വർക്കല: വർക്കലയിൽ പാരാഗ്ലൈഡിങിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയ രണ്ടുപേരെയും ഒന്നര മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി. പാരാഗ്ലൈഡിങിനിടെ അപകടം ഉണ്ടായത് കാറ്റിന്റെ ദിശമാറിയത് മൂലമെന്ന് അപകടത്തിൽപെട്ട ട്രെയിനർ സന്ദീപ് പറഞ്ഞു. പാരാഗ്ലൈഡിങ്ങിനിടെ ഗ്ലൈഡറിന്റെ ചിറക് ഹൈമാസ്റ്റ് വിളക്കുതൂണിൽ കുടുങ്ങിയാണ് അപകടം ഉണ്ടായത്. ഗ്ലൈഡിങ്ങിന് ലൈസൻസുണ്ടെന്നും സന്ദീപ് പറഞ്ഞു. ഗ്ലൈഡിങ്ങുമായി ബന്ധപ്പെട്ട രണ്ട് ജീവനക്കാരെ പൊലീസ് വിളിച്ചുവരുത്തി.

കോയമ്പത്തൂർ സ്വദേശിനി പവിത്രയും (28) ഉത്തരാഖണ്ഡ് സ്വദേശിയായ ട്രെയിനർ സന്ദീപും (30) വൈകിട്ടു നാലോടെയാണ് അപകടത്തിൽപ്പെട്ടത്. 80 അടി ഉയരത്തിൽ തൂങ്ങിക്കിടന്ന വിനോദസഞ്ചാരിയെയും ട്രെയ്‌നറെയും ഒന്നര മണിക്കൂറിനു ശേഷം സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. ഇറക്കുന്നതിനിടെ ഇരുവരും വീണത് അഗ്‌നിരക്ഷാസേന വലിച്ചുകെട്ടിയ വലയിലായിരുന്നതിനാൽ പരുക്കേറ്റില്ല. പ്രഥമശുശ്രൂഷയ്ക്കുശേഷം ഇരുവരും ആശുപത്രി വിട്ടു.

വർക്കല ഹെലിപ്പാഡിൽനിന്നു പറന്നുപൊങ്ങിയ പാരാഗ്ലൈഡറിന് കാറ്റിന്റെ ദിശ മാറിയതുമൂലം നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 350 മീറ്റർ അകലെ പാപനാശം കടപ്പുറത്തെ ഹൈമാസ്റ്റ് വിളക്കിലാണു കുടുങ്ങിയത്. ഏകദേശം 100 അടിയാണ് വിളക്കുതൂണിന്റെ ഉയരം. 80 അടിയോളം ഉയരത്തിൽ തൂങ്ങിക്കിടന്ന ഇരുവരെയും എങ്ങനെ താഴെയിറക്കുമെന്ന് ആശയക്കുഴപ്പമായി. അഗ്‌നിരക്ഷാ സേന വിളക്കുതൂണിനു ചുറ്റും വല വലിച്ചുകെട്ടി. വീണാലുള്ള ആഘാതം കുറയ്ക്കാൻ സമീപത്തെ റിസോർട്ടിൽനിന്നു മെത്തകൾ കൊണ്ടുവന്നു നിരത്തി.

അത്രയും ഉയരം കിട്ടുന്ന ക്രെയിൻ സംഘടിപ്പിക്കുക പ്രയാസമായതിനാൽ മുകളിലെ വിളക്കുമായി ഘടിപ്പിച്ച സ്റ്റീൽ കേബിൾ കറക്കി ഇവരെ താഴെയിറക്കാൻ തീരുമാനിച്ചു. നഗരസഭയിൽ സൂക്ഷിച്ചിരുന്ന ലിവർ എത്തിച്ച് തൂണിന്റെ അടിഭാഗത്തെ ചക്രത്തിൽ ഘടിപ്പിച്ചു. മോട്ടർ ഉപയോഗിച്ചു കറക്കുന്നതു സുരക്ഷിതമല്ലെന്നു വിലയിരുത്തി കൈകൊണ്ടാണ് കറക്കിയത്. ഏതാണ്ട് 40 അടിയായപ്പോഴേക്കും വിളക്കിന്റെ ഒരുഭാഗം ഒടിഞ്ഞ് ഇവർ വലയിലേക്കു വീഴുകയായിരുന്നു. പൊലീസും കെഎസ്ഇബിയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

മരണം മുന്നിൽ കണ്ട് പവിത്രയും സന്ദീപും
വർക്കലയിൽ പലതവണ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് പവിത്ര പാരാഗ്ലൈഡിങ് നടത്തുന്നത്. മനസ്സിലുള്ള പേടി മറച്ചു വെച്ച് ധൈര്യം സംഭരിച്ചായിരുന്നു ആദ്യത്തെ പാരാഗ്ലൈഡിങിന് തയ്യാറായത്. എന്നാൽ അത് ഇത്രയും വലിയ അപകടമാകുമെന്ന് പവിത്ര ഒരിക്കലും കരുതിയില്ല. ശരീരത്തിനേറ്റ വേദനയെക്കാൾ പവിത്രയ്ക്കു ഭയമായിരുന്നു. മരണത്തിന്റെ നൂലിഴപ്പാതയിലൂടെ കടന്നുപോയ അനുഭവം പറയുമ്പോൾ വിറയ്ക്കുകയാണ് പവിത്ര.

3.40നാണു പാരാ ഗ്ലൈഡിങിൽ പറന്നുതുടങ്ങിയത്. പത്തു മിനിറ്റു പറന്നുകഴിയുമ്പോഴാണു അപകടം. കാറ്റിന്റെ ദിശയിൽ വ്യത്യാസമുണ്ടായതോടെ നിയന്ത്രിക്കുന്ന കയറുകൾ ചലിപ്പിക്കാൻ കഴിയാതെ മുറുകി. ഗ്ലൈഡറിന്റെ ഒരു ഭാഗം താഴ്ന്നു. ഇതോടെയാണു പെട്ടന്നു താഴ്ചയിലേക്കു പോയത്. പിന്നെ ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിൽ കുടുങ്ങിയാടിയ ശേഷമാണു പോസ്റ്റിലേക്ക് ചേർന്നുപിടിക്കാനായത്. അങ്ങനെ തൂങ്ങിക്കിടക്കേണ്ടി വന്ന ഒന്നര മണിക്കൂറും മരണം മുന്നിൽ നിന്നപോലെയായിരുന്നുവെന്നു പൊലീസിനോടു പവിത്ര പറഞ്ഞു.

ഒടുവിൽ ഫയർഫോഴ്‌സും പൊലീസും താഴെ നിന്ന് ഓരോ നിർദേശങ്ങൾ വിളിച്ചുപറഞ്ഞപ്പോഴാണു പേടി കുറഞ്ഞത്. ഗ്ലൈഡറിന്റെ കയറുകൾ മെല്ലെ പോസ്റ്റിൽ ചുറ്റാൻ നിർദ്ദേശം നൽകിയപ്പോൾ, അതു ചുറ്റിയതുൾപ്പെടെ നിർദേശങ്ങൾ പവിത്ര പാലിക്കുകയും ചെയ്തു. അതോടെയാണ് രക്ഷിക്കാനെത്തിയവരുടെയും ആശങ്കയൊഴിഞ്ഞത്. രക്ഷാപ്രവർത്തകർ താഴേക്ക് എത്തിക്കുന്നതിനിടെ പകുതി വച്ചാണു ഗ്ലൈഡറിന്റെ കയറുകൾ പൊട്ടി ഇരുവരും താഴെ കരുതിയിരുന്ന വലയിലേക്കു പതിച്ചത്. വലയിൽ വീണയുടനെ ഓടിയെത്തിയ രക്ഷാപ്രവർത്തകരോടു പവിത്ര നന്ദി പറഞ്ഞു:

മിഷൻ ആശുപത്രിയിലെത്തിച്ചു സിടി സ്‌കാനിങ് ഉൾപ്പെടെ പരിശോധന നടത്തി. മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു ഡോക്ടറും വ്യക്തമാക്കി. എട്ടു വർഷമായി പാരാഗ്ലൈഡിങ് പൈലറ്റായി പ്രവർത്തിക്കുന്ന ഉത്തരാഖണ്ഡ് സ്വദേശി സന്ദീപിന്റെ ഓർമയിൽ പരിശീലനത്തിന്റെ ഭാഗമായി അപകടങ്ങൾ ഉണ്ടായതല്ലാതെ പറക്കലിൽ അപകടം ആദ്യമാണ്.