- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഋഷി സുനകിന്റെ കുടിയേറ്റ നയത്തെ ഹിറ്റ്ലറോട് ഉപമിച്ചതിനെ തുടർന്ന് മാച്ച് ഓഫ് ദി ഡേ പരിപാടിയുടെ അവതാരക സ്ഥാനത്തു നിന്നും ഗാരി ലിനേക്കറെ മാറ്റി ബി ബി സി; സഹ അവതാരകരും ബഹിഷ്കരിച്ചതോടെ ബി ബി സി വൻ പ്രതിസന്ധിയിൽ; ആരാധകരും ഉടക്കിൽ
ലണ്ടൻ: ബ്രിട്ടണിലെ അനന്ധികൃത കുടിയേറ്റം തടയാൻ കർശന നടപടികൾക്ക് ഒരുങ്ങുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഹിറ്റ്ലറോട് ഉപമിച്ച് ട്വീറ്റ് ചെയ്ത മുൻ ഫുട്ബോൾ താരം ഗാരി ലിനേക്കറെ പുറത്താക്കിയ നടപടി ബി ബി സിക്ക് വിനയാകുന്നു. ലിനേക്കർ അവതരിപ്പിച്ച മാച്ച് ഓഫ് ദി ഡേ പരിപാടി അവതരിപ്പിക്കാൻ സഹ അവതാരകരും കമന്റേറ്റർമാരും വിസമ്മതിച്ചതോടെയാണിത്. ലിനേക്കറെ പുറത്താക്കിയതോടെ സഹ അവതാരകരായ ഇയാൻ റൈറ്റും അലൻ ഷിയററും പരിപാടി ബഹിഷ്‌കരിച്ചിരിക്കുകയാണ്.
ഏറെ ജനപ്രീതി പിടിച്ചു പറ്റിയ ഈ പരിപാടി അവതരിപ്പിക്കാൻ ഇപ്പോൾ അവതാരകരെ കിട്ടുന്നില്ലെന്ന് ബി ബി സി പറയുന്നു. സാധാരണ കമന്റേറ്റർമാരും ഈ പരിപാടി ബഹിഷ്‌കരിച്ചേക്കും എന്നാണ് ടൈംസിലെ മാറ്റ് ലോ ടൺ ട്വീറ്റ് ചെയ്തത്. യൂണിയൻ പ്രതിനിധികളുമായി ചർച്ചകൾ തുടരുകയാണെന്നും ട്വീറ്റിൽ പറയുന്നു. അങ്ങനെ സംഭവിച്ചാൽ, അധികം അറീയപ്പെടാത്ത അവതാരകരെ ഉപയോഗിച്ച് ഈ പരിപാടി മുൻപോട്ട് കൊണ്ടുപോകേണ്ടതായി വരും.
അതേസമയം, ഗാരി ലിനേക്കറോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിലവിലെ ചില കളിക്കാരും ബി ബി സി പ്രവർത്തകരുമായി സംസാരിക്കാൻ വിസമ്മതിക്കുന്നതായി ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. ഈ പശ്ചാത്തലത്തിൽ പരിപാടിയുടെ ഘടനയിലും ചില വ്യത്യാസങ്ങൾ വരുത്തുന്നതിനെ കുറിച്ച് ബി ബി സി ആലോചിക്കുന്നുണ്ട്. സ്റ്റുഡിയോയ്ക്കുള്ളിലെ രംഗങ്ങളും വിദഗ്ധ വിശകലനങ്ങളും ഒഴിവാക്കി, മൈതാനത്തെ കളിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പരിപാടി അവതരിപ്പിക്കാനാണ് നീക്കം എന്നറിയുന്നു.
അതിനിടയിൽ മാച്ച് ഓഫ് ദി ഡേ പ്രൊഡക്ഷൻ ടീമും പരിപാടി ബഹിഷ്‌കരിക്കാൻ ആലോചിക്കുന്നതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. അവർ തങ്ങളുടെ യൂണിയൻ നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്തതായും, കരുതലോടെ മാത്രമെ കൂടുതൽ തീരുമാനങ്ങൾ എടുക്കുകയുള്ളു എന്നും റിപ്പോർട്ടിൽ പറയുന്നു. സഹ അവതാരകനായ ഇയാൻ റൈറ്റ് ആയിരുന്നു ഇന്നലെ പരിപാടി ബഹിഷ്‌കരണത്തിന് തുടക്കമിട്ടത്. മറ്റൊരു അവതാരകനായ അലൻ ഷിയററും ആ വഴി പിന്തുടരുകയായിരുന്നു.
മറ്റ് അവതാരകരും കമന്റേറ്റർമാരും ഇരുവരെയും പിന്തുണച്ച് എത്തിയതോടെ ബി ബി സി വെട്ടിലാവുകയായിരുന്നു. വാർത്തകളെ കുറിച്ച് പൊതുവേദിയിൽ പ്രതികരണം നടത്തിയ എല്ലാ അവതാരകരെയും ബി ബി സി പിരിച്ചുവിടണമെന്ന് ആവശ്യ;പ്പെട്ട് ബ്രോഡ്കാസ്റ്റർ പിയേഴ്സ് മോർഗനും രംഗത്തെത്തി.. മുൻ കാലങ്ങളിൽ പൊതു വിഷയങ്ങളിൽ ഇടപെട്ട് സംസാരിച്ച സർ ഡേവിഡ് അറ്റൻബറോയേയും ലോഡ് സുഗറിനെയും പിരിച്ചു വിടണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം സമൂഹ മാധ്യമങ്ങളിൽ ബി ബി സിയുടെ തീരുമാനത്തെ എതിർത്തും പിന്തുണച്ചും പോര് മുറുകുകയാണ്. എന്നാൽ, മാച്ച് ഓഫ് ദി ഡേ പരിപാടിയുടെ ആരാധകരിൽ ഏറിയപങ്കും ലിനേക്കറെ പിന്തുണക്കുകയാണ്. ലിനേക്കറെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് പരിപാടി ബഹിഷ്‌കരിക്കുമെന്നും അവരിൽ ചിലർ ഭീഷണി മുഴക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ