- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മനസ്സിൽ ആഴത്തിലുള്ള അസ്വസ്ഥത; കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നു'; അന്നത്തെ വയനാട് സന്ദർശനത്തിനിടെ ഷരീഫുമായി ഇടപെടാൻ സാധിച്ചു; വയനാട്ടിലെ വാഹനാപകടത്തിൽ മരിച്ച ഓട്ടോ ഡ്രൈവറെ ഓർത്തെടുത്ത് രാഹുൽ ഗാന്ധി; 2021ലെ ഫോട്ടോ പങ്കുവച്ച് വൈകാരിക കുറിപ്പുമായി വയനാട് എം പി
കൽപ്പറ്റ : വയനാട് മുട്ടിൽ വാര്യാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഓട്ടോഡ്രൈവറും യാത്രക്കാരിയും മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി എംപി. അപകടത്തിൽ മരിച്ച ഷെരീഫിന്റെയും അമ്മിണിയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും രാഹുൽ കുറിച്ചു.
ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുൽ അപകടത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ വി.വി ഷെരീഫിനെ അനുസ്മരിച്ചത്. വയനാട് സന്ദർശനത്തിനിടെ ഷെരീഫിന്റെ ഓട്ടോയിൽ കയറിയതിന്റെയും സംസാരിച്ചതിന്റെയും ഓർമ്മകൾ അദ്ദേഹം കുറിപ്പിലൂടെ പങ്കുവെച്ചു.
അപകടത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ ഷരീഫുമായി രാഹുൽ ഗാന്ധി വയനാട് സന്ദർശന വേളയിൽ സംവദിച്ചിരുന്നു. ഷരീഫിനോടൊപ്പം 2021 ഏപ്രിലിൽ എടുത്ത ഫോട്ടോ പങ്കുവച്ചാണ് ഫേസ്‌ബുക്കിലൂടെ വേദന അറിയിച്ച് രാഹുൽ രംഗത്തെത്തിയത്.
മനസ്സിൽ വലിയ അസ്വസ്ഥത ഉണ്ടാക്കുന്നതാണ് വയനാട്ടിൽ നിന്നുള്ള ഭീകരമായ അപകട വാർത്തയെന്നും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വയനാട് എം പി കൂടിയായ രാഹുൽ കുറിച്ചു. ഷരീഫുമായി സംവദിക്കാനായത് വലിയ പ്രചോദനമാണ് നൽകിയതെന്നും രാഹുൽ ഓർമ്മിച്ചു. കോൺഗ്രസ് പ്ലീനറി സമ്മേളത്തിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധി റായ്പൂരിലാണുള്ളത്.
കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഓട്ടോ ഡ്രൈവറായ ഷരീഫും യാത്രക്കാരിയായ അമ്മിണിയും മരിച്ചത്. അപകടത്തിൽ, ഓട്ടോയിലെ മറ്റൊരു യാത്രക്കാരിയും എടപ്പെട്ടി ചുള്ളിമൂല കോളനി നിവാസിയുമായ ശാരദയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാർക്കിങ് സ്ഥലത്തു നിന്ന് റോഡിലേക്ക് ഇറങ്ങുകയായിരുന്ന കാറിൽതട്ടി നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ എതിർ ദിശയിൽ നിന്നും വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് ഒരു കാറിലും ബൈക്കിലും ഇടിച്ചു. പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ശ്രീജിത്തിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കെ എസ് ആർ ടി സി ബസ് അമിത വേഗതയിലാണ് എത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മുട്ടിൽ വാര്യാട് ഇതിന് മുൻപും നിരവധി വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഈയിടെ സ്ഥലത്ത് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിരുന്നു.
രാഹുൽ ഗാന്ധിയുടെ കുറിപ്പ്
വയനാട്ടിൽ വാഹനാപകടമുണ്ടായ വാർത്ത വളരെ വിഷമമുണ്ടാക്കുന്നു. അപകടത്തിൽ മരിച്ച വി.വി.ഷരീഫ്, അമ്മിണി എന്നിവരുടെ കുടുംബങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. മനസ്സിൽ വലിയ അസ്വസ്ഥത ഉണ്ടാക്കുന്നതാണ് വയനാട്ടിൽ നിന്നുള്ള ഭീകരമായ അപകട വാർത്തയെന്നും ദുഃഖത്തിൽ പങ്കുചേരുന്നു.
പരുക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ. 2021 ഏപ്രിലിൽ വയനാട്ടിൽ സന്ദർശനം നടത്തുന്നതിനിടെ ഷരീഫുമായി ഇടപെടാൻ സാധിച്ചു.
അദ്ദേഹത്തിന്റെ മനുഷ്യത്വവും അറിവും തൊഴിലാളികളെക്കുറിച്ചും അവരുടെ പ്രതിസന്ധികളെക്കുറിച്ചും അവബോധം ഉണ്ടാക്കാൻ സാധിച്ചു. അദ്ദേഹത്തിന്റെ അക്ഷീണ പ്രയത്‌നം തനിക്ക് പ്രചോദനമാണ്.
മറുനാടന് മലയാളി ബ്യൂറോ