കണ്ണൂർ: ഇടതുമുന്നണി കൺവീനർ ഇ പി ജയരാജന്റെ ഭാര്യക്കും മകനും നിക്ഷേപമുള്ള മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ട് അധികൃതർക്ക് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ടി.ഡി.എസ് സംബന്ധിച്ച് മാർച്ച് 27നകം മുഴുവൻ രേഖകളും ഹാജരാക്കാനാണ് നിർദ്ദേശം. ടി.ഡി.എസുമായി ബന്ധപ്പെട്ട് റിസോർട്ട് അധികൃതർ ഇതിനകം നൽകിയ മുഴുവൻ രേഖകളും അപൂർണമാണെന്ന നിഗമനത്തിലാണ് ആദായനികുതി വകുപ്പിന്റെ പുതിയ ഉത്തരവ്.

ആദായനികുതി വകുപ്പ് കണ്ണൂർ യൂണിറ്റിന്റെ ടി.ഡി.എസ് വിഭാഗമാണ് നോട്ടീസ് നൽകിയത്. പരിശോധനക്കു പിന്നാലെയാണ് നോട്ടീസ്. പലതവണ കണക്കുകൾ നൽകിയെങ്കിലും എല്ലാം പൂർണമല്ലെന്ന നിലക്കാണ് വീണ്ടും നോട്ടീസ് അയച്ചത്.

യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിൽ വിജിലൻസും റിസോർട്ടിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. റിസോർട്ട് അധികൃതരോട് നികുതി സംബന്ധമായ കണക്കുകൾ ഇന്ന് ഹാജരാക്കാനാണ് ടിഡിഎസ് വിഭാഗം ആവശ്യപ്പെട്ടിരുന്നത്. വിവാദമായ കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടിൽ ആദായ നികുതി വകുപ്പ് ടി ഡി എസ് വിഭാഗം ഈ മാസം രണ്ടിന് പരിശോധന നടത്തിയിരുന്നു. നികുതി അടക്കുന്നതമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു പരിശോധന.

അന്ന് ഉദ്യോഗസ്ഥർ കൊണ്ടു പോയ രേഖകളുമായി ബന്ധപ്പെട്ട കണക്കുകൾ ഹാജരാക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ, നൽകിയ രേഖകൾ അപൂർണ്ണമാണെന്നുള്ള കണ്ടെത്തലിനെ തുടർന്നാണ് നികുതി സംബന്ധമായ മുഴുവൻ രേഖകളും ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. വൈദേകം റിസോർട്ടിൽ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്റെ ഭാര്യക്കും മകനും കൂടി 91 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഓഹരികൾ വിൽക്കാൻ ഇവർ നീക്കം തുടങ്ങിയിരുന്നു.