- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരേ വിഷയത്തിൽ സമാന ചോദ്യങ്ങളുമായി രണ്ട് വിവരാവകാശ പ്രവർത്തകരുടെ അപേക്ഷ; ഒന്നിന് കൃത്യമായ മറുപടി; ഒരു മാസത്തിന് ശേഷമുള്ള അപേക്ഷയ്ക്ക് മറുപടി പരിഹാസം; നേരിട്ട് വിളിച്ച് ചോദിച്ചപ്പോൾ അപ്പീൽ നൽകിക്കോളാൻ മറുപടി; ചോദ്യങ്ങൾ എയ്ഡ്സ് രോഗികൾക്കുള്ള സഹായം സംബന്ധിച്ച്: സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറയ്ക്കാനെന്ന് ആക്ഷേപം
പത്തനംതിട്ട: ഒരു മാസത്തെ ഇടവേളയിൽ ഒരേ വിഷയത്തിൽ സമാന ചോദ്യങ്ങളുമായി രണ്ട് വിവരാവകാശ പ്രവർത്തകരുടെ അപേക്ഷ. ഒന്നിന് കൃത്യമായ മറുപടി നൽകിയപ്പോൾ വിശദാംശങ്ങൾ ചോദിച്ചുള്ള രണ്ടാമത്തെ അപേക്ഷയ്ക്ക് പരിഹാസരൂപേണെ മറുപടി. നേരിട്ട് വിളിച്ച് കാര്യം തിരക്കിയപ്പോൾ വേണമെങ്കിൽ അപ്പീൽ നൽകിക്കോളാൻ വിവരാവകാശ ഉദ്യോഗസ്ഥന്റെ നിർദ്ദേശം.
വിവരാവകാശ പ്രവർത്തകരായ രാജു വാഴക്കാല, മനോജ് കാർത്തിക എന്നിവരാണ് സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിക്ക് അപേക്ഷ കൊടുത്തത്. കഴിഞ്ഞ നവംബർ 14 ന് രാജു വാഴക്കാല കൊടുത്ത അപേക്ഷയ്ക്ക് മറുപടി കിട്ടിയത് ജനുവരി 25 നാണ് ഉന്നയിച്ച ചോദ്യങ്ങൾക്കെല്ലാം മറുപടിയുണ്ടായിരുന്നു. ഈ മറുപടിയുടെ വിശദാംശങ്ങൾ ചോദിച്ചാണ് മനോജ് കാർത്തിക ഫെബ്രുവരി ആറിന് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ കാര്യാലയത്തിലേക്ക് അപേക്ഷ സമർപ്പിച്ചത്.
ഇതിനാണ് പരിഹാസ രൂപേണെയുള്ള മറുപടി ലഭിച്ചിരിക്കുന്നത്. എയ്ഡ്സ് രോഗികളെ സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി നൽകേണ്ടത് ആരോഗ്യവകുപ്പ് അല്ല. വിവരാവകാശ നിയമം 6 (3) അനുസരിച്ച് അപേക്ഷ ബന്ധപ്പെട്ട വകുപ്പായ സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയിലേക്ക് കൈമാറുകയാണ് അവർ ചെയ്യേണ്ടിയിരുന്നത്. അതിന് പകരം ആരോഗ്യകുടുംബക്ഷേമ വകുപ്പിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എസ്. സതീഷ് നൽകിയ മറുപടി ഇങ്ങനെ:
വിശദീകരണങ്ങൾ ചോദിക്കുക, വ്യാഖ്യാനങ്ങൾ ആവശ്യപ്പെടുക, അഭിപ്രായങ്ങൾ തേടുക, സംശയ നിവൃത്തി വരുത്തുക, പരാതികൾക്ക് പരിഹാരം തേടുക എന്നിവ വിവരാവകാശത്തിന്റെ പരിധിയിൽ വരുന്നതല്ല എന്ന വിവരം താങ്കളെ അറിയിക്കുന്നു.
ഇതേ ഉദ്യോഗസ്ഥന് തന്നെയാണ് നവംബർ 14 ന് രാജു വാഴക്കാല ഇതേ വിഷയത്തിൽ വിവരാവകാശ അപേക്ഷ നൽകിയത്. അന്ന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എസ്. സതീഷ് വിവരാവകാശ നിയമം 6 (3) അനുസരിച്ച് അപേക്ഷ ബന്ധപ്പെട്ട വകുപ്പായ സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയിലേക്ക് കൈമാറുകയും അവിടെ നിന്ന് മറുപടി ലഭിക്കുകയും ചെയ്തു.
ഒരേ വിഷയത്തിൽ ഇരത്താപ്പ് കാണിച്ചതിനെതിരേ മനോജ് കാർത്തിക വിവരാവകാശ ഉദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെട്ടു. എന്തു കൊണ്ടാണ് തന്റെ അപേക്ഷയ്ക്ക് മറുപടി നിരസിച്ചത് എന്ന് ചോദിച്ചപ്പോൾ ഉരുണ്ടു കളിക്കുകയാണ് ചെയ്തത്. അപ്പീൽ അപേക്ഷ നൽകൂ മറുപടി തരാം എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.
എയ്ഡ്സ് രോഗികൾക്കുള്ള പെൻഷൻ കുടിശിക വിതരണത്തിന് േകാടികൾ ആവശ്യമുണ്ട്. ഈ വിവരം മറച്ചു വയ്ക്കാൻ വേണ്ടിയാണ് വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നിഷേധിച്ചത് എന്നാണ് മനോജ് ആരോപിക്കുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്