പുതിയ കുടിയേറ്റ നിയമത്തിന്റെ പേരിൽ ബ്രിട്ടീഷ് സർക്കാരിനെ നാസി ജർമ്മനിയോട് ഉപമിച്ച ഗാരി ലിനേക്കറുടെ ട്വീറ്റിനെ തുടർന്നായിരുന്നു അദ്ദേഹത്തെ ബി ബി സിയിൽ നിന്നും പുറത്താക്കിയത്. അതോടെ, അദ്ദേഹം അവതരിപ്പിച്ചിരുന്ന മാച്ച് ഓഫ് ദി ഡേ എന്ന പരിപാടി കാണികളുടെ എണ്ണത്തിൽ കൂപ്പു കുത്തിയതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു.

പരിപാടിയുടെ ദൈർഘ്യം 20 മിനിറ്റായി വെട്ടിക്കുറച്ചിട്ടുണ്ട്. നാളെ ഒരുപക്ഷെ പരിപാടി ഉണ്ടാകുമോ എന്നുപോലും ഉറപ്പില്ല. ഇതിന്റെ പേരിൽ ബി ബി സി പ്രേക്ഷകരോട് ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്. കോർപ്പറേഷന്റെ നിഷ്പക്ഷത വിളംബരം ചെയ്യാൻ ലിനേക്കറെ പുറത്താക്കൻ മുറവിളി കൂട്ടിയവർ ഇപ്പോൾ തിരിച്ചറിയുന്നു അതൊരു മണ്ടത്തരമായെന്ന്. സഹ അവതാരകരും കമന്റേറ്റർമാരും ഒക്കെ ഗാരി ലിനേക്കർക്ക് പിന്തുണ പ്രഖ്യാപിച്ച് പരിപാടിയിൽ നിന്നും ഒഴിഞ്ഞുമാറിയതോടെ ഒരുകാലത്ത് ഏറ്റവുമധികം പ്രേക്ഷകർ ഉണ്ടായിരുന്ന പരിപാടി ജനപ്രീതിയിലും കൂപ്പുകുത്തി.

അതേസമയം, കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ഐ ടി വി ഇറങ്ങിയിട്ടുണ്ട് എന്ന ചില റിപ്പോർട്ടുകളും പുറത്തു വരുന്നു. ബി ബി സിയുമായുള്ള തർക്കം മുതലെടുത്ത് ഗാരി ലിനേക്കറെ തങ്ങളുടെ പക്കൽ എത്തിക്കാനാണ് ഐ ടി വി ശ്രമിക്കുന്നത്. കുറച്ചു നാളായി ലിനേക്കറെ നോട്ടമിട്ടിരിക്കുന്ന ചാനൽ ഇത് നല്ലൊരു അവസരമായി കാണുന്നു. താൻ അവതരിപ്പിക്കുന്ന പരിപാടിയോടുള്ള ആത്മബന്ധമായിരുന്നു നേരത്തേ ലിനെക്കറെ ഐ ടി വിയുടെ ഓഫർ സ്വീകരിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചത്. ഇപ്പോൾ പുറത്താക്കിയ സ്ഥിതിക്ക് ആ ഒരു ബന്ധം ഇല്ലാതെയായിരിക്കുന്നു.

ബി ബി സിയിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന അവതാരകനാണ് ഗാരി ലിനേക്കർ. 1.35 മില്യൺ പൗണ്ടാണ് ഇവിടെ അദ്ദേഹത്തിന്റെ പ്രതിഫലം. ഐ ടി വി ഇതിന്റെ മൂന്നിരട്ടി വരെ വാഗ്ദാനം നൽകിയിട്ടുണ്ട് എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. മാത്രമല്ല, ലൈൻസൻസ് ഫീസ് നൽകുന്നവരുടെ സഹായത്തോടെയല്ല ചാനൽ പ്രവർത്തിക്കുന്നത് എന്നതിനാൽ, പ്രതിഫലത്തുക വെളിപ്പെടുത്തേണ്ട കാര്യവുമില്ല. മാത്രമല്ല, ഈ 62 കാരന് ഏതൊരു പൊതുയിടത്തും തന്റെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടാകും.

പുരുഷന്മാരുടെയും വനിതകളുടെയും ലോക കപ്പ്, യൂറോ ചാമ്പ്യൻഷിപ്പുകൾ എഫ് എ കപ്പ്, ചാമ്പ്യൻസ് ലീഗ് എന്നിവ സംപ്രേഷണം ചെയ്യുന്നതിനുള്ള അവകാശം ഐ ടി വിക്കുണ്ട്. കഴിഞ്ഞ ദിവസം ലിനേക്കറുടെ മകൻ ജോർജ്ജ് പറഞ്ഞത് ലിനേക്കർ ബി ബി സി വിടാൻ തയ്യാറായേക്കും എന്നായിരുന്നു. ടി വി മേഖലയിൽ ആകർഷകമായ വേതന വ്യവസ്ഥകൾ നടപ്പാക്കുന്ന സ്ഥാപനമാണ് ഐ ടി വി.