കുട്ടനാട്: കെടുകാര്യസ്ഥതയ്ക്ക് തെളിവായി ലക്ഷങ്ങൾ മുടക്കി സംസ്ഥാന സർക്കാർ വാങ്ങിയ 112 കൊയ്ത്ത്-മെതി യന്ത്രങ്ങൾ തുരുമ്പെടുത്തു. ഇപ്പോൾ അവ പാഴിരുമ്പായി വിൽപ്പനയ്ക്ക് വയ്ക്കുകയാണ് സർക്കാർ. കെയ്കോയുടെ (കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ്) കൈവശമുള്ള യന്ത്രങ്ങളാണ് അതിനായി ലേലത്തിൽ വെച്ചിരിക്കുന്നത്.

വേണ്ടത്ര പഠിക്കാതെയാണ് യന്ത്രങ്ങൾ വാങ്ങിയതെന്നാണ് ഉയരുന്ന ആരോപണം. കേരളത്തിലെ കൃഷിയിടങ്ങൾക്കു യോജിച്ചതല്ല അവയെന്നായിരുന്നു ആക്ഷേപം. വാങ്ങിയശേഷം കൃത്യസമയത്ത് അറ്റകുറ്റപ്പണിയും നടത്തിയില്ല. സർക്കാർ നടപടികളിലെ നൂലാമാലകൾ അഥവാ ചുവപ്പു നാട കാരണമാണ് നന്നാക്കൽ നീണ്ടത്. ഇതോടെ യന്ത്രം തകരാറിലുമായി.

2009-10 കാലത്ത് 25 ലക്ഷം രൂപവീതം ചെലവിട്ടു വാങ്ങിയതാണ് ഈ യന്ത്രങ്ങൾ. അതായത് കോടികളുടെ മുതൽ. ഇതിപ്പോൾ രണ്ടുമുതൽ നാലുവരെ ലക്ഷം രൂപയ്ക്കു ലേലത്തിൽ വച്ചിട്ടും വാങ്ങാൻ ആരുമില്ല. ലേലത്തിൽ വച്ച് ഒരുമാസമായിട്ടും ആരും വാങ്ങാനെത്തിയില്ലെന്ന് അധികൃതർ തന്നെ വിശദീകരിക്കുന്നു. വേണ്ടത്ര പരിപാലനമില്ലാഞ്ഞതിനാലാണു യന്ത്രങ്ങൾ കേടായതെന്നാണ് വസ്തുത. അങ്ങനെ കർഷകർക്ക് സഹായകമാകേണ്ട യന്ത്രങ്ങൾ ദുരന്തമായി.

225 യന്ത്രങ്ങളാണ് കെയ്കോയ്ക്കുണ്ടായിരുന്നത്. അതിൽ 23 എണ്ണം സർക്കാർ നിർദ്ദേശപ്രകാരം വിവിധ ഏജൻസികൾക്കു കൈമാറി. 50 എണ്ണം തൃശ്ശൂർ പൊന്നാനി കോൾപദ്ധതിക്കു നൽകി. ബാക്കിയുള്ള 152 യന്ത്രങ്ങളിൽ 139-ഉം കേടായി. 13 എണ്ണം മാത്രമാണു പ്രവർത്തനക്ഷമം. കേടായ യന്ത്രങ്ങൾ കെയ്കോയുടെ പുനലൂർ വർക്ഷോപ്പിൽ തുരുമ്പിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. 139-ൽ 27 എണ്ണമേ നന്നാക്കാനാകൂവെന്നാണ് വിലയിരുത്തൽ. എൻജിൻ ദ്രവിച്ചുകേടായ ബാക്കിയുള്ള 112 എണ്ണമാണിപ്പോൾ ലേലത്തിൽ വെച്ചിരിക്കുന്നത്. അവ നന്നാക്കാൻ ശ്രമിച്ചാൽ കൂടുതൽ നഷ്ടമുണ്ടാകും. അതു കൊണ്ടാണ് ലേലത്തിന് നൽകുന്നത്.

അപ്പർകുട്ടനാട് മേഖലകളിൽ കൊയ്ത്തുതുടങ്ങുമ്പോൾ പതിവുപോലെ ലക്ഷങ്ങൾ മുടക്കി കൊയ്ത്തുയന്ത്രം തമിഴ്‌നാട്ടിൽനിന്ന് കൊണ്ടുവരും. കൃഷിവകുപ്പിന്റെ കീഴിൽ ജില്ലയിലെ ഏകസ്ഥാപനമായ വൈക്കം തോട്ടുവക്കത്തെ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷനിൽ(കെയ്കോ) കോടികളുടെ കൊയ്ത്തുയന്ത്രങ്ങൾ ഉപയോഗമില്ലാതെ നശിക്കുകയായിരുന്നു. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് കൊയ്ത്തുയന്ത്രങ്ങൾ കെയ്കോയുടെ ഓഫീസിൽ എത്തിച്ചത്. മണിക്കൂറിന് 800 രൂപ നിരക്കിലാണ് കെയ്കോയിൽനിന്നും കൊയ്ത്തുയന്ത്രങ്ങൾ വാടകയ്ക്ക് നൽകുന്നത്.

ഇന്ധനവും യന്ത്രം കൊണ്ടുപോകുന്ന വാഹനത്തിന്റെ വാടകയും ഓപ്പറേറ്ററുടെ താമസസൗകരവും ചെലവും പാടശേഖരസമിതിക്കാർ വഹിക്കണം. എന്നാൽ, ഇതിലും കുറഞ്ഞ തുകയ്ക്ക് തമിഴ്‌നാട്ടിൽനിന്നുള്ള കൊയ്ത്തു യന്ത്രം ഇവിടെ കിട്ടുമെന്ന് കർഷകർ പറയുന്നു. തമിഴ്‌നാട്ടുകാർ യന്ത്രത്തിന് കൃത്രിമക്ഷാമമുണ്ടാക്കി സമയത്ത് അവ ലഭിക്കാതെവരുത്തും. പിന്നീട് ഏജന്റുമാർ കർഷകരെ സമീപിച്ച് യന്ത്രം എത്തിക്കും. ഇതിനെതിരേ സർക്കാർ ഒരു നടപടിയും സ്വീകരിക്കാറില്ല. കെയ്കോയുടെ യന്ത്രങ്ങളുടെ വാടക കുറവുവരുത്തി സമയത്ത് പാടങ്ങളിൽ എത്തിച്ചാൽ പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരം കാണാനാകുമായിരുന്നു. പക്ഷേ ഇതിന് സർക്കാർ നടപടികളൊന്നും എടുത്തില്ല. അങ്ങനെ യന്ത്രങ്ങൾ പാഴ് വസ്തുക്കളായി.

കാർഷിക മൂല്യവർധിത ഉത്പന്നങ്ങൾ, പരമ്പരാഗത പണി ആയുധങ്ങൾ, ആധുനിക കാർഷിക യന്ത്രങ്ങൾ തുടങ്ങിയവ കർഷകർക്ക് ഒരേ കുടക്കീഴിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കൃഷിവകുപ്പാണ് കെയ്കോ തുടങ്ങിയത്. എല്ലാ ജില്ലകളിലും ഒരു കെയ്കോ കേന്ദ്രമാണുള്ളത്. പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികൾ അംഗങ്ങളായിട്ടുള്ള ഡയറക്ടർബോർഡാണ്.