ന്യൂയോർക്ക്: അമേരിക്കയെ നടുക്കി വീണ്ടും സ്‌കൂളിൽ വെടിവെയ്‌പ്പ്. തിങ്കളാഴ്ച രാവിലെ ടെനിസിയിലെ നാഷ്വില്ലെയിൽ ദി കവനന്റ് സ്‌കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റു. മൂന്നു കുട്ടികളും മൂന്നു മുതിർന്നവരുമാണ് ആക്രമണത്തിൽ മരിച്ചത്. അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തി. കൗമാരക്കാരിയായ പെൺകുട്ടിയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

ബർട്ടൺ ഹില്ലിലെ പ്രെസ്ബിറ്റീരിയൻ ചർച്ചിനോട് ചേർന്ന് പ്രവർത്തിക്കുന്ന കോൺവെന്റ് സ്‌കൂളിലെത്തിയ തോക്കുധാരി നിറയൊഴിക്കുകയായിരുന്നു. അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തിയതായി നാഷ്വില്ലെ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പൊലീസും അക്രമിയും ഏറ്റുമുട്ടിയിരുന്നു. എന്നാൽ ഇതിന് മുൻപ് തന്നെ മൂന്ന് കുട്ടികൾ വെടിയേറ്റ് മരിച്ചിരുന്നു.

മൂന്ന് കുട്ടികളെയും മൂന്ന് മുതിർന്നവരെയും ഗുരുതര പരിക്കുകളോടെ വാൻഡർബിൽറ്റിലെ മൺറോ കാരെൽ ജൂനിയർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഉടൻ എത്തിച്ചെങ്കിലും ഇവർ മരിച്ചതായി വണ്ടർബിൽറ്റ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്റർ വക്താവ് ക്രെയ്ഗ് ബോർനർ പറഞ്ഞു.

2001 ൽ പ്രവർത്തനമാരംഭിച്ച കോൺവെന്റ് സ്‌കൂൾ നാഷ്വില്ലിയിലെ പ്രെസ്ബിറ്റീരിയൻ പള്ളിക്ക് കീഴിലാണ് പ്രവർത്തിച്ച് വരുന്നത്. പ്രീ സ്‌കൂൾ മുതൽ സിക്‌സ്ത് ഗ്രേഡ് വരെയുള്ള 200 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

നാഷ്വില്ലെ നഗരമധ്യത്തിൽ നിന്ന് ഒമ്പത് മൈൽ തെക്കുകിഴക്കായി. നാഷ്വില്ലെ ഫയർ ഡിപ്പാർട്ട്മെന്റ് സ്റ്റേഷന്റെ തൊട്ടടുത്താണ് വെടിവെയ്പ് ഉണ്ടായതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. വെടിവയ്‌പ്പിനെക്കുറിച്ച് കേട്ടപ്പോൾ ഹൃദയം തകർന്നതായി സെൻ. മാർഷ ബ്ലാക്ക്‌ബേൺ പറഞ്ഞു.

അമേരിക്കയിൽ ഇടയ്ക്കിടെ സ്‌കൂളുകളിലും പൊതു സ്ഥലങ്ങളിലും വെടിവെയ്‌പ്പുണ്ടാകുന്നത് തുടർക്കഥയായതോടെ തോക്ക് കൈവശം വെയ്ക്കുന്നത് സംബന്ധിച്ച നിയമങ്ങളിൽ നിയന്ത്രണം കൊണ്ട് വരണമെന്ന ആവശ്യം ശക്തമായിരുന്നു. വിവിധ പ്രവിശ്യകളിൽ ഇത് സംബന്ധിച്ച് പ്രതിഷേധവുമരങ്ങേറിയിരുന്നു. ഇതിനിടയിലാണ് വീണ്ടും വെടിവെയ്പുണ്ടായതും മൂന്ന് കുരുന്നുകളുടെ ജീവൻ പൊലിഞ്ഞതും.