ലണ്ടൻ: എം 61 ൽ, ഒരു കത്തിയെരിഞ്ഞ കാറിൽ നിന്നും തുടങ്ങിയ ദുരൂഹത നീണ്ട 54 ദിവസങ്ങൾക്ക് ശേഷം ബ്രൈറ്റണിലെ ഒരു വില്ലയിൽ അവസാനിക്കുമ്പോഴും ഇനിയും ഉത്തരം കണ്ടെത്താത്ത ചോദ്യം ഒരു കൊച്ചു കുരുന്നിനെ കുറിച്ചുള്ളതാണ്. കുഞ്ഞിന് ജന്മം നൽകി ഏതാനും ദിവസങ്ങൾക്കകമായിരുന്നു ശതകോടീശ്വരിയായ കോൺസ്റ്റൻസ് മാർട്ടെൻ എന്ന 35 കാരിയേയും അവരുടെ കാമുകനായ മാർക്ക് ഗോർഡോൺ എന്ന 48 കാരനേയും കാണാതാകുന്നത്. അവർക്കൊപ്പം നവജാത ശിശുവും ഉണ്ടായിരുന്നതായി തെളിഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 5 ന് വൈകിട്ട് 6.33 ന് ആണ് എം 61 ൽ ബോൾട്ടണിലേക്കുള്ള റോഡിൽ ജംഗ്ഷൻ നാലിന് സമീപം ഒരു കാർ കത്തിക്കരിഞ്ഞ നിലയിൽ ഉണ്ടെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്. കാറിനകത്തെ സാധനങ്ങൾ എല്ലാം തന്നെ കത്തിക്കരിഞ്ഞ നിലയിലായിരുന്നെങ്കിലും കോൺസ്റ്റർൻസ് മാർട്ടെന്റെ പാസ്സ്പോർട്ട് കേടുപാടുകൾ ഇല്ലാതെ ലഭിച്ചു. ഇതോടെ കാറിൽ ഉണ്ടായിരുനന്ത് കോൺസ്റ്റൻസും കാമുകൻ മാർക്ക് ഗോർഡോണുമായിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചു.

വിശദമായ പരിശോധനയിൽ കാറിന്റെ പിൻ സീറ്റിൽ നിന്ന് രക്തവും മറുപിള്ളയും കണ്ടെത്തി. ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രം ലണ്ടനിൽ നിന്നും വാങ്ങിയ കാർ ആയിരുന്നു അത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോൺസ്റ്റൻസ് രണ്ട് ദിവസം മുൻപ് മാത്രം ഒരു കുഞ്ഞിനെ പ്രസവിച്ചിരുന്നു എന്നും അതിനായി, ഡോക്ടർമാരുടെ സഹായം തേടിയിരുന്നില്ലെന്നും ഉള്ള അനുമാനത്തിൽ പൊലീസ് എത്തിച്ചേർന്നു.

തുടർന്ന് പരിസരത്തെ സി സി ടി വി ക്യമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ, ഇവർ കാൽ നടയായി ആങ്കർ ലെയ്ൻ ബ്രിഡ്ജ് വരെ പോയെന്നും അവിടെനിന്നും ഒരു ടാക്സി പിടിച്ച് ലിവർപൂളിലേക്ക് പോയതായും അറിഞ്ഞു. കാർ കത്തിയെരിഞ്ഞതിന് 18 മണിക്കൂറിന് ശേഷം, ഇരുവരെയും കാണാതായതായി പൊലീസ് ഔദ്യോഗിക പ്രഖ്യാപനം ഇറക്കുകയും ചെയ്തു. പിറ്റേന്ന്, കാർ കത്തിക്കരിഞ്ഞിടത്തിൽ നിന്നും 200 മൈൽ അകലെയുള്ള ഹാർവിച്ച് പോർട്ടിലെ ഒരു ക്യാമറയിൽ ഇവർ കുടുങ്ങി. അപ്പോൾ കുഞ്ഞും കൈവശമുണ്ടായിരുന്നു.

ഇതോടെ ഇരുവരുടെയും ചിത്രങ്ങൾ സഹിതം പൊലീസ് വൻ തോതിൽ പ്രചാരണം ആരംഭിച്ചു. ഇരുവരുടെയും മുഖങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു ഉദ്ദേശം. ഇവരെ കുറിച്ചുള്ള വിവരങ്ങൾ എന്തെങ്കിലും ലഭിച്ചാൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചിരുന്നു. രാജ കുടുംബവുമായി ബന്ധമുള്ള ഒരു പ്രഭു കുടുംബത്തിലെ അംഗമായ കോൺസ്റ്റൻസ് പക്ഷെ ഈ നാളുകളിലൊന്നും തന്റെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നില്ല.

അതിനിടയിൽ ഇവരുടെ കാമുകൻ മാർക്ക് ഗോർഡോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. ലൈംഗിക കുറ്റങ്ങൾക്ക് 20 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തിയാണ് അയാൾ എന്ന വിവരം എല്ലാവരെയും ഞെട്ടിച്ചു. അമേരിക്കയിൽ ജയിൽ ശിക്ഷ അനുഭവിച്ചതിനു ശേഷം ഇയാളെ നാടുകടത്തുകയായിരുന്നു. 1990-ൽ വെറും 15 വയസ്സുള്ളപ്പോഴായിരുന്നു ബ്രോവാർഡ് കൗണ്ടിയിലെ കോടതി ഇയാളെ ശിക്ഷിച്ചത്.

ഇരുവരും തമ്മിൽ കണ്ടുമുട്ടിയതിനു ശേഷം അവർ തീർത്തും ഒറ്റപ്പെട്ട ജീവിതമായിരുന്നു നയിച്ചിരുന്നത്. ഒരു നാടക വിദ്യാർത്ഥിനിയായ കോൺസ്റ്റൻസ്, മാർക്കുമായി ചേർന്നതിൽ പിന്നെ വീട്ടുകാരുമായി പോലും ബന്ധപ്പെടാറുണ്ടായിരുന്നില്ലത്രെ. ഇവരെ കാണാതായതിനു ശേഷം മാർക്ക് ഗോർഡൊണിന്റെ അർദ്ധ സഹോദരി രംഗത്ത് എത്തി. ചെയ്യാത്ത കുറ്റത്തിനായിരുന്നു തന്റെ സഹോദരൻ ശിക്ഷിക്കപ്പെട്ടത് എന്ന് അവകാശപ്പെട്ട അവർ, ഇപ്പോൾ അയാൾ ആത്മീയ പാതയിലാണെന്നും അവകാശപ്പെട്ടു.

അതിനിടയിൽ, നേരത്തേ കോൺസ്റ്റൻസ് ആത്മീയാചാര്യൻ ടി ബി ജോഷ്വയുടെ അനുയായി ആയിരുന്നു എന്ന് അവരുടെ ഒരു സുഹൃത്ത് വെളിപ്പെടുത്തുകയും ചെയ്ത്. ഈ വെളിപ്പെടുത്തലുകൾ സംഭവത്തിന്റെ ദുരൂഹത ഏറെ വർദ്ധിപ്പിച്ചു. പിന്നീട് പലയിടങ്ങളിലും ഇവരെ കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നെങ്കിലും ഇവരെ പിടികൂടാനായില്ല. അന്വേഷണം പലയിടങ്ങളിലേക്കും വ്യാപിപ്പിച്ചു. യു കെയിൽ എവിടെ വേണമെങ്കിലും അവർ ഉണ്ടാകാമെന്ന നിഗമനത്തിൽ രാജ്യവ്യാപകമായ അന്വേഷണമായിരുന്നു നടന്നത്.

അവസാനം ഫെബ്രുവരി 27 ന് ബ്രിറ്റണിലെ ഒരു വീട്ടിൽ അവർ ഉണ്ടെന്ന ഒരു അജ്ഞാത സന്ദേശം പൊലീസിന് ലഭിച്ചു. അവിടെ എത്തിയ പൊലീസ് ഇരുവരെയും കണ്ടെത്തുകയായിരുന്നു. എന്നാൽ, കോൺസ്റ്റൻസ് ജന്മം നൽകിയ കുഞ്ഞ് ഇവർക്കൊപ്പം ഉണ്ടായിരുന്നില്ല. ഈ കുഞ്ഞ് ഇപ്പോൾ ജീവനോടെയുണ്ടോ എന്ന് പോലും പൊലീസ് ഭയക്കുകയാണ്. ഇവരെ കണ്ടെത്തിയ സ്ഥലത്തിന്റെ പരിസരങ്ങളിലൊക്കെയായി 200 ഓളം പൊലീസുകാർ തിരച്ചിലിന് ഇറങ്ങിയിട്ടുണ്ട്.

അന്വേഷണവുമായി സഹകരിക്കാത്ത കോൺസ്റ്റൻസും ഗോർഡോനും ഇതുവരെ കുഞ്ഞിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. ആൺകുഞ്ഞായിരുന്നോ പെൺകുഞ്ഞായിരുന്നോ എന്ന് പോലും അവർ വ്യക്തമാക്കുന്നില്ലത്രെ. ഒളിച്ചോടിയപ്പോൾ കരുതിയ പണം തീർന്നതിനാൽ, ഒരുപക്ഷെ കുട്ടിയെ ഉപേക്ഷിച്ചിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്. കുട്ടിക്ക് എന്തെങ്കിലും അപകടം സംഭവിച്ചിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.