രണശേഷം നമുക്ക് എന്താണ് സംഭവിക്കുക? കാലാകാലങ്ങളായി മനുഷ്യർ ഉത്തരം തേടിക്കൊണ്ടിരിക്കുന്ന ചോദ്യമാണിത്. ഇപ്പോഴിതാ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഒരു 55 കാരൻ തന്റെ അനുഭവം വെളിപ്പെടുത്തുന്നു. ചർമ്മകലകളിലെയും മറ്റും ചെറിയ രക്തക്കുഴലുകളിൽ കാൽസ്യം അടിഞ്ഞു കൂടുന്ന കാൽസിഫൈലാക്സിസ് എന്ന അപൂർവ്വ രോഗം ബാധിച്ച് കെവിൻ ഹിൽ എന്ന ഈ 55 കാരൻ ചികിത്സയിലായിരുന്നു.

ഡെർബി റോയൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കവെ ഇയാളുടെ ഹൃദയ സ്പന്ദനം പൊടുന്നനെ നിലച്ചു പോവുകയായിരുന്നു. ശാന്തമായ യാത്രയിൽ പക്ഷെ മുൻപോട്ട് നയിക്കാൻ വെളിച്ചമൊന്നും ഇല്ലെന്നാണ് എഴുത്തുകാരൻ കൂടിയായ കെവിൻ ഹിൽ പറയുന്നു. മരണത്തിലേക്കും തിരിച്ചു ജീവിതത്തിലേക്കും ഉള്ള യാത്ര പക്ഷെ തികച്ചും ശാന്തമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിലേക്ക് തിരികെയെത്തിയ അദ്ഭുത മനുഷ്യൻ എന്ന് അയാളെ ചികിത്സിക്കുന്ന ഡോക്ടർമാർ വിളിക്കുന്ന കെവിൻ പറയുന്നത് അവിടെ വെച്ച് താൻ തന്റെ ശരീരത്തിൽ നിന്നും അകന്നു എന്നായിരുന്നു. ഒരു ആത്മാക്കളുടെ ലോകത്തായിരുന്നു താൻ. എന്താണ് സംഭവിച്ചത് എന്നും എന്താണ് സംഭവിക്കുന്നത് എന്നും തികഞ്ഞ ബോധം ഉണ്ടായിരുന്നു എന്നും അയാൾ പറയുന്നു. എന്നാൽ, മനസ്സ് തികച്ചും ശാന്തമായിരുന്നു.

ഹൃദയത്തിലെ വാൽവിന് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ 2022 ജനുവരിയിൽ ഹിൽ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിനെ തുടർന്ന് കാലുകളിൽ ജലം അടിഞ്ഞു കൂടാൻ തുടങ്ങി. ഒരു വർഷത്തെ ചികിത്സക്ക് ശേഷം 65 കിലോ ജലഭാരം കുറക്കാൻ കഴിഞ്ഞെങ്കിലും അയാളെ കാൽസിഫൈലാക്സിസ് ബാധിക്കുകയായിരുന്നു. അതിന്റെ ഭാഗമായി രക്തം കട്ടപിടിക്കാനും ചർമ്മത്തിൽ അൾസറുകൾ വരാനും ആരംഭിച്ചു.

അൾസറുകളിൽ നിന്നും രക്തം വാർന്നൊഴുകാൻ തുടങ്ങിയതിനാൽ ഹൃദയം പ്രവർത്തന രഹിതമാവുകയും അയാൾ മരണമടയുകയുമായിരുന്നു എന്ന് അയാൾ അവകാശപ്പെടുന്നു. എന്നാൽ, ഏതാനും നിമിഷം മാത്രമായിരുന്നു മരണം. ഏറെ വൈകാതെ ഡോക്ടർമാർ അയാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നുവത്രെ. താൻ മരിച്ചു വെന്ന് തനിക്ക് മനസ്സിലായി. ശരീരത്തിൽ നിന്നും വേർപ്പെട്ട ആത്മാവ്, എൻ എച്ച് എസ് ജീവനക്കാർ തന്റെ ശരീരത്തിലെ രക്തസ്രാവം നിർത്താൻ ശ്രമിക്കുന്നതൊക്കെ കണ്ടുനിന്നു എന്നും അയാൾ അവകാശപ്പെടുന്നു.

പിന്നീട് താൻ ഒന്ന് മയങ്ങി. എഴുന്നേറ്റപ്പോൾ തനിക്ക് ജീവനുണ്ടായിരുന്നു, രക്തമൊഴുക്ക് നിലച്ചിരുന്നു. മരിക്കാൻ സമയമായിട്ടില്ലെന്ന് തനിക്ക് മനസ്സിലാകുകയും ചെയ്തു എന്ന് അയാൾ കൂട്ടിച്ചേർത്തു. രണ്ടാം ജന്മത്തിൽ എത്തിയതോടെ തന്റെ മുൻഗണനകൾക്ക് മാറ്റം വരുത്തേണ്ടി വന്നു എന്നും അയാൾ പറയുന്നു. താൻ ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയപ്പോഴേക്കും കുടുംബാന്തരീക്ഷം ഏറെ മാറിയിരുന്നു. താൻ കൂടുതൽ ഒതുങ്ങിക്കൂടാൻ തുടങ്ങി എന്നും അയാൾ പറയുന്നു.

ഏതാണ്ട് പൂർണ്ണമായും സുഖപ്പെട്ട കെവിൻ ഹിൽ ഇപ്പോൾ തന്റെ 52 കാരിയായ ഭാര്യ കാമില്ലെക്കൊപ്പം സ്വന്തം വീട്ടിൽ സുഖമായി കഴിയുന്നു. വലതു കാലിൽ അല്പം വേദനയുണ്ടെങ്കിലും അത് സഹിക്കാവുന്ന വേദന മാത്രമാണെന്നും അയാൾ പറയുന്നു.