- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്യമൃഗങ്ങളെ കൈകാര്യം ചെയ്യേണ്ടതു പ്രാഥമികമായി സംസ്ഥാന സർക്കാരിന്റെ ചുമതല; മനുഷ്യവന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിനുള്ള നടപടിയെടുക്കാൻ അധികാരം സംസ്ഥാനങ്ങളിലെ ചീഫ് വൈൽഡ് ലൈഫ് വാർഡന്; ഉത്തരവാദിത്തമെല്ലാം സംസ്ഥാനത്തിന് നൽകി കേന്ദ്രം; സർക്കാരുകൾ പരസ്പരം പഴിചാരുമ്പോൾ വലയുന്നത് ജനങ്ങളും
തിരുവനന്തപുരം: വനാതിർത്തിയിൽ ജനജീവിതം ദുസഹമാണ്. വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നു. കൃഷി മാത്രമല്ല കാട്ടു മൃഗങ്ങൾ നശിപ്പിക്കുന്നത്. വളർത്തു മൃഗങ്ങളേയും മനുഷ്യരേയും പോലും ആക്രമിക്കുന്നു. കേരളത്തിലെ വനാതിർത്തിയിലുടനീളം മൃഗ ശല്യം രൂക്ഷമാണ്. ഇതിനിടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം ഉത്തരവാദിത്തം ചാരി രക്ഷപ്പെടുന്നു. മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വേട്ടയാടാൻ അനുവാദം നൽകേണ്ടതു സംസ്ഥാന സർക്കാരാണെന്നു കേന്ദ്രം. അങ്ങനെ അല്ലെന്ന് സംസ്ഥാനവും പറയും.
ഇത്തരം മൃഗങ്ങളെ കൊല്ലാൻ കേന്ദ്രത്തിന്റെ നിയമവ്യവസ്ഥകളിൽ ഭേദഗതി വേണമെന്നാവശ്യപ്പെട്ട സിപിഐയുടെ രാജ്യസഭാംഗം പി.സന്തോഷ്‌കുമാറിനാണു കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ മറുപടി. മനുഷ്യനെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ വേട്ടയാടാൻ തടസ്സം കേന്ദ്രവും കേന്ദ്രനിയമങ്ങളുമാണെന്നു കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വാദിക്കുമ്പോഴാണ് ഇതിനു വിരുദ്ധമായി കേന്ദ്രമന്ത്രിയുടെ നിലപാട്. ഇതോടെ എല്ലാം സംസ്ഥാനം നിയന്ത്രിക്കണമെന്ന് വിശദീകരിക്കുകയാണ് കേന്ദ്രമന്ത്രി.
വന്യമൃഗങ്ങളെ കൈകാര്യം ചെയ്യേണ്ടതു പ്രാഥമികമായി സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്നു മന്ത്രി വ്യക്തമാക്കി. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മനുഷ്യവന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിനുള്ള നടപടിയെടുക്കാൻ സംസ്ഥാനങ്ങളിലെ ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് അധികാരമുള്ളത്. മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വേട്ടയാടുന്നതിനുള്ള അനുവാദം നൽകേണ്ടതും ചീഫ് വൈൽഡ് ലൈഫ് വാർഡനാണ്. ഇക്കാര്യത്തിൽ കേന്ദ്ര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കാട്ടിൽ ചൂട് കൂടിയതോടെ ആവാസ വ്യവസ്ഥ വിട്ട് നാട്ടിലേക്കിറങ്ങുന്ന മൃഗങ്ങൾ കർഷകർക്ക് കടുത്ത ഭീഷണിയായികുന്നു. വനത്തിലെ ജലാശയങ്ങൾ വറ്റിയതോടെ കുടിവെള്ളവും ഭക്ഷണവും തേടി ചുറ്റിനടക്കുകയാണ് കേരളത്തിലൂടനീളം ആനക്കൂട്ടം. കടുവയും കാട്ടുപോത്തും കാട്ടു പന്നിയുമെല്ലാം ഭീഷണിയായി ഉണ്ട്. ചക്കകാലം കൂടി ആയതോടെ കാട്ടാന ശല്യം മൂലം കർഷകർ പൊറുതി മട്ടുകയാണ്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനകൾ ഒറ്റരാത്രി കൊണ്ടാണു കർഷകൻ വർഷങ്ങളായി നട്ടു നനച്ച് ഉണ്ടാക്കിയ വിളകൾ നശിപ്പിക്കുന്നത്. മനുഷ്യജീവന് തന്നെ ഭീഷണിയായ നിലയിൽ കടുവ, കരടി, കാട്ടുപന്നി എന്നിവയുടെ ശല്യവുമേറുന്നു.
കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായിത്തീരുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ നടപടി വേണമെന്ന കർഷകരുടെ വർഷങ്ങളായുള്ള ആവശ്യത്തിന് നേരെ കണ്ണടയ്ക്കുന്ന സമീപനമാണ് അധികൃതർക്ക്.
മറുനാടന് മലയാളി ബ്യൂറോ