- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡയാന രാജകുമാരിയുടെ മരണത്തിൽ കലാശിച്ച അപകടത്തിന്റെ പുനാരാവിഷ്കരണം; തകർന്ന കാറിന്റെ മാതൃകയുടെ ചിത്രം പുറത്തുവന്നു. രാജകുടുംബത്തിന്റെ ചരിത്രം പറയുന്ന നെറ്റ്ഫ്ളെക്സ് സീരീസ് ദി ക്രൗൺ വീണും വിവാദത്തിലാവുമ്പോൾ
ലണ്ടൻ: 1940 മുതൽ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ നാൾവഴികളിലൂടെയുള്ള ഒരു യാത്രയാണ് ദി ക്രൗൺ എന്ന നെറ്റ്ഫ്ളിക്സ് സീരീസ്. നേരത്തേ തന്നെ ഒരുപിടി വിവാദങ്ങൾക്ക് കാരണമായ ഈ സീരീസ് ഇപ്പോൾ വിവാദമാകുന്നത് ഡയാന രാജകുമാരിയുടെ മരണത്തിനു കാരണമായ തകർന്ന കാറിന്റെ മാതൃക പുനസൃഷ്ടിച്ചുകൊണ്ടാണ്. എൽസ്ട്രീ സ്റ്റുഡിയോയിലാണ് ഈ മാതൃക നിർമ്മിച്ചിരിക്കുന്നതെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
1997ഓഗസ്റ്റ് 31 ന് അവർ സഞ്ചരിച്ചിരുന്ന എസ് ക്ലാസ് മേഴ്സിഡസ് ബെൻസ് കാർ പാരിസിലെ പോണ്ട് ഡി എൽ അല്മ ടണലിൽ വെച്ച് അപകടത്തിൽ പെട്ടാണ് ഡയാന രാജകുമാരിയും സുഹൃത്ത് ഡോഡി ഫയദും മരണമടഞ്ഞത്. അപകടത്തിൽ തകർന്ന കാറിന്റെ മാതൃകയുടെ ചിത്രമാണ് ഇപ്പോൾ ഡെയ്ലി മെയിൽ പുറത്തു വിട്ടിരിക്കുന്നത്. വളരെ രഹസ്യമായി ടർപോളിൻ ഇട്ട് മൂടിയാണ് ഈ മാതൃക പാരിസിലെക്ക് കൊണ്ടുവന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ നെറ്റ്ഫ്ളിക്സ് ക്രൂ ഫ്രഞ്ച് തലസ്ഥാനത്ത് ഡയാനയുടെ അവസാനത്തെ യാത്രയുടെ ചിത്രീകരണം നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ അപകടസ്ഥലം പരിശോധിക്കുന്നത് ഉൾപ്പടെയുള്ള ഭാഗങ്ങൾ ഡിസംബറിലും ചിത്രീകരിച്ചിരുന്നു. അപകടത്തിനു ശേഷമുള്ള യഥാർത്ഥ രംഗങ്ങൾ ചിത്രീകരിക്കുകയില്ലെന്ന് അന്ന് നെറ്റ്ഫ്ളിക്സ് പറഞ്ഞിരുന്നു. തകർന്നടിഞ്ഞ കാറും മറ്റും പലർക്കും അസ്വസ്ഥത ജനിപ്പിക്കുമെന്നതിനാൽ അത്തരം രംഗങ്ങൾ ഒഴിവാക്കും എന്നായിരുന്നു പറഞ്ഞിരുന്നത്.
ഡോഡി ഫയദും ഡ്രൈവർ ഹെന്റി പോളും സംഭവസ്ഥലത്തു വച്ചു തന്നെ മരണമടഞ്ഞു. ഡയാനയെ ആശുപത്രിയിൽ എത്തിച്ചതിനു ശേഷമാണ് മരണമടയുന്നത് ബ്രിട്ടീഷ് അംഗരക്ഷകനായ റീസ്- ജോൺസ് മാത്രമായിരുന്നു ജീവനോടെ രക്ഷപ്പെട്ടത്. ദി ക്രൗണിന്റെ ആറാമത്തെ സീരീസാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. 1990 കൾ മുതൽ 2000 ന്റെ ആദ്യകാലങ്ങൾ വരെയുള്ള രാജകുടുംബത്തിന്റെ കഥയാണ്ഇതിൽ പറയുന്നത്.
നേരത്തേ, എലിസബത്ത് ഡെബിക്കി അവതരിപ്പിക്കുന്ന ഡയാന മുൻ ബി ബി സി ജേർണലിസ്റ്റ് മാർട്ടിൻ ബഷീറിന് നൽകിയ കുപ്രസിദ്ധമായ അഭിമുഖം ചിത്രീകരിച്ചിരുന്നു. ഇതും ഏറെ വിവാദമുയർത്തുകയുണ്ടായി. നേരത്തേ ഈ സീരീസിന്റെ അഞ്ചാം ഭാഗത്തിന്റെ ട്രെയ്ലർ പുറത്ത് വിട്ടപ്പോൾ അതിലെ കഥയും കഥാപാത്രങ്ങളും സാങ്കല്പികമാണെന്നഅറിയിപ്പ് നെറ്റ്ഫ്ളിക്സ് നൽകിയിരുന്നു. എന്നാൽ, അത്തരത്തിലൊന്ന് അഞ്ചാം ഭാഗം സംപ്രേഷണം ചെയ്തപ്പോൾ നൽകിയിരുന്നില്ല.
തുടർന്ന് 2020 ൽ ദി ക്രൗൺ എന്ന സീരീസിന്റെ കഥ സത്യത്തെ വളച്ചൊടിക്കുകയാണെന്നും, യഥാർത്ഥ സംഭവങ്ങളെ സാങ്കൽപികതയിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയാണെന്നും, അക്കാര്യം നെറ്റ്ഫ്ളിക്സ് പ്രേക്ഷകരെ അറിയിക്കണം എന്നും ആവശ്യപ്പെട്ട് മെയിൽ ഓൺ സൺഡേ ഒരു കാമ്പെയിൻ ആരംഭിച്ചിരുന്നു. നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കൾ, രാജകുടുംബ ചരിത്രത്തിൽ വ്ഗിദഗ്ധരായവർ, ചാൾസ് രാജാവിന്റെ സുഹൃത്തുക്കൾ എന്നിവർ ആ കാമ്പെയിന് പിന്തുണയുമായി എത്തുകയും ചെയ്തിരുന്നു. പിന്നീട്, കഴിഞ്ഞ വർഷം നെറ്റ്ഫ്ളിക്സ് അത്തരത്തിലൊരു മുന്നറിയിപ്പ് ഷോയിൽ കൂട്ടിച്ചേർത്തിരുന്നു.
ഈ സീരീസിന്റെ കടുത്ത വിമർശകരിൽ ഡയാനയുടെ സഹോദരൻ ഏൾ സ്പെൻസറും ഉൾപ്പെടുന്നു. തന്റെ സഹോദരിയെ ചിത്രീകരിച്ചത് കണ്ട് അസ്വസ്ഥത തോന്നി എന്ന് അദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല,ഇത് ഒരു സാങ്കൽപിക കഥയാണെന്ന കാര്യം ഒരുപക്ഷെ പ്രേക്ഷകർ മറന്നേക്കാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ദി ക്രൗണിന്റെ നാലാം ഭാഗം റിലീസ് ആയപ്പോഴായിരുന്നു ഏൾ സ്പെൻസറുടെ ഈ പ്രതികരണം പുറത്തുവന്നത്. 1979-ൽ മൗണ്ട് ബാറ്റൻ പ്രഭു ഐറിഷ് പോരാളികളാൽ വധിക്കപ്പെടുന്നത് മുതൽ 1990ൽ മാർഗരറ്റ് താച്ചർ പുറത്തു പോകുന്നത് വരെയുള്ള സംഭവങ്ങളായിരുന്നു അതിൽ ഉണ്ടായിരുന്നത്.
ചാൾസിന്റെയും ഡയാനയുടെയും അത്ര സുഖകരമല്ലാത്ത ദാമ്പത്യത്തെയും, രാജ്ഞിയും താച്ചറും തമ്മിലുള്ള സംഘർഷങ്ങളേയുമായിരുന്നു അതിൽ കൂടുതൽ പ്രാധാന്യം നൽകി ചിത്രീകരിച്ചിരുന്നത്. ചാൾസും കാമിലയുമായുള്ള ബന്ധം, ഡയാനയുമായുള്ള വിവാഹത്തിനു ശേഷവും തുടർന്നിരുന്നു എന്ന് അതിൽ തെറ്റായി പ്രതിപാദിച്ചിരുന്നു. സത്യത്തിൽ വിവാഹം കഴിഞ്ഞ് ആദ്യ അഞ്ചു വർഷങ്ങളിൽ ചാൾസിന് കാമിലയുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു.
കുടുംബം നശിക്കാൻ ഇടയാകുമെന്ന് മുന്നറിയിപ്പ് നൽകി മൗണ്ട്ബാറ്റൻ പ്രഭു ചാൾസ് രാജകുമാരന് കത്ത് എഴുതിയതായും ബൽമോറയിൽ വെച്ച് താച്ചർ രാജകുടുംബത്താൽ അപമാനിക്കപ്പെട്ടതായും ഒക്കെ തികച്ചും വാസ്തവ വിരുദ്ധമായ കാര്യങ്ങൾ അതിൽ ഉണ്ടായിരുന്നു. മുൻ ഭാഗങ്ങളിലെ പല രംഗങ്ങൾക്കും എതിരെ ആൻ രാജകുമാരിയും നേരത്തെ രംഗത്ത് വന്നിരുന്നു. ചാൾസ് രാജാവിന്റെ സുഹൃത്തുക്കളും കഴിഞ്ഞ ശരത്ക്കാലത്ത് ഷോ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി രംഗത്ത് എത്തിയിരുന്നു.
ചാൾസ് രാജാവ്, പ്രിൻസ് ഓഫ് വെയ്ൽസ് ആയിരുന്ന കാലത്ത് രാജ്ഞിയെ സ്ഥാനഭൃഷ്ടയാക്കാൻ അന്നത്തെ പ്രധാനമന്ത്രിയുമായി ഗൂഢാലോചന നടത്തുന്ന രംഗം കഴിഞ്ഞ ഒക്ടോവറിൽ വന്നതും എറെ വിവാദമായിരുന്നു. അത്തരത്തിൽ ഒരു സംഭവം നടന്നട്ടേയില്ലെന്നാണ് അന്നത്തെ പ്രധാനമന്ത്രി സർ ജോൺ മേജർ മാധ്യമങ്ങളോട് പറഞ്ഞത്.
മറുനാടന് ഡെസ്ക്