ലണ്ടൻ: ലൈംഗികാപവാദത്തിൽ ഉൾപ്പെട്ട് രാജപദവികൾ ഒഴിയേണ്ടി വന്ന ആൻഡ്രൂ രാജകുമാരന്റെ മുൻ ഭാര്യ സാറാ ഫെർഗുസണിന്റെ സുഹൃത്തും ശതകോടീശ്വരനുമായ ട്രാമൽ ക്രോ സെക്സ് റാക്കറ്റിന് ധനസഹായം നൽകിയതായി അമേരിക്കൻ കോടതിയിൽ പരാതി എത്തിയിരിക്കുന്നു. രണ്ട് സ്ത്രീകൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട മനുഷ്യക്കടത്തിലാണ് ഇപ്പോൾ ഈ 72 കാരന്റെ പേരും ഉൾപ്പെട്ടിരിക്കുന്നത്. 6 ബില്യൺ പൗണ്ടിന്റെ ആസ്തിയുള്ള ഈ കോടീശ്വരൻ ഒരു പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ്.

തന്റെ പുതിയ നോവലിന്റെ പ്രചരണാർത്ഥം സാറ ഫെർഗുസൻ അമേരിക്കയിൽ പര്യടനം നടത്താൻ ഇരിക്കവെയാണ് ഈ പരാതി ഉയർന്ന് വന്നിരിക്കുന്നത്. നേരത്തേ കുട്ടിപീഡകനായ ജെഫ്രി എപ്സ്റ്റീനിനൊപ്പം ബാല പീഡനത്തിൽ ഉൾപ്പെട്ടു എന്ന ആരോപണം നേരിടുന്ന മുൻ ഭർത്താവ് ആൻഡ്രുവിനെ,ം അമേരിക്കൻ മാധ്യമങ്ങളിൽ നടത്തിയ അഭിമുഖങ്ങളിൽ സാറ ഏറെ പുകഴ്‌ത്തിയിരുന്നു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഈ കേസിലായിരുന്നു ആൻഡ്രുവിന് രാജപദവികൾ നഷ്ടമായത്.

ഇപ്പോൾ ക്രോക്കെതിരെ കാലിഫോർണിയ കോടതിയിൽ പരാതി നൽകിയിരിക്കുന്നത് ജൂലിയ ഹബ്ബാർഡ്, കായ്ല ഗൊഡിങ്ങസ് എന്നീ രണ്ട് വനിതകളാണ്. ഇക്കഴിഞ്ഞ വർഷം നവംബറിലാണ് ഇവർ പരാതി നൽകിയത്. ക്രോ യിൽ നിന്നുള്ള സാമ്പത്തിക സഹായം ഉപയോഗിച്ച് റിച്ചാർഡ് ഹബ്ബാർഡ് എന്ന വ്യക്തിയാണ് ഈ റാക്കറ്റ് നടത്തുന്നത് എന്നാണ് പരാതിയിൽ പറയുന്നത്.

പരിസ്ഥിതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങളുമായിരുന്നു സാറ ഫെർഗുസനെ ക്രോയുമായി അടുപ്പിച്ചത്. ഈ മാസം ആദ്യമായിരുന്നു അവർ തമ്മിലുള്ള സൗഹൃദം ആദ്യമായി പരസ്യമായത്. ബല പ്രയോഗം, ഭീഷണി, തട്ടിപ്പ് എന്നിവ ഉപയോഗിച്ച് ഈ രണ്ട് സ്ത്രീകളെയും ഹബ്ബാർഡ് ലൈംഗിക വ്യാപാരത്തിന് നിർബന്ധിതരാക്കി എന്നാണ് പരാതിയിൽ പറയുന്നത്. മനുഷ്യക്കടത്ത് ഉൾപ്പടെയുള്ള കാര്യങ്ങൾക്കായി പ്രതികൾ ഗൂഢാലോചന നടത്തിയതായും പരാതിയിൽ ആരോപിക്കുന്നു.

സനാക്സ് പോലുള്ള മയക്കുമരുന്നുകൾ നൽകിയാണ് ഹബ്ബാർഡ് ഇരകളെ ലൈംഗിക വൃത്തിക്ക് നിർബന്ധിതരാക്കിയതെന്ന് പരാതിയിൽ പറയുന്നുണ്ട്. ഈ റാക്കറ്റിന്റെ നിലനിൽപ്പ് തന്നെ ക്രോവിന്റെ സമ്പത്തിന്റെ അടിത്തറയിലാണെന്നും പരാതിയിൽ പറയുന്നു. ക്രോവിന് സ്വന്തമായുള്ള വീടുകളിൽ എല്ലാം തന്നെ സ്ത്രീകളുടെ നിശാവസ്ത്രങ്ങൾക്കായി പ്രത്യേകം ഷെല്ഫുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും അയാളുടെ സ്ത്രീ അതിഥികൾക്കായി ഉപയോഗിക്കാൻ വിവിധ മോഡലുകളിലുള്ള നിശാവസ്ത്രങ്ങൾ അവയിൽ ഉണ്ടെന്നും ഇരകൾ പറയുന്നു.

ക്രോ ഉൾപ്പെട്ട സെക്സ് പാർട്ടികൾ, മയക്കുമരുന്ന് ഇടപാടുകൾ എന്നിവയെ കുറിച്ചും പരാതിയിൽ പരാമർശമുണ്ട്. അതേസമയം, പരാതിക്കാരായ സ്ത്രീകൾ അവരെ പീഡിപ്പിച്ചു എന്ന് ആരോപിക്കപ്പെടുന്ന പുരുഷന്മാരുമായി സംഭവം നടക്കുമ്പോൾ വിവാഹ ബന്ധത്തിലോ പ്രണയ ബന്ധത്തിലോ ആയിരുന്നു എന്നാണ് കേസ് റദ്ദാക്കണമെന്ന അപേക്ഷയിൽ ക്രോവിന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ദീർഘകാലമായി നടക്കുന്ന ഗാർഹിക കലഹങ്ങളിൽ പ്രതികാരം തീർക്കാൻ മനുഷ്യക്കടത്തിനെതിരെയുള്ള നിയമം ദുരുപയോഗം ചെയ്യുകയാണെന്നും അതിൽ പറയുന്നു.