കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർ വയറ്റിൽ മറന്നു വെച്ച കത്രികയുമായി നാലേ മുക്കാൽ വർഷമാണ് ഹർഷിന ജീവിച്ചത്. രാവും പകലും ഇല്ലാതെ അതികഠിനമായ വയറു വേദനയും സഹിച്ചായിരുന്നു ഈ യുവതിയുടെ ജീവിതം. അഞ്ച് മാസം മുൻപ് നടത്തിയ സ്‌കാനിങ്ങിലാണ് വയറ്റിൽ കത്രികയുള്ളതായി കണ്ടെത്തിയതും പുറത്തെടുത്തതും. സംഭവം വിവാദമായതോടെ ഹർഷിനയ്ക്ക് നീതി നൽകുമെന്ന് മന്ത്രി വീണാ ജോർജും ഹർഷിനയെ വിളിച്ച് ഉറപ്പു നല്കി. കുറ്റക്കാർക്കെതിരെ ഒരു മാസത്തിനകം നടപടി എടുക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ആ ഉറപ്പും രണ്ടു മാസം പിന്നിട്ടതോടെ നീതി തേടി സമരത്തിനിറങ്ങിയിരിക്കുകയാണ് ഈ യുവതി.

1736 ദിവസം രാത്രിയും പകലും അതികഠിന വേദന സഹിച്ചു ജീവിച്ച എനിക്ക് ഇനിയെങ്കിലും നീതി കിട്ടേണ്ടേ? ഹർഷിന ചോദിക്കുന്നു. കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കാനും നഷ്ടപരിഹാരം ലഭിക്കാനും വേണ്ടിയാണ് ഹർഷിനയുടെ സമരം. കോഴിക്കോട് മെഡിക്കൽ കോളജിൽ 2017 നവംബർ 30നു നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ആർട്ടറി ഫോർസെപ്‌സ്(ഒരിനം കത്രിക) കുടുങ്ങിയെന്നു ചൂണ്ടിക്കാട്ടിയാണ് പന്തീരാങ്കാവ് മലയിൽക്കുളങ്ങര വീട്ടിൽ കെ.കെ.ഹർഷിന ഇപ്പോൾ മെഡിക്കൽ കോളജിനു മുന്നിൽ സത്യഗ്രഹ സമരം ആരംഭിച്ചിരിക്കുന്നത്.

സമാനതകളില്ലാത്ത ദുരിതമാണ് ഹർഷിന ഈ ദിവസമത്രയും അനുഭവിച്ച് തീർത്തത്. ''ശസ്ത്രക്രിയയ്ക്കു ശേഷം നിരന്തര വയറുവേദനയും അണുബാധയുമായി. രണ്ടാമത്തെയും മൂന്നാമത്തെയും പ്രസവങ്ങൾ തമ്മിൽ 20 മാസത്തെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് വയറ്റിലെ തുന്നലിന്റെ പ്രശ്‌നമാണെന്നാണ് ആദ്യം കരുതിയത്. മാറും എന്നു കരുതി സഹിച്ചു. ദിവസം കഴിയുന്തോറും ദേഹം മുഴുവൻ നീരു വന്നു. നിൽക്കാനോ ഇരിക്കാനോ വയ്യ. ആന്റിബയോട്ടിക്കുകളും വേദന സംഹാരികളും മാത്രമായി ജീവിതം. കത്രിക കുത്തി നിന്നു മൂത്രസഞ്ചിക്കു പരുക്കേറ്റു. ചികിത്സയ്ക്കു ലക്ഷക്കണക്കിനു രൂപ ചെലവാക്കി. കഴിഞ്ഞ വർഷം സ്വകാര്യ ആശുപത്രിയിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ വയറ്റിൽ കത്രികയുണ്ടെന്നു സ്ഥിരീകരിച്ചു. 2022 സെപ്റ്റംബറിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ മറ്റൊരു ശസ്ത്രക്രിയയിലൂടെ 6 സെന്റീമീറ്റർ നീളമുള്ള കത്രിക നീക്കം ചെയ്തു'' ഹർഷിന ചുരുക്കിപ്പറയുന്നു.

എന്നാൽ കുറ്റക്കാരെ സംരക്ഷിക്കാൻ തനിക്കുണ്ടായ ദുരവസ്ഥയ്ക്ക് നേരെ കണ്ണടയ്ക്കുകയാണ് വേണ്ടപ്പെട്ടവർ എന്ന് ഹർഷിന പറയുന്നു. എല്ലാ തെളിവുകളും എതിരായിട്ടും വീഴ്ച സമ്മതിക്കാൻ മെഡിക്കൽ കോളജ് അധികൃതരോ ആരോഗ്യവകുപ്പോ ഇപ്പോഴും തയാറായിട്ടില്ല. ആദ്യ രണ്ടു പ്രസവത്തിൽ മറ്റേതോ ആശുപത്രിയിൽ നടത്തിയ ശസ്തക്രിയയിലാണ് കത്രിക മറന്നുവച്ചതെന്നാണ് വാദം. കത്രികയുടെ യാഥാർഥ്യം കണ്ടെത്താൻ 3 അന്വേഷണ കമ്മിറ്റികളെ ആരോഗ്യവകുപ്പ് നിയോഗിച്ചു. കത്രികയുടെ കാലപ്പഴക്കം നിർണയിക്കാൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഇതൊന്നും പോരാഞ്ഞ് കുറ്റസമ്മതം നടത്തുന്ന മെഡിക്കൽ കോളജ് അധികൃതരുടെ വിഡിയോ പകർത്തിയതിന് ഹർഷിനയുടെ കുടുംബത്തിനെതിരെ പൊലീസിൽ പരാതിയും നൽകി.

ഇതിനിടെയാണ് മന്ത്രി വീണാ ജോർജ് വിളിച്ച് വിവരങ്ങൾ തിരക്കുന്നതും നീതി ഉറപ്പാക്കുമെന്ന് പറഞ്ഞതും. എന്നാൽ വാക്കു നൽകി രണ്ടു മാസം പിന്നിട്ടിട്ടും ആ ഉറപ്പും പാഴ് വാക്കായി.
കഴിഞ്ഞ ഡിസംബറിൽ തന്നെ മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലെ സ്‌പെഷൽ ഓഫിസർ ഡോ. അബ്ദുൽ റഷീദ് കോഓർഡിനേറ്ററായ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം പോലും പുറത്തുവിടാൻ അധികൃതർ തയാറായില്ല. റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണെന്നും സർക്കാരിൽ നിന്ന് തുടർ ഉത്തരവുകളോ നിർദേശങ്ങളോ വരാത്തതിനാൽ റിപ്പോർട്ട് പുറത്തുവിടാനാകില്ല എന്നുമാണ് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയം നൽകിയിരിക്കുന്ന മറുപടി.

അതേസമം ഹർഷിനയുടെ വയറ്റിൽ ആർട്ടറി ഫോർസെപ്‌സ് കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ നെഗ്ലിജെൻസ് ആക്ട് പ്രകാരം കേസെടുത്തു. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട്, വകുപ്പു മേധാവികളായ ഡോ. വിനയചന്ദ്രൻ (2017), ഡോ. സജല (2022) എന്നിവർക്കെതിരെയാണ് കേസ്.