ബെയ്ജിങ്: അമേരിക്കയുടെ ആകാശത്ത് ചാരപ്രവർത്തനത്തിനെന്ന് സംശയിക്കുന്ന ചൈനീസ് ബലൂൺ വെടിവെച്ചിട്ടതിന് പിന്നാലെ ഇരു രാജ്യങ്ങൾ തമ്മിലുള്ള ആകാശപ്പോര് മുറുകുന്നതായി റിപ്പോർട്ട്. ദക്ഷിണ ചൈനാ കടലിൽ പ്രവേശിച്ച അമേരിക്കൻ സൈനിക നിരീക്ഷണ വിമാനത്തിന് ചൈനയുടെ വ്യോമാതിർത്തിയിൽ നിന്നും പിന്തിരിയാൻ മുന്നറിയിപ്പ് നൽകി പീപ്പിൾസ് ലിബറേഷൻ ആർമിയുടെ റേഡിയോ സന്ദേശം ലഭിച്ചതായി അമേരിക്കൻ ചാരവിമാനത്തിന്റെ പൈലറ്റായ ലഫ്റ്റനന്റ് നിക്കി സ്ലോട്ടർ സ്ഥിരീകരിച്ചു.



ചൈനയുടെ വ്യോമാതിർത്തിയിൽ നിന്നും 30 മൈൽ അകലെ എത്തിയ ഒരു അമേരിക്കൻ സൈനിക നിരീക്ഷണ വിമാനത്തിനെ പിന്തുടർന്നാണ് ചൈനീസ് ഫൈറ്റർ ജെറ്റിലൂടെ മുന്നറിയിപ്പ് നൽകിയത്. ദക്ഷിണ ചൈനാ കടലിൽ വിന്യസിച്ച ഗൈഡഡ്-മിസൈൽ ഡിസ്‌ട്രോയർ യുദ്ധക്കപ്പലിലൂടെയാണ് ചൈന പ്രതിരോധം തീർത്തത്. അമേരിക്കൻ ചാരവിമാനത്തിന് പ്രതിരോധം തീർത്തുകൊണ്ടുള്ള ചൈനീസ് ഫൈറ്റർ ജറ്റിന്റെ ഇടപെടലിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) യിൽ നിന്നുള്ളതെന്ന് അവകാശപ്പെടുന്ന ശബ്ദ സന്ദേശത്തിലൂടെയാണ് അമേരിക്കൻ ചാരവിമാനത്തിന് മുന്നറിയിപ്പ് നൽകിയത്. 'അമേരിക്കൻ വിമാനം നിലവിൽ ചൈനയുടെ വ്യോമാതിർത്തിയുടെ 12 നോട്ടിക്കൽ മൈൽ അകലെയാണ്. ചൈനയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചാൽ അതിന്റെ എല്ലാ ഉത്തരവാദിത്തവും നിങ്ങൾ വഹിക്കേണ്ടി വരും എന്നായിരുന്നു സന്ദേശം.



ദക്ഷിണ ചൈനാ കടലിലെ തർക്കമുള്ള പാരസൽ ദ്വീപിൽ നിന്നും 30 മൈൽ അകലെ എത്തിയ അമേരിക്കൻ വിമാനത്തിനാണ് ചൈനീസ് സൈന്യം തങ്ങളുടെ അധികാരപരിധിക്ക് പുറത്തുള്ള പ്രദേശം സംരക്ഷിക്കുന്നതിനായി പ്രതിരോധം തീർത്തത്. ഒരു ബോയിങ് 737-ന് സമാനമായ അമേരിക്കൻ വിമാനം പറത്തുകയായിരുന്ന ലഫ്റ്റനന്റ് നിക്കി സ്ലോട്ടർ, എയർ-ടു-എയർ മിസൈലുകളാൽ സായുധരായ ഒരു ചൈനീസ് ജെറ്റ് പ്രതിരോധം തീർത്ത് ഉയർന്നുവന്നതുപോലെ കണ്ടതായി പ്രതികരിച്ചു. പൈലറ്റിന്റെ ഹെൽമെറ്റിലും വിമാനത്തിന്റെ വശത്തും ചൈനീസ് സൈനിക ചിഹ്നമായ ചുവന്ന നക്ഷത്രങ്ങൾ കണ്ടതായും നിക്കി സ്ലോട്ടർ വെളിപ്പെടുത്തി. ചൈനീസ് പൈലറ്റ് 500 അടി അകലെ നിന്ന് 15 മിനിറ്റോളം അമേരിക്കൻ വിമാനത്തെ പിന്തുടർന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിന്റെ വ്യക്തമായ സൂചനയായാണ് ചൈനയുടെ നീക്കത്തെ വിലയിരുത്തതുന്നത്.

പീപ്പിൾസ് ലിബറേഷൻ ആർമിയിൽ നിന്നും കൂടുതൽ മുന്നറിയിപ്പുകൾ ലഭിക്കുന്നതിന് വേണ്ടി അമേരിക്കൻ വിമാനം 1,000 അടിയിലേക്ക് താഴ്ന്നു പറന്നതായാണ് റിപ്പോർട്ട്. അതേ സമയം 'യുഎസ് വിമാനം. ഇത് ചൈനീസ് നാവികസേനയുടെ യുദ്ധക്കപ്പൽ 173. താഴ്ന്ന ഉയരത്തിൽ സമീപിക്കുന്നു. നിങ്ങളുടെ ഉദ്ദേശം വ്യക്തമാക്കുക,' റേഡിയോയിലൂടെ ചൈനീസ് ഉച്ചാരണത്തിലുള്ള ഒരു ശബ്ദം ഇംഗ്ലീഷിൽ കേട്ടതായാണ് ലഫ്റ്റനന്റ് നിക്കി സ്ലോട്ടർ വെളിപ്പെടുത്തിയത്. യുഎസ് വിമാനം കപ്പലിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുമെന്ന് ലെഫ്റ്റനന്റ് സ്ലോട്ടർ മറുപടി നൽകി. ഇത് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സൈനിക വിമാനമാണ്. നിങ്ങളുടെ യൂണിറ്റിൽ നിന്ന് ഞാൻ സുരക്ഷിതമായ അകലം പാലിക്കും,' എന്ന് സ്ലോട്ടർ വീണ്ടും മറുപടി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.


ഏതാനും വർഷങ്ങളായി പാരസെൽസ് പോലുള്ള ദ്വീപുകളെച്ചൊല്ലി ചൈന, ഫിലിപ്പീൻസ്, വിയറ്റ്‌നാം, മലേഷ്യ, ബ്രൂണൈ, തായ്വാൻ എന്നീ രാജ്യങ്ങൾ തമ്മിൽ ദക്ഷിണ ചൈനാ കടലിൽ അധികാരത്തർക്കം നിലനിൽക്കുകയാണ്. മത്സ്യം, എണ്ണ, വാതകം എന്നിവയുൾപ്പെടെയുള്ള സുപ്രധാന വിഭവങ്ങൾ ഈ മേഖലയിലുണ്ട്, ആഗോള ഷിപ്പിംഗിന്റെ ഏകദേശം മൂന്നിലൊന്ന് ഈ മേഖല കേന്ദ്രീകരിച്ചാണ്. 2016-ൽ ഏകദേശം 3.4 ട്രില്യൺ ഡോളർ മൂല്യമുള്ള ചരക്കുഗതാഗതം പ്രദേശത്തുകൂടിയായിരുന്നു.

ചൈന പ്രദേശത്തെ മുഴുവൻ കടലിന്മേലും ചരിത്രപരമായ അധികാരപരിധി അവകാശപ്പെടുന്നത് ഇപ്പോഴും തുടരുകയാണ്. കൂടാതെ മിസൈലുകൾ, റൺവേകൾ, ആയുധ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് 2014 മുതൽ കൃത്രിമ ദ്വീപുകൾ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ചൈന. ദ്വീപുകളിൽ സിവിലിയൻ ജനവിഭാഗങ്ങൾ വസിക്കുന്നു,. തന്ത്രപരമായ ആവശ്യങ്ങൾക്കും പ്രദേശത്തിന്റെ സൈനിക ആധിപത്യവുമാണ് ചൈന ലക്ഷ്യമിടുന്നത്. ദ്വീപുകൾക്ക് ചുറ്റും 12 നോട്ടിക്കൽ മൈൽ വ്യോമാതിർത്തി ഉണ്ടെന്ന് ചൈന അവകാശപ്പെട്ട ദ്വീപുകളിൽ ഏകദേശം 1,400 ചൈനീസ് സൈനികർ ജോലി ചെയ്യുന്നുണ്ടെന്നാണ് അവകാശവാദം. എന്നാൽ അമേരിക്ക ഇത് അംഗീകരിച്ചിട്ടില്ല



അമേരിക്കയുടെ ആകാശത്ത് ചാരപ്രവർത്തനത്തിനെന്ന് സംശയിക്കുന്ന ചൈനീസ് ബലൂൺ വെടിവെച്ചിട്ടതിനെ തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിൽ ഭിന്നത രൂക്ഷമായിരുന്നു. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നടത്താനിരുന്ന ചൈന സന്ദർശനം റദ്ദാക്കിയിരുന്നു അതേസമയം കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ബലൂൺ ദിശതെറ്റി അമേരിക്കയുടെ വ്യോമ പരിധിയിലെത്തിയതാണെന്നായിരുന്നു ചൈനയുടെ വിശദീകരണം.

അമേരിക്കയുടെ പ്രധാന സൈനിക കേന്ദ്രങ്ങളുടെ രഹസ്യം ചോർത്താനാണ് ചൈന ബലൂൺ അയച്ചതെന്ന് ആരോപണമുണ്ടായിരുന്നു. യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് ബലൂണിനെ വീഴ്‌ത്തിയത്. സമുദ്രത്തിലാണ് ബലൂൺ പതിച്ചത്.



ബലൂൺ വെടിവെച്ചിടുമ്പോൾ മൂന്നോളം എയർപോർട്ടുകൾ അടച്ചിടുകയും ഭാഗികമായി വ്യോമഗതാഗതത്തിന് നിരോധനമേർപ്പെടുത്തുകയും ചെയ്തിരുന്നു. എഫ് 22 ജെറ്റ് ഫൈറ്ററാണ് ബലൂൺ വെടിവെച്ചിടാൻ ഉപയോഗിച്ചത്. യു.എസ് സമുദ്ര തീരത്ത് നിന്ന് ആറ് നോട്ടിക്കൽ മൈൽ അകലെയാണ് ബലൂൺ വീണത്. സൗത്ത് കരോലിനക്ക് സമീപമുള്ള സമുദ്രഭാഗത്താണ് ബലൂൺ പതിച്ചത്

യു.എസ് ആകാശത്ത് ചൈനയുടെ ചാരബലൂൺ കണ്ടെത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങൾ വഷളാക്കിയിരുന്നു. ഇതേതുടർന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ചൈനീസ് സന്ദർശനം റദ്ദാക്കുകയും ചെയ്തിരുന്നു.