘത്തിലെ മൂന്നുപേരെ ഫലസ്തീൻ സന്ദർശിക്കുമ്പോഴാണ് കാണാതാവുന്നതെന്ന് യാത്രയ്ക്ക് നേതൃത്വംനൽകിയ ഫാ. ജോഷ്വ പറയുന്നു. കാണാതായതിൽ അറുപതുവയസ്സ് കഴിഞ്ഞവരുമുണ്ട്.

നാട്ടിലും ഇസ്രയേലിലുമായി പ്രവർത്തിക്കുന്ന ചില രഹസ്യസംഘങ്ങളാണ് ഇത്തരം അനധികൃത കുടിയേറ്റത്തിന് അവസരമൊരുക്കുന്നതെന്നാണ് വിവരം. സന്ദർശകവിസയിൽ വരുന്നവർ അപ്രത്യക്ഷമായാൽ ട്രാവൻ ഏജൻസികളെ ഇസ്രയേൽ ഭരണകൂടം കരിമ്പട്ടികയിൽപ്പെടുത്തും. ഇതുകാരണം പ്രത്യക്ഷത്തിൽ ഏജൻസികളുണ്ടാകില്ല.