ലണ്ടൻ: ബ്രിട്ടനിലെക്ക് തിരികെ എത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തുന്ന നിയമനടപടികളിൽ ഷമീമ ബീഗത്തിന് വീണ്ടും തിരിച്ചടി കിട്ടിയിരിക്കുകയാണ്. തിരിച്ചു വരാനുള്ള ഹോം ഓഫീസിന്റെ നടപടിക്കെതിരെ 23 കാരിയായ ഷമീമ ബെഗം സ്പെഷ്യൽ ഇമിഗ്രേഷൻ അപ്പീൽസ് കമ്മീഷനിൽ നൽകിയ അപേക്ഷയും നിരാകരിക്കപ്പെട്ടിരിക്കുന്നു. മനുഷ്യക്കടത്തിന്റെ ഇരയാണെന്ന ഷമീമയുടെ അഭിഭാഷകരുടെ വാദത്തിന് മതിയായ തെളിവുകൾ ഇല്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

ഈ സാഹചര്യത്തിലാണ് നേരത്തേ ഐസിസ് ക്യാമ്പിൽ അടിമയായിരുന്ന ഒരു യുവതിയുടെ വെളിപ്പെടുത്തലുകൾക്ക് പ്രാധാന്യം ഏറുന്നത്. മുൻ സൈനികൻ കൂടിയായ മാധ്യമ പ്രവർത്തകൻ വടക്കൻ കുർദ്ദിസ്ഥാനിൽ വച്ചായിരുന്നു ഇപ്പോൾ ഡില എന്ന് മാത്രം വിളിക്കപ്പെടുന്ന 20 കാരിയായ യുവതിയുമായി അഭിമുഖം നടത്തിയത്. ഈ അഭിമുഖത്തിലാണ് യുവതി ഷമീമ ബീഗത്തെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്.

വെറും 14 വയസ്സുള്ളപ്പോൾ ആയിരുന്നു യസീദി വംശജയായ ഡിലയെ ഐസിസ് ഭീകരർ പിടികൂടുന്നതും ലൈംഗിക അടിമയാക്കുന്നതും. ഏഴുവർഷത്തോളമായിരുന്നു ഈ യുവതിക്ക് ഭീകരകർക്കൊപ്പം ലൈംഗിക അടിമയായി കഴിയേണ്ടി വന്നത്. ഐസിസ് ക്യാമ്പിൽ ഷമീമ ബീഗം ഉണ്ടായിരുന്നു എന്നും ആയുധപരിശീലനം നടത്തിയിരുന്നു എന്നുമാണ് ഇവർ വെളിപ്പെടുത്തുന്നത്. ഇപ്പോഴത്തെ ആധുനിക വസ്ത്രധാരണവും, മനപരിവർത്തനം ഉണ്ടായെന്ന വാദവുമെല്ലാം വെറും അഭിനയം മാത്രമാണെന്നും ഡില പറയുന്നു.

ഐസിസിലെ സ്ത്രീകൾക്കൊപ്പം കഴിഞ്ഞതിനാൽ തന്നെ അവർ എങ്ങനെയാണ് ചിന്തിക്കുന്നത് എന്ന് തനിക്കറിയാം എന്നാണ് ഡില പറയുന്നത്. അവർ ശരിയത്ത് നിയമങ്ങളോട് അങ്ങേയറ്റം കൂരു പുലർത്തുന്നവരാണ്. അത് ഒരിക്കലും ഒഴിവാക്കുകയുമില്ല എന്ന് ഡില ഉറപ്പിച്ചു പറയുന്നു. തുറന്ന മനസ്ഥിതി ഒരിക്കലും അവർക്ക് ഉണ്ടാകില്ല എന്നും ഡില പറഞ്ഞു. തങ്ങളുടെ വിശ്വാസത്തെ അവർ എന്നും മുറുകെ പിടിക്കും എന്നും ഡില കൂട്ടിച്ചേർത്തു. ഐസിസ് വധുക്കളെ തിരികെ കൊണ്ടുവരുന്നത് ടൈം ബോംബിന് സമമാണെന്നാണ് ഡിലയുടെ വാക്കുകൾ സൂചിപ്പിക്കുന്നത് എന്ന് ഡൻകൻ പറയുന്നു.

ഏഴംഗ കുടുംബത്തിലെ അംഗമായ ഡിലയുടെ മറ്റ് കുടുംബാംഗങ്ങളെ കുറിച്ച് ഇപ്പോഴും വിവരങ്ങൾ ഒന്നും തന്നെയില്ല. ഐസിസ് ക്യാമ്പിൽ വെച്ച് ഷമീമ ബീഗം ശരിയത്ത് ക്ലാസുകളിൽ പഠനം നടത്തിയിരുന്നതായി ഡില പറയുന്നു. ഒരു അടിമ എന്ന നിലയിൽ തനിക്കും ക്ലാസ്സുകളിൽ പങ്കെടുക്കേണ്ടി വന്നിട്ടുണ്ട് എന്നും അവർ പറഞ്ഞു. നിരവധി പേരെയാണ് ഭീകരർ നിർബന്ധപൂർവ്വം ശരിയത്ത് ഇസ്ലാമിലേക്ക് മാറ്റിയതെന്നും ഡില പറഞ്ഞു.

ജർമ്മൻ വംശജയായ മറ്റൊരു ഐസിസ് വധുവുമായി ഷമീമ ഏറെ അടുപ്പം പുലർത്തിയിരുന്നു. ജർമ്മൻ ഐസിസ് വധു തട്ടിക്കൊണ്ടുവന്ന പെൺകുട്ടികളെ അടിമച്ചന്തയിൽ വിൽക്കുന്ന സ്ത്രീയായിരുന്നു എന്നും ഡില പറഞ്ഞു. തന്റെ സഹോദരിയുൾപ്പടെ നിരവധി പെൺകുട്ടികളെ ഈ ജർമ്മൻ കാരി അടിമച്ചന്തയിൽ വിറ്റതായും ഡില പറഞ്ഞു. മാത്രമല്ല, ഐസിസ് ക്യാമ്പുകളിൽ ഐസിസ് വധുക്കൾക്കായി നടത്തുന്ന ആയുധ പരിശീലന ക്ലാസ്സുകളിലും ഷമീമ സജീവ സാന്നിദ്ധ്യമായിരുന്നു എന്ന് ഡില പറയുന്നു.

അതിനിടയിൽ, ഷമീമ ബീഗത്തിന്റെ മനപരിവർത്തനം എന്നത് കേവലം നാടകമാണെന്ന് നേരത്തെ ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ആധുനിക വസ്ത്രങ്ങൾ ധരിച്ച് പ്രത്യക്ഷപ്പെടുന്നതും മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്നതുമെല്ലാം ആൾക്കാരിൽ അനുകമ്പ ഉയർത്താനാണെന്നും ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.