ടെൽഅവീവ്: ആധുനിക കൃഷിരീതികൾ പഠിക്കാൻ സംസ്ഥാന സർക്കാർ ഇസ്രയേലിലേക്ക് അയച്ച സംഘത്തിൽനിന്ന് മുങ്ങിയ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയത് ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ്. ബെത്ലഹേം കാണാനാണ് ബിജു പോയതെന്നാണ് കുടുംബം നൽകുന്ന വിശദീകരണം. ഇത് തെറ്റാണെന്ന് തെളിയുകയാണ്. ഇയാളെ നാട്ടിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. ഇന്ത്യൻ എംബിസി തന്നെ ഇക്കാര്യം ഔദ്യോഗികമായി സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

ഇസ്രയേൽ ഇന്റർപോളാണ് ബിജുവിനെ പിടികൂടിയ വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചത്. എവിടെനിന്നാണ് കണ്ടെത്തിയതെന്ന വിവരം പുറത്തുവന്നിട്ടില്ല. ബിജുവിനെ കണ്ടെത്തി തിരിച്ചയച്ച വിവരം ഇന്ത്യൻ അംബാസഡർ രാജീവ് ബോഗേഡെ സംസ്ഥാന കൃഷി വകുപ്പ് സെക്രട്ടറി ബി. അശോകിനെ അറിയിക്കുകയും ചെയ്തു. ഇന്ത്യൻ സമയം വൈകീട്ട് നാലോടെയാണ് ബിജു കുര്യനെ ഇസ്രയേൽ അധികൃതർ ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. തെൽഅവീവ് വിമാനത്താവളത്തിൽനിന്നാണ് യാത്ര തിരിച്ചിരിക്കുന്നത്. നാളെ പുലർച്ചെ നാലിന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങുമെന്നാണ് വിവരം. ബിജു കുര്യന്റെ ബെത്‌ലഹേം കഥ തെറ്റാണെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് യഥാർത്ഥ വസ്തുത പുറത്തു വരുന്നത്.

ബെത്ലഹേം കാണാനാണ് ബിജു സംഘത്തിൽനിന്ന് മുങ്ങിയതെന്നാണ് സഹോദരൻ ബെന്നി പറയുന്നത്. ഇയാളെ സഹായിക്കരുതെന്ന് നേരത്തെ ഇന്ത്യൻ എംബസി ഇസ്രയേലിലുള്ള മലയാളികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടൊപ്പം നയതന്ത്രതലത്തിൽ സമ്മർദം ശക്തമാക്കിയതോടെ രക്ഷയില്ലാതായി. ഒടുവിൽ മൊസാദിന്റെ വലയിൽ അകപ്പെടുകയും ചെയ്തു. മൊസാദിന്റെ ഇടപെടൽ തിരിച്ചറിഞ്ഞതോടെ ഭയപ്പാടിലായ ബിജു കുര്യൻ ചില ഇടപെടലുകൾ നടത്തിയിരുന്നു. നാണക്കേട് ഒഴിവാക്കാൻ പുതിയ കഥയും മെനഞ്ഞു. ഇങ്ങനെ മൊസാദ് കണ്ടെത്തി അയയ്ക്കുന്ന ബിജുവിനെയാണ് സംസ്ഥാന സർക്കാർ നടപടി എടുക്കില്ലെന്ന് പ്രഖ്യാപിച്ച് വെറുതെ വിടുന്നത്.

ഫെബ്രുവരി 12നാണ് ഇസ്രയേലിലെ ആധുനിക കൃഷിരീതി പഠിക്കാനായി ഒരു സംഘത്തെ സംസ്ഥാന കൃഷിവകുപ്പ് അയച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 27 കർഷകരാണ് സംഘത്തിലുണ്ടായിരുന്നത്. അതിനിടെയാണ് 17ന് സംഘത്തിലുണ്ടായിരുന്ന ബിജു കുര്യനെ കാണാതായത്. ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ സംഘത്തിൽനിന്ന് ബിജു മുങ്ങുകയായിരുന്നു. ഇവർ താമസിച്ചിരുന്ന ഹോട്ടലിൽനിന്ന് മറ്റൊരിടത്തേക്ക് ഭക്ഷണം കഴിക്കാനായി പുറപ്പെട്ടതായിരുന്നു. ഈ സമയത്താണ് ഇയാളെ കാണാതായത്. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈവശംവച്ചായിരുന്നു മുങ്ങിയത്. തുടർന്ന് മലയാളി സംഘം വിവരം ഇസ്രയേൽ പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും ബിജുവിനെ കണ്ടെത്താനായില്ല. ഇതിനിടെ താൻ സുരക്ഷിതനാണെന്ന് ബിജു ഭാര്യയ്ക്ക് മെസേജ് അയക്കുകയും ചെയ്തിരുന്നു. ഇതോടെ ബോധപൂർവം മുങ്ങിയതാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് പിന്നീട് വ്യക്തമാക്കി. ഇയാൾക്കെതിരെ നിയമനടപടി ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനിടെയാണ് പുതിയ കഥയുമായി കുടുംബം എത്തിയത്. പ്രതികാര നടപടിയൊന്നും ഉണ്ടാകില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. പ്രസാദ് മടങ്ങിയെത്തുന്നത് സർക്കാരിനും ആശ്വാസമാണ്. അതുകൊണ്ട് തന്നെ മൊസാദിന്റെ ഇപടെൽ പുറത്തു വിട്ടില്ല.

ബിജു മുങ്ങിയതോടെ കൃഷി മന്ത്രി ശക്തമായ നിലപാട് എടുത്തു. കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന് കത്തയച്ചു. ഇന്ത്യൻ എംബസിയും ഇടപെട്ടു. ബിജുവിനെ സഹായിക്കുന്നവർക്കെതിരേയും നടപടിയുണ്ടാകുമെന്ന് വിശദീകരിച്ചു. ഇതോടെ ബിജുവിന്റെ മുങ്ങൽ വലിയ നയതന്ത്ര വിഷയമായി മാറി. ഇസ്രയേൽ സംവിധാനവും ബിജുവിനെ കണ്ടെത്താൻ നീക്കം തുടങ്ങി. ഇസ്രയേലിലെ കുടിയേറ്റം എളുപ്പമാണ്. ഇന്ത്യയുടെ സൗഹൃദ രാജ്യമായതു കൊണ്ടു തന്നെ മുങ്ങിയ ബിജുവിനെ ഇസ്രയേൽ അംഗീകരിക്കില്ലെന്ന സ്ഥിതി വന്നു. ഇതിനിടെ ബിജുവിനെ കണ്ടെത്തുകയും ചെയ്തു.

കണ്ണൂരിലെ ചില നേതാക്കളും ഒത്തുതീർപ്പിന് വേണ്ടി ശ്രമിച്ചു. കർഷകനായ ബിജുവിന് കേരളത്തിൽ നിന്ന് രക്ഷപ്പെടാനായി ഇസ്രയേലിൽ എത്തി മുങ്ങേണ്ടി വന്നു എന്ന തരത്തിൽ പ്രചരണമുണ്ടായി. കൃഷിക്കാർക്ക് കേരളത്തിൽ രക്ഷയില്ലെന്ന പ്രതിപക്ഷ പ്രചരണവും എത്തി. ഇതോടെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കാൻ ശ്രമം തുടങ്ങി. ബിജുവിന് ഇസ്രയേലിൽ സഹായിക്കാനും ആളില്ലാ അവസ്ഥ വന്നു. ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പായിരുന്നു ഇതിന് കാരണം. ഇതോടെ നാട്ടിലേക്ക് മടങ്ങാൻ ബിജുവും തീരുമാനിച്ചു. അതിനിടെയാണ് മൊസാദിന്റെ പിടിയിലായത്.

തീർത്ഥാടനമെന്ന വിശദീകരണവും എത്തി. ഇസ്രയേലിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനാണ് കർഷക സംഘത്തിൽനിന്നും മുങ്ങിയതെന്നാണ് വരുത്തി തീർക്കാൻ ശ്രമിച്ചത്. പഠന സംഘത്തിൽനിന്നും മുങ്ങിയ ബിജു ആദ്യം ജറുശലേം സന്ദർശിച്ചു. പിന്നീട് ബെത്‌ലഹേമിൽ ഒരു ദിവസം ചെലവഴിച്ച ശേഷം തിരികെ കേരള സംഘത്തോടൊപ്പം ചേരാനായിരുന്നു പദ്ധതിയെന്നായിരുന്നു വിശദീകരണം. എന്നാൽ കാണാതായി എന്ന വാർത്ത വന്നപ്പോൾ ബിജു തന്നെ കുറിച്ച ആശങ്കപ്പെടേണ്ടെന്നാണ് വീട്ടിൽ വിളിച്ച് അറിയിച്ചത്.

പിന്നീട് ബിജുവിനെ കൂടാതെ സംഘം കേരളത്തിൽ വിമാനം ഇറങ്ങി. സംഭവം വിവാദമായതോടെ ബിജുവിനായി അന്വേഷണം ആരംഭിച്ചു. ഇത് ഗൗരവമായി തന്നെ ഇന്ത്യൻ എംബിസി കൈകാര്യം ചെയ്തു. ഇതോടെ ചെറിയ തൊഴിൽ പോലും ഇസ്രയേലിൽ ഈ സാഹചര്യത്തിൽ കിട്ടില്ലെന്ന് ബിജുവിന് ഉറപ്പായി. സർക്കാർ സംഘത്തിൽ നിന്നും മുങ്ങിയതല്ലെന്നും ഇസ്രയേലിലെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയതായിരുന്നുവെന്നുമാണ് തന്നോട് ബിജു പറഞ്ഞതെന്നാണ് സഹോദരൻ ബെന്നി ഇരട്ടി അറിയിച്ചത്. ഇതാണ് മൊസാദിന്റെ ഇടപെടലോടെ പൊളിയുന്നത്.

കൃഷി രീതികൾ നേരിട്ട് കണ്ട് പഠിക്കുന്നതിന് വേണ്ടിയായിരുന്നു കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി അശോകിന്റെ നേതൃത്വത്തിൽ കേരളാ സർക്കാരിന്റെ 27 പേരടങ്ങുന്ന കർഷക സംഘം ഈ മാസം 12 ന് ഇസ്രയേലിലേക്ക് പോയത്. സന്ദർശന വേളയിൽ ബിജു കുര്യനെ സംഘത്തിൽ നിന്നും കാണാതായി. പിന്നീടാണ് ഇയാൾ മുങ്ങിയതാണെന്ന്തിരിച്ചറിഞ്ഞത്. തിരച്ചിലിനിടെ ബിജു കുര്യൻ വീട്ടിലേക്ക് വിളിച്ച് താൻ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും അറിയിച്ചു. ഇതേ തുടർന്ന് ബിജു കുര്യനില്ലാതെ കർഷക സംഘം ഫെബ്രുവരി 20 ന് മടങ്ങിയെത്തി. ബിജുവിന്റെ വിസയ്ക്ക് മെയ് 8 വരെ കാലാവധിയുണ്ടായിരുന്നു. എന്നാൽ ബിജുവിന്റെ വിസ റദ്ദാക്കണമെന്ന് കേരള സർക്കാർ ഇന്ത്യൻ എംബസി വഴി ആവശ്യപ്പെട്ടു. ഇതെല്ലാം വലിയ നയതന്ത്ര വിഷയമായി മാറുകയും ചെയ്തു.