ഗരവത്ക്കരണം ഗ്രാമങ്ങളെ ആളൊഴിഞ്ഞഉത്സവപ്പറമ്പുകളാക്കി മാറ്റുന്ന കഥകൾ നാം ഒരുപാട് വായിച്ചതും കേട്ടതുമാണ്. എന്നാൽ ഇപ്പോൾ മഹാനഗരങ്ങൾ ആളുകളെ ആകർഷിക്കാൻ തുടങ്ങിയതോടെ പട്ടണങ്ങളും ചെറു നഗരങ്ങളും വിജനമാകാൻ തുടങ്ങുകയാണ്. വടക്കൻ സ്പെയിനിലെ പോൺഗ എന്ന ചെറു നഗരത്തിന്റെ കഥ തെളിയിക്കുന്നത് അതാണ്.

വൻനഗരങ്ങളുടെ ആകർഷണത്തിൽ ഈ മലയോര നഗരത്തിലെ താമസക്കാർ കുടുങ്ങിയപ്പോൾ ഇവിടെ അവശേഷിക്കുന്നത് 598 പേർ മാത്രം. പ്രാദേശിക സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ ഈ നഗരത്തിൽ താമസിക്കാൻ തയ്യാറായി എത്തുന്നവർക്ക് 2600 പൗണ്ട് വരെ നൽകാൻ തയ്യാറായിരിക്കുകയാണ് ഇവിടത്തുകാർ. മാത്രമല്ല, ഓരോ കുട്ടി ജനിക്കുമ്പോഴും അധികമായി മറ്റൊരു 2600 പൗണ്ട് കൂടി ലഭിക്കും.

യൂറോപ്പിന്റെ കൊടുമുടികൾ എന്നറിയപ്പെടുന്ന പിക്കോസ് ഡി യൂറോപ്യ ദേശീയ ഉദ്യാനത്തിന്റെ അതിർത്തിയിലുള്ള ഈ നഗരം വലിയ തടാകങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരിടമാണ്. കാന്റാബ്രിയാൻ തലസ്ഥാനമായ സന്റാൻഡറിനും ഫുട്ബോളിനും ഉദ്പാദന വ്യവസായങ്ങൾക്കും പേരുകേട്ട തീരദേശ നഗരമായ ഗിജോണിനും സമീപത്താണ് ഈ ചെറു നഗരം സ്ഥിതി ചെയ്യുന്നത്. അടുത്ത കാലത്ത് ആംസ്റ്റർഡാമും ലാൻസറൊട്ടും ബ്രിട്ടീഷുകാരെ ഒഴിവാക്കാൻ ശ്രമിക്കുന്ന സമയത്താണ് ഇവർ ഇവിടെ ബ്രിട്ടീഷുകാർ വന്ന് താമസിക്കാൻ ഇഷ്ടപ്പെടുന്നത്.

സ്പെയിനിലെ ചെറുകിട ഇടത്തരം നഗരങ്ങൾ ഒക്കെയും തന്നെ വൃദ്ധ സദനങ്ങളായി മാറുകയാണ്. പുതിയ തലമുറ വൻ നഗരങ്ങളിലേക്ക് ജീവിതത്തിന്റെ പുതിയ പച്ചപ്പുകൾ തേടി യാത്ര തുടരുമ്പോൾ വൃദ്ധർ മാത്രമായി ഇവിടെ ഒതുങ്ങുന്നു. അതായത് ഏതാനും വർഷങ്ങൾക്കുള്ളിൽ പല നഗരങ്ങളും കെട്ടിടങ്ങൾ മാത്രമുള്ള പ്രേതഭൂമിയാകും എന്ന സാഹചര്യമാണ് ഉള്ളത്.

കോവിഡിന്റെ വരവോടെ തുറന്നു കിട്ടിയ വർക്ക് ഫ്രം ഹോം എന്ന സങ്കൽപമാണ് ഇപ്പോൾ ഇത്തരം നഗരങ്ങളിൽ യുവതലമുറയെ പിടിച്ചു നിർത്താൻ സർക്കാർ ഉപയോഗിക്കുന്നത്. എന്നാൽ, അതിന് പല പരിമിതികളും ഉണ്ട്, ഇത് മനസ്സിലാക്കിയാണ് ഇവിടെക്ക് താമസിക്കാൻ എത്തുന്നവർക്ക് പ്രോത്സാഹമായി സാമ്പത്തിക സഹായം നൽകുന്ന പദ്ധതി നടപ്പിലാക്കിയത്. ബിസിനസ്സുകൾ പലതും ഡിഗിറ്റൈസ് ചെയ്ത്, ഇത്തരം നഗരങ്ങളിലെ യുവതലമുറയെ അവിടെ തന്നെ പിടിച്ചു നിർത്താനും സപെയിൻ ഭരണകൂടം ഏറെ പണം ചെലവഴിക്കുന്നുണ്ട്.

വാലെൻസിയ മേഖലയിൽ ഇപ്പോൾ അവശേഷിച്ചിരിക്കുന്ന, ഡി എബൊ സമൂഹത്തിലെ 204 പേർ കഴിഞ്ഞവർഷം അവിടേക്ക് താമസം മാറ്റുവാൻ ആഗ്രഹിക്കുന്നവർക്ക് പ്രതിമാസ വാടകയിൽ 150 യൂറോയുടെ കിഴിവ് പ്രഖ്യാപിച്ചിരുന്നു. അതേസമയം കാസിൽ ല മഞ്ചയിൽ കെട്ടിട നിർമ്മാണത്തിനുള്ള പ്ലോട്ടുകൾ നൂറും ഇരുന്നൂറും യൂറോയ്ക്ക് നൽകിയാണ് അവിടേക്ക് ആളുകളെ ആകർഷിക്കാൻ ശ്രമിച്ചത്.