- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാരിയെ വിസ റദ്ദാക്കി അമേരിക്ക തിരിച്ചയക്കുമോ? പുസ്തകത്തിൽ പറഞ്ഞ ലഹരി ഉപയോഗത്തെ കുറിച്ച് വിസ അപേക്ഷകളിൽ രാജകുമാരൻ പറഞ്ഞിട്ടുണ്ടെങ്കിൽ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം; ഭാര്യയ്ക്ക് വേണ്ടി ബ്രിട്ടണെ ഉപേക്ഷിച്ച ഹാരിക്ക് പുതിയ തലവേദന
ലോസ് ആഞ്ചലസ്: ഭാര്യയ്ക്കു വേണ്ടി സ്വന്തം രാജ്യം ഉപേക്ഷിച്ചു പോയ ഹാരിക്ക് ഇപ്പോൾ അമേരിക്കയിലും നിൽക്കക്കള്ളി ഇല്ലാതാവുകയാണ്. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണുവെന്നു പറയുന്ന അവസ്ഥയിലാണ് ഹാരി ഉള്ളത്. ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ അതിരില്ലാതെ ആരോപണങ്ങൾ ഉന്നയിച്ച സ്‌പെയർ എന്ന പുസ്തകത്തിലും ടിവി ഇന്റർവ്യൂകളിലും താൻ കൊക്കെയ്‌നും കഞ്ചാവും മാജിക് മഷ്‌റൂമുകളും ഉപയോഗിച്ചിട്ടുണ്ടെന്നും ഹാരി തുറന്നു പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ ഹാരിക്ക് വിനയായി മാറിയിരിക്കുന്നത്. 2020ൽ മേഗൻ മാർക്കലിനൊപ്പം കാലിഫോർണിയയിലേക്ക് കുടിയേറുന്നതിന് മുമ്പ് തന്റെ മയക്കുമരുന്ന് ഉപയോഗം സമ്മതിച്ചിട്ടുണ്ടെങ്കിൽ ഹാരിയുടെ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഒരു സംഘം ഇപ്പോൾ.
ഹാരി തന്റെ മയക്കുമരുന്ന് ഉപയോഗം അമേരിക്കൻ വിസാ അപേക്ഷയിൽ പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് അമേരിക്കൻ നികുതിദായകർക്ക് മനസ്സിലാക്കാൻ കഴിയുമെന്നതിനാൽ അദ്ദേഹത്തിന്റെ വിസ അപേക്ഷ ഇപ്പോൾ റിലീസ് ചെയ്യണമെന്നാണ് ഹെറിറ്റേജ് ഫൗണ്ടേഷൻ പറയുന്നത്. യുഎസ് ഇമിഗ്രേഷൻ നിയമത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരോട് കള്ളം പറഞ്ഞതിന് നാടുകടത്തലും പൗരത്വത്തിന് അപേക്ഷിക്കുന്നതിൽ നിന്ന് വിലക്കുന്നതും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകളുണ്ട്.
'ഹാരി രാജകുമാരന്റെ അനധികൃത ലഹരി ഉപയോഗം വിസ അസാധുവാക്കാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല, രാജകുമാരന്റെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് കൂടുതൽ വ്യക്തതയും ലഭിക്കേണ്ടതാണ് എന്നതിന്റെ വെളിച്ചത്തിൽ ഈ അഭ്യർത്ഥന പൊതുതാൽപര്യമായി കണക്കാക്കണമെന്നാണ് ഹെറിറ്റേജ് ഫൗണ്ടേഷന്റെ മേൽനോട്ട പദ്ധതിയുടെ ഡയറക്ടർ മൈക്ക് ഹോവൽ പറഞ്ഞിരിക്കുന്നത്.
വിസാ അപേക്ഷകന് മയക്കുമരുന്ന് ഉപയോഗത്തിന്റെ ചരിത്രമുണ്ടെങ്കിൽ അപേക്ഷകൾ സാധാരണയായി തള്ളിക്കളയുമെന്ന് വിദഗ്ധരും തറപ്പിച്ചുപറഞ്ഞു. ബോർഡർ ഉദ്യോഗസ്ഥർക്ക് ഇക്കാര്യം അറിയാമായിരുന്നെങ്കിൽ, അദ്ദേഹം ഒരു രാജകുമാരനായതിനാലും ഭാര്യ ടിവി താരമായതിനാലും പ്രത്യേക പരിഗണന നൽകിയോ എന്ന ചോദ്യവും ഉയർത്തുന്നതിനൊപ്പം അത് നിയമവിരുദ്ധമാണെന്നും ഹെറിറ്റേജ് ഫൗണ്ടേഷൻ പറയുന്നു.
ഈ വിഷയത്തിൽ ഹാരിയുടെ അഭിപ്രായമറിയുന്നതിനായി അദ്ദേഹത്തിന്റെ പ്രതിനിധികളെ മാധ്യമങ്ങൾ സമീപിച്ചു. എന്നാൽ, 'ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിന്റെ (ഐഎൻഎ) സെക്ഷൻ 222 (എഫ്) പ്രകാരം വിസാ രേഖകൾ രഹസ്യമാണ്; അതിനാൽ, ഞങ്ങൾക്ക് വ്യക്തിഗത വിസ കേസുകളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ കഴിയില്ല എന്നാണ് ഒരു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞത്.
17-ാം വയസ്സിൽ ഒരു ഷൂട്ടിങ് വാരാന്ത്യത്തിൽ താൻ ആദ്യമായി കൊക്കെയ്ൻ കഴിച്ചതായാണ് 'സ്‌പെയർ' എന്ന തന്റെ ആത്മകഥയിൽ ഹാരി വെളിപ്പെടുത്തിയത്. കാലിഫോർണിയയിൽ സെലിബ്രിറ്റികൾ നിറഞ്ഞ ഒരു പരിപാടിക്കിടെയും മേഗനുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷവും കഞ്ചാവ് വലിച്ചതായും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. സൈക്കഡെലിക് മയക്കുമരുന്നായ അയാഹുവാസ്‌കയുടെ 'പോസിറ്റീവ്' അനുഭവത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അത് എനിക്ക് ഒരു വിശ്രമം, വിടുതൽ, ആശ്വാസം എന്നിവ കൊണ്ടുവന്നുവെന്നും കുറച്ച് സമയത്തേക്ക് തനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞുവെന്നുമാണ് ഹാരി വെളിപ്പെടുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ