ലോസ് ഏഞ്ചൽസ്: സ്‌കൈ വെസ്റ്റ് വിമാനം രണ്ട് മണിക്കൂർ വൈകിയത് രണ്ട് ഫ്ളൈറ്റ് അറ്റൻഡന്റ്മാർ തമ്മിലുള്ള വഴക്ക് മൂലം. ഒരു യാത്രക്കാരിയുടെ, സീറ്റ് മാറണമെന്ന ഒരു അപേക്ഷയാണ് വിമാനത്തിലെ രണ്ട് ജീവനക്കാർക്കിടയിൽ ബഹളത്തിനു കാരണമായത്. ഇ എസ് പി എൻ അവതാരകൻ ആഷ്ലി ബ്രൂവർ ടിക്ടോക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് വിചിത്രമായ ഈ സംഭവം പുറംലോകം അറിയുന്നത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ച ലോസ് ഏഞ്ചലസിൽ നിന്നും ഹൂസ്റ്റണിലേക്ക് പോയ വിമാനത്തിലായിരുന്നു സംഭവം. ആഷ്ലിയും ഈ വിമാനത്തിലെ ഒരു യാത്രക്കാരനായിരുന്നു. വിമാനത്തിലെ ഫസ്റ്റ്ക്ലാസിൽ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരി, തനിക്ക് അനുവദിച്ച സീറ്റിനു പകരം മറ്റൊരു സീറ്റിന് അപെക്ഷിച്ചതാണ് ലഹളക്ക് കാരണമായതെന്ന് അവർ പറയുന്നു.. യാത്രക്കാരിയുടെ ഭർത്താവിനൊപ്പം ഇരിക്കാനായിട്ടായിരുന്നു അവർ സീറ്റ് മാറിചോദിച്ചത്.

അവിടെയുണ്ടായിരുന്ന ഒരു പുരുഷ ഫ്ളൈറ്റ് അറ്റൻഡന്റ് ഉടനടി ആ ആവശ്യം അനുവദിച്ചു. എന്നാൽ, അവിടെ ഉണ്ടായിരുന്ന സ്ത്രീ ഫ്ളൈറ്റ് അറ്റൻഡന്റ് അതിനെ എതിർക്കുകയായിരുന്നു. സ്‌കൈ വെസ്റ്റിന്റെ നയങ്ങൾക്ക് എതിരാണ് അത്തരമൊരു ആവശ്യം അനുവദിക്കുന്നത് എന്നതായിരുന്നു കാരണമായി സ്ത്രീ അറ്റൻഡന്റ് ചൂണ്ടിക്കാട്ടിയത്. വിമാനം പറന്നുയരുന്നതിന് 72 മണിക്കൂർ മുൻപ് വരെ മാത്രമെ സീറ്റ് മാറ്റം കമ്പനി അനുവദിക്കുന്നുള്ളു.

ഉടനെ തന്നെ പുരുഷ ജീവനക്കാരൻ ആക്രോശിച്ചു കൊണ്ട് സ്ത്രീ ജീവനക്കാരിക്ക് നേരെ ആക്രോശിച്ചുകൊണ്ട് അറ്റുക്കുന്നു. സ്ത്രീ ജീവനക്കാരിയാണെങ്കിൽ വിമാനത്തിന്റെ മുൻഭാഗത്തേക്ക് ഓടി പോയി അവിടെ നിന്ന് കരയാൻ തുടങ്ങി. പിന്നീട് അവർ കലഹം തുടരുന്നു. ഇടനാഴിയിലൂടെ മുൻപോട്ടും പുറകോട്ടും നടന്ന് അവർ നിയമത്തെ കുറിച്ച് തർക്കിക്കുന്നുണ്ട്. പിന്നെ കാണുന്നത് പുരുഷ ജീവനക്കാരൻ വിമാനത്തിന് പുറത്തേക്ക് പോകുന്നതും അയാൾക്ക് പകരം മറ്റൊരാൾ ജോലിയിൽ കയറുന്നതുമാണ്.

ഏകദേശം ഒരു മണിക്കൂറിന് ശേഷം സ്ത്രീ ജീവനക്കാരിയും വിമാനത്തിൽ നിന്നും പുറത്തേക്കിറങ്ങിപ്പോയി എന്ന് ആഷ്ലി പറയുന്നു. പിന്നീട് യാത്രക്കാർ കാത്തിരിക്കുകയായിരുന്നു എന്നും അവർ പറയുന്നു. പൈലറ്റുമാർ കാബിനിൽ നിന്നും പുറത്തു വന്ന് യാത്രക്കാരോട് സംസാരിക്കാൻ ശ്രമിക്കുന്നുമുണ്ട്. പിന്നീട് വിമാനത്തിൽ ആവശ്യത്തിന് ജീവനക്കാരെ ലഭിക്കാൻ വീണ്ടും കാത്തിരിക്കേണ്ടി വന്നു. ഏതായാലും, ഈ സംഭവത്തെ കുറിച്ച് ഒരു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്ന് സ്‌കൈ വെസ്റ്റ് അറിയിച്ചു.