- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം വൃദ്ധരെ കൊണ്ട് നിറയുന്നതിനാൽ പ്രേതനഗരം! തിരുവല്ലയിലെ കുമ്പനാട് എത്തിയ ബിബിസി സംഘം വൃദ്ധർ മാത്രം താമസിക്കുന്ന വീടുകളെ നോക്കി വിളിച്ചത് പ്രേത നഗരമെന്ന്; നല്ല ഫോട്ടോകൾ എടുത്തിട്ട് പ്രസിദ്ധീകരിച്ചത് തെറ്റിദ്ധാരണ പരത്തുന്ന ചിത്രങ്ങളെന്ന് അന്നമ്മയുടെ കുടുംബം; വീണ്ടും ബിബിസി വിവാദം; ബ്രിട്ടണിലെ മലയാളികൾ പ്രതിഷേധത്തിൽ
ലണ്ടൻ: കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസി മലയാളികൾ ഉള്ളത് തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും ആണെന്നത് മലയാളികൾക്കെങ്കിലും പുതിയ കാര്യമല്ല. എന്നാൽ തിരുവല്ലയിലെ കുമ്പനാട് എന്ന സ്ഥലത്തെത്തിയ ബിബിസി സംഘം കണ്ടുപിടിച്ചത് ഇവിടെയുള്ള മിക്ക വീടുകളിലും പ്രായം ചെന്നവർ മാത്രമാണ് എന്ന കാര്യമാണ്. ഇതോടെ കുമ്പനാടിനെ ഒരു ചൂണ്ടുപലകയാക്കി മാറ്റി കേരളം അതിവിദൂരമല്ലാത്ത ഭാവിയിൽ വൃദ്ധരെ കൊണ്ട് നിറയുന്ന ഒരു സംസ്ഥാനം ആയി മാറുമെന്നും ബിബിസി നിരീക്ഷിക്കുന്നു.
ഇതിൽ വലിയ അതിശയോക്തി ഇല്ലെന്നും പൊതുവിൽ സമൂഹം അംഗീകരിക്കുകയൂം ചെയ്യും. എന്നാൽ തങ്ങളുടെ റിപ്പോർട്ടിന് ആധികാരികത വരുത്താൻ ബിബിസി സംഘം ഉപയോഗിച്ച ചിത്രങ്ങൾ തെറ്റിദ്ധരിപ്പിച്ചാണ് ഉപയോഗിച്ചിരിക്കുന്നതെന്നു വാർത്തയിൽ പ്രത്യക്ഷപ്പെട്ട വൃദ്ധ മാതാവിന്റെ മക്കൾ തന്നെ ആക്ഷേപം ഉയർത്തിക്കഴിഞ്ഞു. ഇത് സോഷ്യൽ മീഡിയയിലും വ്യാപകമായി എത്തിയിട്ടുണ്ട്.
ഇതോടെ ബിബിസിക്ക് എതിരെ നിയമ നടപടി സാധ്യമാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. കുമ്പനാട് സ്വദേശിയായ അന്നമ്മ ജേക്കബ് എന്ന വൃദ്ധ മാതാവിന്റെ ആകുലത നിറഞ്ഞ നോട്ടവുമായുള്ള ചിത്രമാണ് ബിബിസി തെറ്റിദ്ധരിപ്പിച്ചു പകർത്തി പ്രസിദ്ധീകരിച്ചിരിക്കുന്നത്. നല്ല ചിത്രങ്ങൾ ഉപയോഗിക്കും എന്ന ധാരണയിലാണ് അന്നമ്മ ഫോട്ടോഷൂട്ടിനു തയ്യാറായതും. എന്നാൽ സംഭവിച്ചത് നേരെ തിരിച്ചും. ഇവരെക്കുറിച്ചുള്ള കൂടുംബപരമായ മുഴുവൻ വിവരങ്ങളും നൽകിയാണ് വാർത്ത പുറത്തു വന്നിരിക്കുന്നതും, തങ്ങൾ പറയാൻ ഉദ്ദേശിക്കുന്ന വാർത്തയുടെ ജീവിച്ചിരിക്കുന്ന ഒരു ഉദാഹരണം എന്നതാണ് ബിബിസി ഉദ്ദേശിച്ചതെങ്കിൽ കുടുംബത്തിന്റെ സ്വകാര്യതയും മാന്യതയും നഷ്ടമാകും വിധമാണ് കാര്യങ്ങൾ എത്തി നിൽക്കുന്നതെന്നു വ്യക്തം.
കേരളം വൃദ്ധരെ കൊണ്ട് നിറയുന്നതിനാൽ പ്രേതനഗരം എന്ന തലക്കെട്ട് നൽകിയാണ് ബിബിസി വിശേഷിപ്പിച്ചിരിക്കുന്നത്. ആഴ്ചകൾക്ക് മുൻപ് ഗുജറാത്ത് കലാപം വിഷയമാക്കി ബിബിസി സംപ്രേഷണം ചെയ്ത ഡോക്യൂമെന്ററി തടയാൻ ഇന്ത്യൻ സർക്കാർ ശ്രമം നടത്തിയപ്പോൾ ബിബിസിക്ക് ഏറ്റവും അധികം പിന്തുണ ലഭിച്ച സ്ഥലങ്ങളിൽ ഒന്ന് കേരളമാണ്. ഇന്ത്യയെ അപകീർത്തിപ്പെടുത്തി എന്ന് ബിജെപി പക്ഷം നിലപാട് എടുത്തപ്പോൾ എതിർ പക്ഷത്തു നിൽക്കേണ്ട ബാധ്യത കൊണ്ട് കൂടിയുമാണ് ഇടതുപക്ഷ അനുഭാവികൾ ബിബിസി അനുകൂല നിലപാടിലേക്ക് നീങ്ങിയത്. എന്നാൽ ഇപ്പോൾ സ്വന്തം സംസ്ഥാനത്തെ കുറിച്ച് തീർത്തും പ്രതിഷേധാർഹമായ ഒരു വിവരണം ബിബിസി നൽകുമ്പോൾ ആ റിപ്പോർട്ട് സംബന്ധിച്ച് ഒരു പ്രതികരണവും കേരളീയ സമൂഹത്തിൽ നിന്നും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.
എന്നാൽ അതിനേക്കാൾ രസകരമായി മാറുന്നത് ഈ റിപ്പോർട്ടിൽ ഉപയോഗിച്ച ചിത്രം മോഡൽ ആയി എത്തിയ വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ചാണ് എടുത്തതെന്ന കുടുംബത്തിന്റെ ആക്ഷേപമാണ്. മണിക്കൂറുകൾ വീട്ടിൽ ചിലവഴിച്ച ബിബിസി സംഘത്തിന് വീട്ടമ്മയുടെ പ്രസന്നാത്മകമായ ഒട്ടേറെ ചിത്രങ്ങൾ ലഭിച്ചെങ്കിലും അവർ വാർത്തയിൽ ഉപയോഗിച്ചത് വിഷാദമൂകമായി അങ്ങകലെ കഴിയുന്ന മക്കളെ ഓർത്തു വിഷമിക്കുന്ന സാധു സ്ത്രീയുടെ പ്രതീകം എന്ന നിലയിലാണ്.
ഈ രീതിയിൽ നിൽക്കണം എന്ന് പറഞ്ഞു പഠിപ്പിച്ചു എടുത്ത ചിത്രം ആണിത് എന്നാണിപ്പോൾ കുടുംബം ആരോപിക്കുന്നത്. മക്കളായ തങ്ങൾക്ക് ഏറെ മനോവിഷമം ഉണ്ടാക്കിയ ചിത്രമാണ് ലോകമെങ്ങും പ്രചരിക്കുന്നതെന്നും തങ്ങളെ അറിയുന്നവർക്ക് മുൻപിൽ അമ്മയെ ഉപേക്ഷിച്ചു പോയ മക്കൾ എന്ന നിലയിൽ ഉള്ള പരിഹാസം നിറഞ്ഞ നോട്ടങ്ങൾ നേരിടേണ്ടി വരുകയാണ് എന്നും ഇവരെ ഉദ്ധരിച്ചു സോഷ്യൽ മീഡിയയിൽ പ്രതികരണം എത്തിയിട്ടുണ്ട്.
നല്ല സന്തോഷം നിറഞ്ഞ ഒട്ടേറെ ചിത്രങ്ങൾ എടുത്തിട്ടും അതിൽ ഒന്ന് പോലും പ്രസിദ്ധീകരിക്കാതെ വിഷാദം നിറഞ്ഞ ചിത്രം മാത്രം പ്രസിദ്ധീകരിച്ചത് ദുരുദ്ദേശപരം ആണെന്നാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യത്തിൽ ബിബിസി ക്ഷമ പറയണം എന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയുന്നുണ്ട്. വൃദ്ധ മാതാവിനെ തെറ്റിദ്ധരിപ്പിച്ചു നെഗറ്റീവ് വാർത്തയ്ക്ക് സാധൂകരണം നൽകാൻ മോഡൽ ആക്കി മാറ്റിയത് എന്ത് ധാർമ്മിക മാധ്യമ പ്രവർത്തനം ആണെന്നും പ്രതിഷേധം ഉയർത്തുന്നവർ ചോദിക്കുന്നു.
സമാനമായ തരത്തിൽ കോഴിക്കോട് ഏഷ്യാനെറ്റ് റിപ്പോർട്ടർ തയ്യാറാക്കി എന്ന വാർത്തയുടെ പേരിൽ പോക്സ് അടക്കമുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഇതിൽ നിയമ നടപടി പുരോഗമിക്കുകയുമാണ്. മയക്ക് മരുന്നു കരിയർ എന്ന നിലയിൽ 16 വയസുള്ള പെൺകുട്ടിയെ വ്യാജമായി ചിത്രീകരിച്ചുവെന്നാണ് ഏഷ്യാനെറ്റ് നേരിടുന്ന ആരോപണം.
എന്നാൽ ഒരു വൃദ്ധ മാതാവിനെ തെറ്റിദ്ധരിപ്പിച്ചു മുഖം വ്യക്തമാക്കുന്ന വിധത്തിൽ ചിത്രം പ്രസിദ്ധീകരിച്ചു ലോകമെങ്ങും എത്തിച്ച ബിബിസിക്ക് എതിരെ ഏതു നിയമമാണ് കേരള പൊലീസ് ഉപയോഗിക്കുക എന്നതാണ് മക്കൾ അടക്കമുള്ളവരുടെ പ്രധാന ചോദ്യം. സാധാരണ ഇത്തരം വാർത്തകളിൽ വിവരം നൽകുന്നവരുടെ മുഖം വ്യക്തമായി മനസിലാകാത്ത നിലയിലാണ് മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുക.
എന്നാൽ കവർ ഇമേജായി തന്നെ ഈ ചിത്രം ഉപയോഗിച്ച് കുടുംബത്തിന്റെ അന്തസ് ഇടിച്ചു താഴ്‌ത്താൻ ബിബിസി മനഃപൂർവ്വമായി ശ്രമം നടത്തി എന്നതാണ് അവർക്കെതിരായ ആരോപണം. വാർത്ത പുറത്തു വന്നു 24 മണിക്കൂർ കഴിയുമ്പോഴേക്കും ഇത്തരം ഒരു തിരിച്ചടി പ്രതീക്ഷിക്കാത്ത ബിബിസി വിശദീകരണം നൽകാൻ ഇതുവരെ തയ്യാറായിട്ടുമില്ല. ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേരളത്തിലെത്തി പലവട്ടം റിപ്പോർട്ട് നൽകിയിട്ടുള്ള സൗദിക് ബിശ്വാസാണ് ഈ വാർത്തയും തയ്യാറാക്കിയിരിക്കുന്നത്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന്‍ മലയാളി പ്രത്യേക പ്രതിനിധി.