ഹാംബർഗ്: ജർമ്മനിയിലെ രണ്ടാമത്തെ വലിയ നഗരമായ ഹാംബർഗിൽ യഹോവ സാക്ഷികളുടെ പള്ളിയിൽ അക്രമം. പള്ളിയിലേക്ക് ഇരച്ചു കയറിയ അക്രമി നടത്തിയ വെടിവപ്പിൽ ചുരുങ്ങിഹ്യത് ഏഴ് പേരെങ്കിലും കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്.അതിൽ എട്ടു പേരുടെ നില അതീവ ഗുരുതരം. അറിയിപ്പ് ലഭിച്ച പൊലീസ് സ്ഥലത്ത് എത്തിയ ശേഷവും മുകൾ നിലയിൽ വെടിവെപ്പ് നടന്നതായി പൊലീസ് പറയുന്നു. അക്രമിയും മരിച്ചവരിൽ ഉൾപ്പെടുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

പ്രാദേശിക സമയം രാത്രി 9.15 ഓടെ വിവരം ലഭിച്ച പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോൾ അക്രമി മുകൾ നിലയിൽ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. അക്രമിയോ, ഒന്നിലധികം അക്രമികളോ രക്ഷപ്പെട്ടതായി അറിവില്ലെന്നും ഒന്നുകിൽ അവരും മരണപ്പെട്ടിട്ടുണ്ട് എന്നും അല്ലെങ്കിൽ അവർ കെട്ടിടത്തിനകത്ത് തന്നെ ഇപ്പോഴും ഉണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

കെട്ടിടത്തിനകത്ത് നടന്ന സംഭവങ്ങളെ കുറിച്ച് ഇനിയും വ്യക്തമായ ഒരു ധാരണ ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. അതുപോലെ വെടിവെപ്പിലേക്ക് നയിച്ച കാരണങ്ങളെ പറ്റിയും വ്യക്തത കൈവന്നിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഒരു മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പള്ളിയുടെ മുൻപിൽ അനേകം പൊലീസുകാർ കാവൽ നിൽക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കെട്ടിടത്തിന്റെ മുകൾ നിലയിലേക്ക് തോക്കു ചൂണ്ടി നിൽക്കുന്ന പൊലീസുകാരുടെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്., അതുതന്നെയാണ് അക്രമി കെട്ടിടത്തിനുള്ളിൽ തന്നെ ഉണ്ടെന്ന അനുമാനത്തിന് കാരണമാകുന്നത്. ഗുരുതരമായ പരിക്കുകളേറ്റ എട്ടുപേരെ കൂടാതെ മറ്റ് 24 പേരെ കൂടി പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പൊലീസിനൊപ്പം സംഭവസ്ഥലത്ത് എത്തിയ പാരാമെഡിക്സ് പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകി. പാരാമെഡിക്സ് എത്തിയതിനു ശേഷമാണ് ചിലർ മരണമടഞ്ഞത്. പ്രാദേശിക സമയം രാത്രി 9 മണിയോടെ ഒന്നോ അതിലധികമോ അക്രമികൾ പള്ളിയിൽ കയറി വെടിവെപ്പ് നടത്തുകയായിരുന്നു എന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് എൻ ഡി ആർ റിപ്പോർട്ട് ചെയ്തു. എന്നാൽ, അക്രമത്തിനു പിന്നിലുള്ള കാരണത്തെ കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

അടുത്തകാലത്തായി നിരവധി അക്രമ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു രാജ്യമാണ് ജർമ്മനി. അവയിൽ, ജിഹാദികൾ നടത്തിയ അക്രമങ്ങളും തീവ്ര വലതുപക്ഷങ്ങൾ നടത്തിയ അക്രമങ്ങളും ഉൾപ്പെടും. 2016 ഡിസംബറിൽ ഒരു ക്രിസ്ത്മസ് ചന്തയിലേക്ക് ജിഹാദികൾ ട്രക്ക് കയറ്റി നടത്തിയ ആക്രമണമാണ് ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. അതിൽ 12 പേർ മരണമടഞ്ഞിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയായ ഒരു ടുണീഷ്യക്കാരൻ ആയിരുന്നു അക്രമത്തിനു പിന്നിൽ.