ലണ്ടൻ: മരിയാൻ ഗുഡ്മാൻ എന്ന 58 കാരി പുതിയ ബ്രിട്ടീഷ് വാർദ്ധക്യത്തിന്റെ പ്രതീകമാണ്. ഹാർട്ടിൽപൂളിലെ തന്റെ സാധാരണ വീട് വിറ്റ് വടക്ക് കിഴക്കൻ പോളണ്ടിലെ രണ്ടേക്കർ വസ്തുവിലെ വീട്ടിലേക്ക് താമസം മാറ്റുന്നതിന്റെ ആഹ്ലാദം പങ്കിടുകയാണ് അവർ. 61 തന്റെ പങ്കാളി ഗ്ലെനിനൊപ്പമാണ് അവർ പോളണ്ടിലേക്ക് താമസം മാറ്റുനന്ത്. ഇത് അവരുടെ മാത്രം കഥയല്ല. ഇതുപോലെ ആയിരക്കണക്കിന് ബ്രിട്ടീഷുകാരാണ് ജോലിയിൽ നിന്നും വിരമിച്ചശേഷം പുതിയ ജീവിതത്തിലേക്ക് മാറുന്നത്.

പതിമൂന്നാം നൂറ്റാണ്ടിലെറ്റിയുടോണിക് യോദ്ധാക്കളുടെ സ്മരണകൾ ഉറങ്ങുന്ന പുരാതനമായ ഒരു കോട്ടയിൽ നിന്നും അധികം അല്ലാതെയുള്ള ഒരു ഗ്രാമത്തിലേക്കാണ് മുൻ ബാങ്ക് ജീവനക്കാരിയായ മരിയൻ താമസം മാറ്റുന്നത്. 1,30,000 പൗണ്ടിനാണ് രണ്ടേക്കർ വസ്തുവും അതിലെ വീടും വാങ്ങിയതെന്നും അവർ പറയുന്നു. വളർത്തു മൃഗങ്ങളായ രണ്ട് നായ്ക്കളെയും പൂച്ചയേയും ഒപ്പം ഒരു വെള്ളക്കീരിയേയും അവർ കൂടെ പോളണ്ടിലേക്ക് കൊണ്ടുപോകുന്നുണ്ട് ഗ്രാമത്തിൽ താമസിച്ച്, പച്ചക്കറി കൃഷിയൊക്കെ നടത്തണം എന്നത് എക്കാലത്തെയും സ്വപ്നമായിരുന്നു എന്നും അവർ പറയുന്നു.

1970 കളിൽ ഏറെ ജനപ്രീതി നേടിയ ഹാസ്യ പരമ്പരയെ ഓർമ്മിപ്പിച്ചുകൊണ്ട് അവർ പറയുന്നു, ഇത് ഗുഡ് ലൈഫ് പോലെയുണ്ടാകുമെന്ന്. അതുതന്നെയാണ് മുൻ എൻ എച്ച് എസ് ജീവനക്കാരനായ ജോണിനും പറയാനുള്ളത്. അയാളും പോളണ്ടിലേക്ക് താമസം മാറ്റാൻ ഒരുങ്ങുകയാണ്. വടക്ക് പടിഞ്ഞാറൻ പോളണ്ടിലെ ഒരു ഗ്രാമത്തിലേക്കാണ് 73 കാരനായ ജോൺ താമസം മാറ്റുനന്ത്. താൻ സ്പെയിനിലും ലണ്ടനിലും താമസിച്ചിട്ടുണ്ടെന്ന് പറയുന്ന ജോൺ പറയുന്നത് അതിനേക്കാൾ ഒക്കെ മനോഹരം പോളണ്ട് ആണെന്നാണ്.

അതേസമയം, പോളണ്ടിലെ പോസ്നാൻ നഗരത്തിൽ തന്റെ ഇംഗ്ലീഷ് ജോണീസ് എന്ന റെസ്റ്റോറന്റിൽ ഇരുന്ന് ഗിന്നസിന്റെ ഒരു പിന്റ് നുണയുകയാണ് ജോണി ക്രെയ്ഗ്സ് എന്ന ഡുബ്ലിൻ സ്വദേശി. 20 വർഷങ്ങൾക്ക് മുൻപ് പോളണ്ടുകാരിയായ ഗ്രേസ്യാനയെ വിവാഹം കഴിച്ച ജോണി 2014 ൽ ആണ് പോസ്നാനിൽ എത്തുന്നത്. കോച്ച് ഡ്രൈവർ കൂടിയായ അയാൾ യു കെയിലും പോളണ്ടിലുമായി ജീവിതം ആഘോഷിക്കുമ്പോൾ ഭാര്യയാണ് റെസ്റ്റോറന്റിന്റെ ചുമതലകൾ വഹിച്ചിരുന്നത്. 2019 മുതൽ ജോണി ഇവിടെ സ്ഥിരതാമസം ആരംഭിച്ചു.

ബ്രിട്ടനിൽ നിന്നും വിശ്രമ ജീവിതത്തിനായി പോളണ്ടിലേക്ക് കുടിയേറുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2020 ജനുവരി 31 ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടതിനു ശേഷം 2,213 ബ്രിട്ടീഷ് പെൻഷൻ വാങ്ങുന്നവർ പോളണ്ടിലേക്ക് കുടിയേറി എന്നാണ് ഇൻവെസ്റ്റിങ് റീവ്യുസിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്. പണപ്പെരുപ്പത്തിനനുസരിച്ച് ബ്രിട്ടീഷ് പെൻഷൻ വർദ്ധിക്കുമ്പോഴും പോളണ്ടിലെ ജീവിത ചെലവുകൾ വർദ്ധിക്കുന്നില്ല എന്നത് ബ്രിട്ടീഷുകാർക്ക് വലിയ അനുഗ്രഹമാണെന്ന് ഫിനാൻഷ്യൽ അഡ്വൈസ് പോളണ്ടിന്റെ ഉടമ റോസ്സ് നയ്ലോർ പറയുന്നു. മാത്രമല്ല, രണ്ടു രാജ്യങ്ങൾക്കും ഇടയിലെ നികുതി കരാർ പെൻഷൻ വരുമാനത്തെ കവർ ചെയ്യുന്നുമുണ്ട്.

ബ്രിട്ടീഷുകാരെ കൂടുതലായി പോളണ്ടിലേക്ക് ആകർഷിക്കുന്ന മറ്റൊരു കാര്യം കുറഞ്ഞ ജീവിത ചെലവാണ് എന്ന് മുൻ എൻ എച്ച് എസ് ജീവനക്കാരനായ ജോണി പറയുന്നു. 5000 ചതുരശ്ര മീറ്റർ സ്ഥലത്തെ ടെറസ്സോടുകൂടിയ മൂന്ന് കിടപ്പുമുറികൾ ഉള്ള വീട് ജോണി വാങ്ങിയത് 52,000 പൗണ്ടിനാണ്. ലണ്ടനിൽ ഒരു ചെറിയ ഫ്ളാറ്റിലായിരുന്നു താൻ താമസിച്ചിരുന്നതെന്ന് അയാൾ പറയുന്നു. ഇപ്പോൾ ഇത്രയേറെ സൗകര്യങ്ങളായി എന്നും അയാൾ പറയുന്നു.

പുറത്തു പോയി ഭക്ഷണം കഴിക്കുക എന്നത് യു കെയിൽ ചെലവേറിയ ഒരു കാര്യമാണ്. എന്നാൽ, പോളണ്ടിലെ ഒരു ശരാശരി റെസ്റ്റോറന്റിൽ 11 പൗണ്ടിന് മീൽസ് ലഭ്യമാണ്. അതുപോലെ, പോളിഷ് ഭക്ഷണങ്ങൾ അതീവ് സ്വാദിഷ്ടമാണെന്നും അയാൾ പറയുന്നു. വളരെ നല്ല വീഞ്ഞും പോളണ്ടിൽ ലഭ്യമാണ്. ഒരു ബ്രിട്ടീഷുകാരൻ ആയതിൽ തനിക്ക് അഭിമാനമുണ്ടെന്നും, എന്നാൽ, യു കെയിലേതിനേക്കാൾ ജീവിക്കാൻ സൗകര്യവും സുഖവും പോളണ്ടിലാണെന്നും അയാൾ പറയുന്നു.