തൃപ്പൂണിത്തുറ: സംഘിയാണെന്ന് വിളിച്ചാൽ അഭിമാനമാണെന്ന് മാധ്യമ പ്രവർത്തക സുജയ പാർവതി പറയുന്നത് ചർച്ചകളിൽ. അന്താരാഷ്ട്ര വനിതാ ദിനത്തിൽ ബിഎംഎസ് എറണാകുളം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിൽ നടന്ന വനിതാ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു സുജയ. 24 ന്യൂസിലെ പ്രധാന മാധ്യമ പ്രവർത്തകയാണ് സുജയ്യ.

നരേന്ദ്ര മോദിയുടെ ഭരണകാലം ഇന്ത്യയിൽ മാറ്റങ്ങൾ കൊണ്ടു വന്നു. ശബരിമലയിലെ സ്ത്രീ പ്രവേശന സമയത്ത് ശബരിമലയിൽ റിപ്പോർട്ട് ചെയ്യാൻ പോകുന്നില്ല എന്ന നിലപാട് താൻ എടുത്തുവെന്നും തന്റെ വിശ്വാസവും നിലപാടും അടിയറവ് വെയ്ക്കാൻ തയ്യാറല്ലെന്നും സുജയ പാർവതി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിൽ നിന്നാണ് സുജയ്യ 24ൽ എത്തിയത്. സുജയ്യയെ നേരത്തെ നിയമസഭയിലേക്കും സ്ഥാനാർത്ഥിയായി ബിജെപി പരിഗണിച്ചതായി റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വാക്കുകൾ ചർച്ചയാകുന്നത്.

'പൊതുവെ ബിഎംസിന്റെ പരിപാടിയിലേയ്ക്ക് മാധ്യമ പ്രവർത്തകർ വരുമ്പോൾ കേൾക്കാറുള്ള ചോദ്യമാണ് സംഘിയാണോ എന്നത്. ബിഎംഎസിന്റെ വേദിയിൽ പങ്കെടുക്കുന്നതു കൊണ്ട് സംഘിയാക്കുകയാണെങ്കിൽ അക്കിക്കോട്ടെ. ബിഎംഎസ് എന്നു പറയുന്നത് സിഐടിയു പോലെയും എഐഎൻടിയുസി പോലെയും ആദരിക്കപ്പെടേണ്ട, അതിനേക്കാൾ ബഹുമാനിക്കപ്പെടേണ്ട സംഘടനയാണ്. ഇക്കഴിഞ്ഞ ഒമ്പത് വർഷക്കാലം കൊണ്ട് നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങൾ എന്തൊക്കെയാണെന്ന് ഒന്ന് തിരിഞ്ഞുനോക്കിയാൽ മതി. അതിന് മുമ്പ് എങ്ങനെയായിരുന്നു എന്ന് ചിന്തിക്കണം. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് ഒരു സമ്മേളനത്തിൽ വന്നിരുന്ന് ഇങ്ങനെയൊക്കെ കേട്ട് കയ്യടിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് ഉണ്ടായിരുന്നുവോ. നിങ്ങളെ ഒന്നിച്ച് ഇരുത്താൻ കഴിയുമായിരുന്നോ. ഇന്ത്യയുടെ ചരിത്രത്തിൽ മാത്രമല്ല, നമ്മുടെയൊക്കെ ജീവിതത്തിൽ തന്നെ മാറ്റം വരുത്തിയ ഒമ്പത് വർഷങ്ങളാണ് കടന്നുപോയത്'.

'കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല. നമ്മുടെ സംസ്ഥാനത്ത് ഒരു ദിവസം 47 സ്ത്രീകൾ അതിക്രമത്തിന് ഇരയാകുന്നു എന്നാണ് ഒരു സർവ്വെ. ഞാൻ പറയുന്നത് യുപിയെ കുറിച്ചോ ഗുജറാത്തിനെ കുറിച്ചോ അല്ല. കേരളത്തെ കുറിച്ച് എത്രപേർക്ക് നിങ്ങളുടെ മുന്നിൽ വന്ന് ഇതുപോലെ പറയാൻ സാധിക്കും. ഒരോ സംഭവം വരുമ്പോഴും തീപാറുന്ന ചർച്ചകൾ നടക്കും. പാർട്ടികളിൽ ഉണ്ടാകുന്ന പരാതികൾ അത് പാർട്ടി കോടതികൾ അന്വേഷിക്കുന്ന കാലമാണ്. എവിടെയാണ് കേരളത്തിൽ സ്ത്രീസുരക്ഷ. ശബരിമലയിലെ സ്ത്രീ പ്രവേശനം ചർച്ചയായ സമയത്ത് ശബരിമലയിൽ റിപ്പോർട്ട് ചെയ്യാൻ പോകുന്നില്ല എന്ന നിലപാട് ഞാൻ എടുത്തു. അതിന്റെ പേരിൽ തൊഴിലിടങ്ങളിൽ എതിർപ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ, അതെന്റെ നിലപാടാണ്, എന്റെ വിശ്വാസമാണ്. എന്റെ വിശ്വാസവും നിലപാടുകളും അടിയറവ് വെച്ചുകൊണ്ടുള്ള ഒരു നേട്ടവും എനിക്ക് വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു' എന്നും സുജയ പറഞ്ഞു.