- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു ദിവസം കൊണ്ട് ആറായിരം കിലോമീറ്റർ; സുവർണ ചതുഷ്‌കോണ ദേശീയപാതാശൃംഖലയിലൂടെ ഒറ്റയ്ക്ക് സഞ്ചരിച്ച് മലയാളി യുവതി
ബെംഗളൂരു: സുവർണ ചതുഷ്‌കോണ ദേശീയപാതാശൃംഖലയിലൂടെ ഒറ്റയ്‌ക്കൊരു യാത്ര നടത്തി ഒരു മലയാളി യുവതി. ആറു ദിവസം കൊണ്ട് ആറായിരം കിലോമീറ്റർ സഞ്ചരിച്ചാണ് തൃശ്ശൂർ, ചാലക്കുടി അഷ്ടമിച്ചിറ സ്വദേശിനിയായ ജീന മരിയ തോമസ് താരമായത്. വിഷാദ രോഗത്തെ മറികടക്കാൻ യാത്രകൾ തുടങ്ങിയ ജീനയ്ക്ക് യാത്രകൾ പിന്നീട് ഹരമായി മാറുകയായിരുന്നു. 137 മണിക്കൂർകൊണ്ടാണ് ജീന ഇത്രയും നീണ്ട യാത്ര പൂർത്തിയാക്കിത്.
ലോക വനിതാദിനമായ മാർച്ച് എട്ടിന് പുലർച്ചെ 4.45-ന് ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി ഫ്‌ളൈഓവറിൽനിന്നായിരുന്നു തുടക്കം. 13-ന് പുലർച്ചെ 3.45-ഓടെ തിരിച്ചെത്തുകയും ചെയ്തു. ആദ്യമായാണ് ഒരു വനിത കുറഞ്ഞസമയത്തിനുള്ളിൽ ഈ പാത ചുറ്റിസഞ്ചരിക്കുന്നത്. ആകെ 5,846 കിലോമീറ്ററാണ് പാതയെങ്കിലും വലിയനഗരങ്ങളിൽ പാതയിൽനിന്ന് വിട്ടുമാറി അൽപ്പദൂരം സഞ്ചരിക്കേണ്ടിയുംവന്നു. തുടർച്ചയായ യാത്രകൊണ്ടാണ് ഇത്രയുംദൂരം പിന്നിട്ടതെന്ന് ജീന പറയുന്നു.
ആദ്യദിവസം 400 കിലോമീറ്ററോളമേ സഞ്ചരിക്കാനായുള്ളൂ. എന്നാൽ, അവസാന മൂന്നുദിവസവും 1,500 കിലോമീറ്റർ വീതവും സഞ്ചരിച്ചാണ് ഈ കുറഞ്ഞ സമയം കൊണ്ട് യാത്ര പൂർത്തിയാക്കിയത്. രണ്ടുദിവസം മാത്രമായിരുന്നു രാത്രിയിൽ വിശ്രമമെന്ന് ജീന പറയുന്നു. ആ ദിവസങ്ങളിലാണ് പകൽസമയത്ത് 1100 കിലോമീറ്റർ യാത്രചെയ്തത്.
ചെന്നൈ, കൊൽക്കത്ത, ഡൽഹി, മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളെയും 12 സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്നതാണ് സുവർണ ചതുഷ്‌കോണ ദേശീയപാതാശൃംഖല. വിഷാദരോഗം നേരിടുന്ന യുവജനങ്ങൾക്ക് ആത്മവിശ്വാസം പകരുക ലക്ഷ്യമിട്ട് 'എംപ്രേസ് പാഷൻ, ബീറ്റ് ഡിപ്രഷൻ' എന്ന മുദ്രാവാക്യവുമായായിരുന്നു യാത്ര. വിശാഖപട്ടണത്തും വാരാണസിയിലും. മറ്റുസമയങ്ങളിലെല്ലാം ഭക്ഷണത്തിനും മറ്റുമായി കുറച്ചുസമയം ചെലവിട്ടതൊഴിച്ചാൽ പൂർണമായും യാത്രയ്ക്ക് മാറ്റിവെച്ചു.
വിഷാദരോഗത്തെ മറികടക്കാനാണ് ജീന യാത്രകളോട് ചങ്ങാത്തംകൂടിയത്. ജേണലിസം പഠനത്തിനുശേഷം റേഡിയോ ജോക്കിയായും സ്വതന്ത്ര മാധ്യമപ്രവർത്തകയായും ജോലിചെയ്തു. കോവിഡ് കാലത്തിനുശേഷം ഭർത്താവിനൊപ്പം സ്വീഡനിലേക്ക് താമസംമാറി. വിഷാദരോഗം വീണ്ടും അലട്ടിയതോടെയാണ് ബൈക്ക് യാത്രയിലേക്ക് വീണ്ടും തിരിഞ്ഞത്. ഭർത്താവ് ഫ്രെഡിയുടെ പിന്തുണകൂടിയായപ്പോൾ സുവർണ ചതുഷ്‌കോണപാത തിരഞ്ഞെടുത്തു.
യാത്രയിൽ കൊൽക്കത്ത പൊലീസിൽനിന്ന് മോശപ്പെട്ട അനുഭവമുണ്ടായെന്നും ജീന പറയുന്നു. ആത്മവിശ്വാസവും ധൈര്യവും കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. ഉത്തർപ്രദേശിൽവെച്ച് പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞതോടെ ചിലർ രാത്രിയിൽ ഭക്ഷണം നൽകാൻ വിസമ്മതിച്ചത് മറ്റൊരനുഭവം. യാത്രാനുഭവങ്ങൾ പുസ്തകരൂപത്തിലാക്കാനൊരുങ്ങുകയാണ് ജീനയിപ്പോൾ.
ഒരു യൂറോപ്യൻയാത്രയും മനസ്സിലുണ്ട്. പാലത്തിങ്കൽ തോമസിന്റെയും ലൂസിയുടെയും മകളാണ് ജീന. ഭർത്താവ് ഫ്രെഡി സ്വീഡനിൽ സോഫ്റ്റ്‌വേർ എൻജിനിയറാണ്. നേരത്തേ 2018-ൽ ബെംഗളൂരു-പുണെ-ബെംഗളൂരു റൂട്ടിലെ 1667 കിലോമീറ്റർ ബൈക്ക് യാത്ര 24 മണിക്കൂർകൊണ്ട് ജീന പൂർത്തിയാക്കിയിരുന്നു.