- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിനുള്ളിൽ പതിയിരുന്ന് ആക്രമിച്ച് യുവാവ്; പത്തു വർഷം പരിശീലിച്ച കരാട്ടേയും ആത്മവിശ്വാസവും കൊണ്ട് നേരിട്ട് പ്ലസ് വൺ വിദ്യാർത്ഥിനി: യുവാവിന്റെ കത്തിമുനയിൽ നിന്നും അനഘ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി: വീടിനുള്ളിൽ പതിയിരുന്ന് ആക്രമിക്കാനെത്തിയ ആളെ കരാട്ടെയും കയ്യിൽ കിട്ടിയ തേങ്ങയും കൊണ്ട് നേരിട്ട് നേരിട്ട് പ്ലസ് വൺ വിദ്യാർത്ഥിനി. പറപ്പിള്ളി റോഡ് ശ്രീനിലയത്തിൽ അനഘയാണ് തന്നെ ആക്രമിക്കാനെത്തിയ ആളെ തുരത്തിയോടിച്ചത്. പത്ത് വർഷമായി കരാട്ടെ പഠിച്ച അനഘ മുറകളോരോന്നായി പുറത്തെടുത്തപ്പോൾ പിടിച്ചു നിൽക്കാനാവാതെ അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ 7.30ന് അമ്മയും അച്ഛനും വീട്ടിൽ നിന്നിറങ്ങിയതിനു പിന്നാലെയാണ് സംഭവം. വീട്ടിൽ ഒറ്റയ്ക്കായ അനഘ അടുക്കള വാതിൽ പൂട്ടാൻ ചെന്നപ്പോഴായിരുന്നു സംഭവം.
വാതിലിനു പിന്നിൽ ആരോ പതുങ്ങി നിൽക്കുന്നതായി കണ്ട അനഘ പകച്ചു പോയി. അനഘയെ കണ്ടയുടൻ ഇയാൾ കയ്യിൽ കിട്ടിയ കത്തിയെടുത്ത് കുട്ടിക്ക് നേരെ വീശി. കഴുത്തിനു നേരേ രണ്ടു പ്രാവശ്യം കത്തി വീശി. പിന്നോട്ടു മാറിയെങ്കിലും അക്രമി വിട്ടില്ല. ഒടുവിൽ കൈ കൊണ്ടു തടഞ്ഞു. അതോടെ കയ്യിൽ മുറിവേറ്റു. വേദനയിൽ പിടയുന്നതിനിടെ അക്രമി അനഘയുടെ വാ പൊത്തിയതോടെ ശ്വാസംമുട്ടി.
കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ അനഘയിലെ കരാട്ടെക്കാരി അതോടെ ഉണർന്നു. അക്രമിയുടെ അടിവയറിലേക്കു മുട്ടുകൊണ്ടു ചവിട്ടി. ഇയാൾ പിന്നിലേക്ക് വേച്ചു പോയ സമയം കൊണ്ട് സമീപത്തു കിടന്ന തേങ്ങ ഉപയോഗിച്ച് അക്രമിയുടെ തലയ്ക്ക് അടിച്ചു. ഇതോടെ കുട്ടി ആള് ചില്ലറക്കാരിയല്ലെന്ന് മനസ്സിലാക്കിയ ആക്രമി പിന്നിലെ മതിൽ ചാടി രക്ഷപ്പെട്ടു. ക്ലീൻ ഷേവ് ചെയ്ത അക്രമിക്ക് നല്ല ഉയരമുണ്ടായിരുന്നു.
ആദ്യമൊന്നു ഭയന്നെങ്കിലും ആത്മധൈര്യം വീണ്ടു കിട്ടിയതോടെ അക്രമിയെ നേരിട്ടെന്ന് അനഘ പറഞ്ഞു. സ്ഥിരമായി ഉപയോഗിക്കാത്ത കത്തി ആയതിനാൽ വലിയ മുറിവു പറ്റാതിരുന്നതു ഭാഗ്യമായി. ഹിൽപാലസ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതി രണ്ടു ദിവസമായി ഈ മേഖലയിൽ കറങ്ങി നടക്കുന്നുണ്ടെന്നാണു വിവരം. ആക്രമണത്തിനിടെ ഒരക്ഷരം പോലും മിണ്ടിയില്ല. പ്രതി ഇതര സംസ്ഥാനക്കാരനാണെന്നാണു സൂചന. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നു പൊലീസ് അറിയിച്ചു. തൃപ്പൂണിത്തുറ ഗവ.ഗേൾസ് ഹൈസ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. കരിങ്ങാച്ചിറയിൽ ഐഇഎൽടിഎസ് സ്ഥാപനം നടത്തുകയാണ് അമ്മ നിഷ. അച്ഛൻ അരുണിനു ബിസിനസാണ്.