സൗന്ദര്യം ഏതെങ്കിലും വസ്തുവിലോ വ്യക്തിയിലോ അല്ല, മറിച്ച് അത് കാണുന്നവരുടെ കണ്ണുകളിലും മനസ്സുകളിലുമാണെന്ന് പറയാറുണ്ട്. എന്നിരുന്നാലും സൗന്ദര്യം വിലയിരുത്താൻ പല മാനദണ്ഡങ്ങൾ നിലവിൽ ഉണ്ട് താനും. അത്തരം മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ഒരു പഠനത്തിൽ പറയുന്നത് ലോകത്തിൽ ഏറ്റവും സുന്ദരന്മാരും സുന്ദരിമാരും ഉള്ളത് ഇന്ത്യയിലാണെന്നാണ്. അമേരിക്ക ഇക്കാര്യത്തിൽ രണ്ടാമതും സ്വീഡൻ മൂന്നാമതും എത്തിയിട്ടുണ്ട്. 

ആയിരക്കണക്കിന് റെഡ് ഇറ്റ് പോസ്റ്റുകൾ നിർമ്മിത ബുദ്ധി ഉപയോഗിച്ച് വിശകലനം ചെയ്തായിരുന്നു പഠനം നടത്തിയത്. അട്രാക്ടീവ്, സെക്സി, ബ്യുട്ടിഫുൾ തുടങ്ങി സൗന്ദര്യവുമായി ബന്ധപ്പെട്ട പദങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റുകൾ ആയിരുന്നു വിശകലനത്തിന് വിധേയമാക്കിയത്. ഓരോ രാജ്യവുമായി ബന്ധപ്പെട്ട പോസ്റ്റുകളുടെ എണ്ണം, അവയിൽ വന്ന കമന്റുകൾ, ലൈക്കുകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു രാജ്യങ്ങൾക്ക് സ്‌കോർ നൽകിയത്.

നീന്തൽ വസ്ത്ര നിർമ്മാതാക്കളായ പോർ മോയ് ആണ് ഈ പഠനം നടത്തിയിരിക്കുന്നത്. അതനുസരിച്ച്, സൗന്ദര്യത്തിന്റെ കാര്യത്തിൽ നാലാമത് ജപ്പാനും അഞ്ചാമത് കാനഡയും ആറാമത് ബ്രസീലുമാണ്. ഫ്രാൻസ്, ഇറ്റലി, യുക്രെയിൻ, ഡെന്മാർക്ക് എന്നിവയാണ് ആദ്യ പത്ത് സ്ഥാനത്തുള്ള മറ്റു രാജ്യങ്ങൾ. ബ്രിട്ടന് ഈ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനം മാത്രമെ ലഭിച്ചിട്ടുള്ളു.

അതേസമയം, പുരുഷ സൗന്ദര്യം മാത്രം നോക്കിയാൽ ബ്രിട്ടനാണ് അക്കാര്യത്തിൽ മുന്നിൽ. ഈ ലിസ്റ്റിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. തൊട്ടുപുറകെ ഇറ്റലിയും അമേരിക്കയും സ്വീഡനുമുണ്ട്.,സുന്ദരന്മാരുടെയും സുന്ദരിമാരുടെയും കാര്യത്തിൽ എന്നപോലെ സ്ത്രീ സൗന്ദര്യം മാത്രം നോക്കുമ്പോഴും ഇന്ത്യ തന്നെയാണ് മുൻപിൽ. ഇക്കാര്യത്തിൽ ജപ്പാൻ രണ്ടാം സ്ഥാനത്തും, സ്വീഡൻ മൂന്നാം സ്ഥാനത്തും പോളണ്ട് നാലാം സ്ഥാനത്തും എത്തിയിട്ടുണ്ട്.