തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനിടെ എല്ലാമന്ത്രിമാരുടെയും ഓഫീസുകളിൽ പബ്ലിക് റിലേഷൻസ് ഓഫീസർമാരെ നിയമിക്കാൻ നീക്കം.

വകുപ്പിലെയും മന്ത്രിമാരുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചും സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നൽകാനും വകുപ്പിന്റെ വെബ്സൈറ്റ് കൈകാര്യം ചെയ്യാനുമാണിത്. നിലവിൽ എല്ലാ മന്ത്രിമാരുടെ ഓഫീസിലും മാധ്യമങ്ങളുടെ ഏകോപനത്തിന് ആളുകളുണ്ട്. ഇവരിൽ പലരും മന്ത്രിയുടെ ഇഷ്ടക്കാരായി പേഴ്‌സണൽ സ്റ്റാഫിൽ എത്തുന്നവരാണ്. ഇവർക്ക് രണ്ടരക്കൊല്ലം കഴിഞ്ഞാൽ പെൻഷനും കിട്ടും.

അങ്ങനെ മിക്കവാറും മന്ത്രിമാരുടെ കൂടെ പഴയ മാധ്യമ പ്രവർത്തകർ ജോലി ചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് പബ്ലിക് റിലേഷൻസ് ഓഫീസർമാരെ നിയമിക്കാൻ നീക്കംയ ഇവരെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് പൊതുഭരണവകുപ്പിന്റെ ഫയൽ ധനവകുപ്പിന്റെ പരിഗണനയിലാണ്. മന്ത്രിമാരുടെ ഓഫീസുകളിൽ നിയമിക്കപ്പെടുന്ന പി.ആർ.ഒ.മാരുടെ വേതനം പി.ആർ.ഡി. നൽകണമെന്നാണ് ഫയലിലെ നിർദ്ദേശം. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. ഇതിന് വേണ്ടി കൂടുതൽ തസ്തിക സൃഷ്ടിക്കുമോ എന്നതും വ്യക്തമല്ല. ധനവകുപ്പ് ഇതിൽ അന്തിമതീരുമാനമെടുത്തിട്ടില്ല.

മിക്കമന്ത്രിമാർക്കും പൊതുപരിപാടികളും വകുപ്പിന്റെ പ്രവർത്തനങ്ങളും മാധ്യമങ്ങളെ അറിയിക്കാൻ ഓഫീസ് ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാരുടെയും സർക്കാർ പരിപാടികളുടെയും ഓഫീസിലെ മറ്റു വാർത്തകളും നൽകാൻ പബ്ലിക് റിലേഷൻസ് വകുപ്പും പ്രവർത്തിക്കുന്നുണ്ട്. വനം, തൊഴിൽ, കൃഷി തുടങ്ങിയ വകുപ്പുകൾക്ക് പ്രത്യേകം പി.ആർ. വിഭാഗങ്ങളുമുണ്ട്. ഇതുകൂടാതെയാണ് അധികച്ചെലവിന് വഴിവെക്കുംവിധം നിയമനം നടത്താനുള്ള നീക്കം. പിൻവാതിലിലൂടെ കൂടുതൽ പേരെ സർക്കാർ സർവ്വീസിൽ എടുക്കാനാണ് ഇതെല്ലാം.

പ്രസ് സെക്രട്ടറി, പി.ആർ.ഡി. ജീവനക്കാർ എന്നിവരെക്കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ ഹാൻഡിലുകൾ കൈകാര്യംചെയ്യാൻ 12 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുമുണ്ട്. ഇവരുടെ വേതനവും സാങ്കേതികസൗകര്യങ്ങളും നൽകുന്നത് പി.ആർ.ഡി.യാണ്. ഇതേ മാതൃകയിൽ പിൻവാതിൽ നിയമനങ്ങൾക്കാണ് പുതിയ നീക്കം. ജേർണലിസം പഠിച്ച സൈബർ സഖാക്കൾക്ക് സർക്കാർ ഖജനാവിൽ നിന്നും പണം നൽകുകയാണ് ലക്ഷ്യം.