മാവേലിക്കര: കിണറ്റിൽ വീണ കുരുന്നിന് രക്ഷയായത് എട്ടു വയസ്സുകാരിയായ സഹോദരി. മാവേലിക്കരയിലെ മാങ്കാംകുഴിയിലാണ് സംഭവം. മുറ്റത്തു കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് കിണറ്റിൽ വീണ് മുങ്ങിത്താഴ്ന്നപ്പോൾ കണ്ടുവന്ന സഹോദരി കുഞ്ഞനുജന്റെ ജീവൻ രക്ഷിക്കാൻ പൈപ്പിലൂടെ ഊർന്നിറങ്ങി പൊക്കിയെടുത്തുതയായിരുന്നു. കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തിൽ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിലെ മൂത്തമകളായ ദിയ ഫാത്തിമയാണ് അതിസാഹസികമായാണ് അനുജൻ ഇവാന്റെ (അക്കു) ജീവൻ തിരികെ പിടിച്ചത്. കിണറിന് 20 അടിയിലേറെ താഴ്ചയുണ്ട്.

കുഞ്ഞനുജൻ വെള്ളത്തിൽ കിടന്ന് പ്രാണന് വേണ്ടി പിടഞ്ഞപ്പോൾ മറ്റൊന്നും നോക്കാതെ ഈ മിടുക്കി കിണറ്റിലേക്ക് ഇറങ്ങുക ആയിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. മാതാവ് ഷാജില മുറ്റത്തു പാത്രം കഴുകുകയായിരുന്നു. ദിയയും അനുജത്തി ദുനിയയും അയയിൽ നിന്നു വസ്ത്രങ്ങൾ എടുക്കുന്നതിനിടെ കണ്ണു വെട്ടിച്ചാണ് ഇവാൻ കിണറിനടുത്തുള്ള പമ്പിൽ ചവിട്ടി, ഇരുമ്പുമറയുള്ള കിണറിനു മുകളിൽ കയറിയത്. തുരുമ്പിച്ച ഇരുമ്പുമറയുടെ മധ്യഭാഗം തകർന്ന് കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.

ശബ്ദം കേട്ട് വീട്ടിലുള്ളവരോടി എത്തി. അപ്പോഴാണ് വെള്ളത്തിൽ കിടന്ന് കൈകാലിട്ടടിക്കുന്ന കുരുന്നിനെ കണ്ടത്. ഇഥോടെ കുഞ്ഞനുജനെ രക്ഷിക്കാൻ ദിയ കിണറ്റിലേക്ക് പൈപ്പ് വഴി ഊർന്നിറങ്ങുക ആയിരുന്നു. വെള്ളത്തിൽ മുങ്ങിപ്പൊങ്ങിയ ഇവാനെ പിടിച്ചുയർത്തി മാറോടു ചേർത്തു. മറ്റേ കൈകൊണ്ടു പൈപ്പിൽ പിടിച്ചു കിടന്നു. ഷാജിലയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരായ അഖിൽ ചന്ദ്രൻ, ബിനോയി, അതിഥിത്തൊഴിലാളി മുന്ന എന്നിവരുടെ നേതൃത്വത്തിൽ രണ്ടു കുട്ടികളെയും കിണറ്റിൽ നിന്നു പുറത്തെടുത്തു.

തലയിൽ ചെറിയ മുറിവേറ്റ ഇവാൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ശിശു തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ആശങ്ക വേണ്ടെന്നു ഡോക്ടർമാർ വ്യക്തമാക്കി. ദിയയ്ക്കു പരുക്കില്ല. ഇവാന്റെ പിതാവ് ആലപ്പുഴ സ്വദേശി സനൽ എരുമേലിയിലെ ജോലി സ്ഥലത്തായിരുന്നു. വെട്ടിയാർ ഇരട്ടപ്പള്ളിക്കൂടം ഗവ. സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ദിയ.