- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമിലയുടെ ആദ്യ വിവാഹത്തിലെ അഞ്ചു കൊച്ചു മക്കളെയും കിരീടധാരണ ചടങ്ങിൽ മുഖ്യ റോൾ കൊടുത്ത് അണിനിരത്തും; ഔദ്യോഗികമായി ചാൾസ് ചുമതലയേറ്റാൽ കാമില രാജ്ഞിയെന്ന് വിളിക്കപ്പെടും: ഡയാനയുടെ ശത്രു അധികാരം പിടിക്കുമ്പോൾ
ലണ്ടൻ: ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിന്റെ വിശേഷങ്ങളാണ് രാജഭക്തരെ തേടി ഓരോ ദിവസവും എത്തുന്നത്. കഴിഞ്ഞ ദിവസം ഹാരിയുടെ വരവ് സംബന്ധിച്ചുള്ള വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ ഇപ്പോഴിതാ, കാമിലയുടെ ആദ്യ വിവാഹത്തിലെ അഞ്ചു കൊച്ചു മക്കളെയും കിരീടധാരണ ചടങ്ങിൽ ഉൾപ്പെടുത്തുവെന്ന വാർത്തയാണ് ശ്രദ്ധ നേടുന്നത്. അപൂർവ്വമായി മാത്രമെ കാമിലയുടെ കൊച്ചുമക്കളുടെ ചിത്രങ്ങൾ പുറത്തു വന്നിട്ടുള്ളൂ. അതുകൊണ്ടു തന്നെ വില്യമിന്റെയും കെയ്റ്റിന്റെയും മകൻ ജോർജ്ജ് രാജകുമാരനും മറ്റു മക്കൾക്കും ഒപ്പം മുഖ്യസ്ഥാനത്ത് കാമിലയുടെ കൊച്ചുമക്കളും ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ട്.
രാജകുടുംബത്തിലെ പുതിയ തലമുറയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്ന ചടങ്ങു കൂടിയായിരിക്കും ചാൾസിന്റെ കിരീടധാരണം. മുൻപ് അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്ത കാമിലയുടെ കൊച്ചു മക്കളെയും ചടങ്ങിൽ ഉൾപ്പെടുത്താനുള്ള ചാൾസിന്റെ നീക്കത്തെ ധീരമായ തീരുമാനമായാണ് രാജവിദഗ്ദ്ധർ വിലയിരുത്തുന്നത്. മെയ് ആറിന് വെസ്റ്റ്മിൻസ്റ്റർ ആബിയിലാണ് കിരീടധാരണ ചടങ്ങ് നടക്കുക. കാമിലയുടെ കൊച്ചുമക്കളെ കൂടി ഉൾപ്പെടുത്തുന്നതിലൂടെ അവരുമായുള്ള അടുപ്പത്തെ കൂടി വെളിവാക്കുന്നതായിരിക്കും കിരീടധാരണ പരിപാടി.
75 വയസ്സുള്ള കാമിലയ്ക്ക് അഞ്ച് പേരക്കുട്ടികളാണുള്ളത്. മകൻ ടോം പാർക്കർ ബൗൾസിന് ലോല, 15, ഫ്രെഡി (13) എന്നീ രണ്ട് മക്കളുണ്ട്, മകൾ ലോറ ലോപ്സിന് എലിസ (15), ഇരട്ടകളായ ലൂയിസ്, ഗസ് (13) എന്നിങ്ങനെ മൂന്നു മക്കളുമുണ്ട്. ചാൾസിന്റെയും കാമിലയുടെയും ധീരമായ തീരുമാനമായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്. ഒരു മിശ്രിത കുടുംബമായി എല്ലാവിധ ബഹുമാനങ്ങളോടെയും ആദരവോടെയുമാണ് കാമിലയുടെ കുടുംബത്തെയും ചടങ്ങിലേക്ക് ആനയിക്കുക.
അതേസമയം, ഭാവി രാജാവ് എന്ന നിലയിൽ ജോർജ്ജ് രാജകുമാരന് പ്രത്യേക സ്ഥാനം തന്നെ ഉണ്ടായിരിക്കും. ആ തരത്തിൽ തന്നെ ജോർജ്ജിനെ അവതരിപ്പിക്കപ്പെടണമെന്ന് രാജാവിനും കാമിലയ്ക്കും താൽപ്പര്യമുണ്ടെന്നും അത് ഉടൻ ചർച്ച ചെയ്യാൻ വില്യമിനെയും കെയ്റ്റിനെയും കാണുമെന്നും റിപ്പോർട്ടുണ്ട്. ഇക്കാര്യത്തിൽ അതീവ ശ്രദ്ധയാണ് വില്യമും കെയ്റ്റും നൽകുന്നതും.
കാമിലയുടെ കൊച്ചുമക്കളെ ഉൾപ്പെടുത്താനുള്ള നീക്കം രാജകുടുംബത്തിന്റെ ഉൾക്കൊള്ളലിന്റെ ഭാഗമാണെന്നാണ് രാജകീയ ചരിത്രകാരനും കിരീടധാരണം: ദി ക്രൗണിങ് ഓഫ് എലിസബത്ത് കകന്റെ രചയിതാവുമായ ഹ്യൂഗോ വിക്കേഴ്‌സ് പറഞ്ഞിരിക്കുന്നത്. ജോർജിനെ കൊണ്ടുവരാനുള്ള തീരുമാനം ഭാവിയെ പ്രതീകപ്പെടുത്തുന്നതിനുള്ള ശരിയായ സൂചനകൾ നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് ചടങ്ങുകളിലും, യുവ അവകാശികൾ സഭയിൽ നിന്ന് ചടങ്ങുകളെല്ലാം വീക്ഷിച്ചിരുന്നു.
രാജ്ഞിയാകാൻ തയ്യാറെടുത്ത് കാമില
2005ലാണ് ചാൾസ് രാജകുമാരനും കാമിലയും വിവാഹം കഴിച്ചത്. അന്ന് കാമില രാജ്ഞിയുടെ കിരീടം നേടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ചാൾസിന്റെ കിരീടധാരണത്തിന് രണ്ടും മാസം മാത്രം ബാക്കിനിൽക്കെ രാജ്ഞിയാകാനുള്ള തയ്യാറെടുപ്പിലാണ് കാമില. ഇതിന്റെ ഭാഗമായി ഡച്ചസ് ഓഫ് കോൺവാളിന്റെ റീഡിങ് റൂം എന്നറിയപ്പെട്ടിരുന്ന കാമിലയുടെ ചാരിറ്റി ക്വീൻസ് റീഡിങ് റൂം എന്നാക്കി മാറ്റി പുനർനാമകരണം ചെയ്തത് ഈ ഉദ്ദേശ്യത്തിന്റെ സൂചനയാണെന്നാണ് കരുതപ്പെടുന്നത്.
മാത്രമല്ല, പ്ലാറ്റിനം ജൂബിലി ആഘോഷ വേളയിൽ കാമില രാജ്ഞിയായി മാറണമെന്ന എലിസബത്ത് രാജ്ഞി ഉത്തരവ് ഭേദഗതി ചെയ്യുകയും ചെയ്തിട്ടുണ്ട്. തന്റെ മരണശേഷം കാമില തന്റെ വിശ്വസ്ത സേവനം തുടരുന്നതിനാൽ രാജ്ഞിയായി അറിയപ്പെടണമെന്നാണ് എന്റെ ആത്മാർത്ഥമായ ആഗ്രഹം എന്നും എലിസബത്ത് രാജ്ഞി കുറിച്ചിരുന്നു. മാത്രമല്ല, കാമിലയെ കറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായം മികച്ചതാകുന്നത് രാജ്ഞി പദവിയിലേക്കുള്ള യാത്ര എളുപ്പമാക്കിയതായും കൊട്ടാര വൃത്തങ്ങൾ പറയുന്നു.
മറുനാടന് ഡെസ്ക്