- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
പെർത്ത്: വിചിത്രമായി തോന്നാം. സംഗതി സത്യമാണ്. ഓരോ രാജ്യത്തെയും നിയമങ്ങൾ വ്യത്യസ്തമാണല്ലോ. ഓസ്‌ട്രേലിയയിലെ പെർത്തിൽ ജീവിക്കുന്ന മലയാളി കുടുംബത്തിന്റെ കഥയാണ് പറയുന്നത്. അനീഷ് -കൃഷ്ണദേവി ദമ്പതികൾ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയിട്ട് ഏഴ് വർഷമായി. രണ്ടുകുട്ടികൾ. 10 വയസുകാരൻ ആര്യനും, എട്ടുവയസുകാരി ആര്യശ്രീയും. തൃശൂർ സ്വദേശിയായ അനീഷ് കൊല്ലിക്കര ടെലികമ്യൂണിക്കേഷൻസിലും, ഭാര്യ കൃഷ്ണദേവി സൈബർ സെക്യൂരിറ്റി വിഭാഗത്തിലും ജോലി ചെയ്യുന്നു. നാലംഗ കുടുംബം സ്ഥിര താമസ വിസയ്ക്കായി അപേക്ഷിച്ചെങ്കിലും നിരസിച്ചിരിക്കുകയാണ്. കാരണം, ഇവരുടെ 10 വയസുകാരനായ മകന് ഡൗൺ സിൻഡ്രോം ഉണ്ട് എന്നുള്ളതാണ്. അതുകൊണ്ട് മാർച്ച് 15 നകം ഓസ്‌ട്രേലിയ വിടണമെന്നാണ് കുടിയേറ്റ വകുപ്പിന്റെ കർശന ഉത്തരവ്. എന്തു ചെയ്യണമെന്നറിയാതെ, എല്ലാ വാതിലുകളും മുട്ടുകയാണ് ഈ ദമ്പതികൾ.
എന്തുകൊണ്ട് ഓസ്‌ട്രേലിയ വിടണം?
ഡൗൺ സിൻഡ്രോം ഒരു രോഗം പോലും അല്ല എന്ന് ആധുനിക വൈദ്യശാസ്ത്രം പറയുമ്പോഴാണ് മലയാളി ദമ്പതികൾക്ക് ഈ ദുരനുഭവം. എല്ലാ കുഞ്ഞുങ്ങളെയും പോലെ സുരക്ഷിതമായ സാഹചര്യത്തിൽ സന്തോഷത്തോടെ വളരാനുള്ള അവകാശം ഡൗൺസിൻഡ്രോം ബാധിച്ച കുട്ടികൾക്കും ഉണ്ട്. ബൗദ്ധികമായ വളർച്ചയിൽ സാധാരണയിൽ നിന്നും അൽപ്പം കുറവുണ്ടാകാമെങ്കിലും സാമൂഹ്യമായ വളർച്ച മിക്കപ്പോഴും അധികം ബാധിക്കാറില്ല. അതുകൊണ്ടു തന്നെ പൊതുവേ സന്തോഷമുള്ളവരും മറ്റുള്ളവരോട് സ്നേഹത്തോടെ പെരുമാറുന്നവരും ആയിരിക്കും ഈ കുട്ടികൾ
എന്നാൽ, ഡൗൺ സിൻഡ്രോം ഉള്ള കുട്ടിയെ പരിപാലിക്കുന്നത് ആരോഗ്യ സംവിധാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് ഓസീസ് ഇമിഗ്രേഷൻ വകുപ്പിന്റെ വിലയിരുത്തൽ.
സ്ഥിരവിസയ്ക്ക് വേണ്ടി കുടുംബം അപേക്ഷിച്ചത് 2020 ഫെബ്രുവരിയിലാണ്. 2021 മധ്യത്തോടെ, അപേക്ഷ നിരസിക്കപ്പെട്ടു. കുട്ടിയുടെ പരിപാലനം നികുതിദായകന് അധിക ഭാരമാകുമെന്നതാണ് കുടിയേറ്റ വകുപ്പിന്റെ ന്യായീകരണം.
കുട്ടികളോട് ഒന്നും പറയാതെ ദമ്പതികൾ
കുട്ടികളോട് ഇതൊന്നും പറയാനുള്ള ധൈര്യമേയില്ല അനീഷിനും, കൃഷ്ണദേവിക്കും. സഹോദരൻ കാരണം നാട് കടത്തപ്പെടും എന്നറിഞ്ഞാൽ മോളുടെ പ്രതികരണം എന്തായിരിക്കും എന്നെനിക്ക് ഓർക്കാൻ വയ്യ, അനീഷ് എസ്ബിഎസ് ന്യൂസിനോട് പറഞ്ഞു. കുട്ടികൾക്ക് പെർത്താണ് അവരുടെ ജന്മനാട്. പെട്ടെന്ന് ഇന്ത്യയിലേക്കുള്ള മടക്കം, അവരുടെ വളർച്ചയെയും വികാസത്തെയും ബാധിച്ചേക്കാം, മാതാപിതാക്കൾ ഭയക്കുന്നു.
മകന് ഡൗൺ സിൻഡ്രോം ഉണ്ടെങ്കിലും, അത് ചെറിയതോതിൽ മാത്രമെന്നാണ് കൃഷ്ണദേവി പറയുന്നത്. സംസാരിക്കുന്നതിൽ അൽപം പിന്നോക്കമാണ്. ബുദ്ധിവളർച്ച അൽപം കുറവെങ്കിലും, ഈ പ്രായം വരെ സാധാരണ കുട്ടികളെ പോലെ തന്നെ പെരുമാറി വരുന്നു. മറ്റേതൊരു കുട്ടിയെയും പോലെ ആരോഗ്യവാനുമാണ് ആര്യൻ.
ഇത് അന്യായമെന്ന് സുഹൃത്തുക്കൾ
സർക്കാരിന്റെ ന്യായീകരണത്തെ അനീഷിന്റെയും കൃഷ്ണദേവിയുടെയും സുഹൃത്തുക്കൾ വിമർശിക്കുന്നു. 10 വയസുകാരൻ കുട്ടി നികുതിദായകന് ഭാരമെന്നാണ് ഓസീസ് സർക്കാർ പറയുന്നത്. ഇത് തീർത്തും ശരിയല്ലെന്ന് സുഹൃത്തുക്കൾ പറയുമ്പോഴും, ഓസ്‌ട്രേലിയയിലെ കുടിയേറ്റ നിയമങ്ങൾ കർശനമെന്ന് ദമ്പതികൾക്ക് അറിയാം. മകന് ഇതുവരെ ഭിന്നശേഷിയുടെ പേരിൽ സർക്കാർ സേവനങ്ങൾ ഒന്നും തേടേണ്ടി വന്നിട്ടില്ല. ഭാവിയിലും അങ്ങനെ തന്നെയാകാണ് സാധ്യത. അതുമാത്രമല്ല, തങ്ങൾ ഇരുവരും അടയ്ക്കുന്ന നികുതി മകന്റെ ക്ഷേമത്തിന് ഉതകുന്നതാണെന്നും ദമ്പതികൾ പറയുന്നു.
ആര്യനും സഹോദരിയും വീട്ടിൽ മലയാളവും സ്‌കൂളിൽ ഇംഗ്ലീഷുമാണ് സംസാരിക്കുന്നത്. സ്‌കൂളിൽ ആദ്യം ചേർന്നപ്പോൾ ആര്യന് ഇംഗ്ലീഷിൽ സംസാരിക്കാൻ പ്രയാസമായിരുന്നു. പിന്നീട് പഠിച്ചെടുത്തു, അനീഷ് പറഞ്ഞു. ഇപ്പോൾ അദ്ധ്യാപകരുമായി സംസാരിക്കാനും, അവർ പറയുന്നത് മനസ്സിലാക്കാനും നന്നായി കഴിയുന്നുണ്ട്. ഇന്ത്യയിലേക്ക് തിരിച്ചുപോയാൽ എല്ലാം തകിടം മറിയുമെന്നാണ് ഇവരുടെ പേടി.
ഇനി പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രു ജൈൽസിൽ
തങ്ങളുടെ പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെട്ട് ആശ്വാസം നൽകണമെന്ന് മലയാളി ദമ്പതികൾ കുടിയേറ്റ മന്ത്രി ആൻഡ്രൂ ജൈൽസിനോട് അപേക്ഷിച്ചിരിക്കുകയാണ്.
മന്ത്രിക്ക് വിഷയം അറിയാമെങ്കിലും, സ്വകാര്യത മാനിച്ച്, വ്യക്തിഗതകേസുകളിൽ പ്രതികരിക്കാൻ തയ്യാറായല്ലെന്നാണ് റിപ്പോർട്ടുകൾ.
മറുനാടന്‍ ഡെസ്‌ക്