പാരീസ്: ഈസ്റ്റർ ദിനത്തിലെ ദുരന്തങ്ങളിൽ നടുങ്ങി ഫ്രാൻസ്. ഫ്രഞ്ച് ആൽപ്സിലെ മോണ്ട് ബ്ലാങ്കിൽ മഞ്ഞുമലയിടിഞ്ഞ് നാലു പേർ മരണമടഞ്ഞു. രണ്ടു പേരെ കാണാതായി. മരണമടഞ്ഞവരിൽ രണ്ടു പേർ പർവതാരോഹക സംഘത്തിലെ ഗൈഡുമാരാണെന്ന് ഓട്ട്സാവ അധികൃതർ അറിയിച്ചു. കാണാതായ രണ്ടു പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

മറ്റൊരാൾക്ക് പരിക്കേറ്റിട്ടുണ്ട്.. മറ്റ് എട്ടുപേർ കൂടി ഇടിഞ്ഞുവീണ മഞ്ഞുമലക്ക് അടിയിൽ പെട്ടെങ്കിലും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഈ മേഖലയിൽ മഞ്ഞുമലയിടിച്ചിലിനെ കുറിച്ച് ഫ്രഞ്ച് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പുകൾ ഒന്നും തന്നെ നൽകിയിരുന്നില്ല. എന്നാൽ, ഇളം ചൂടും കാറ്റും ചേർന്ന കാലാവസ്ഥയായിരിക്കാം സംഭവത്തിനു പുറകിലെന്ന് അധികൃതർ പറയുന്നു. ഇത് വീണ്ടും ആവർത്തിക്കാൻ ഇടയുണ്ടെന്ന മുന്നറിയിപ്പും ഇപ്പോൾ നൽകിയിട്ടുണ്ട്.

മരണമടഞ്ഞ നാല് പേരും തിരക്കേറിയ ഒരു സ്‌കീയിങ് പാതയിലൂടെ പർവതാരോഹണം നടത്തുകയായിരുന്നു. 49 ഉം 39 ഉം വയസ്സായ രണ്ട് ഗൈഡുമാരാണ് മരിച്ചവരിൽ ഉൾപ്പെടുന്നത്. ഇരുപതുകളോടടുത്ത പ്രായമുള്ള ഒരു യുവാവും വ്യൂവതിയുക്മാണ് മരണമടഞ്ഞ രണ്ടുപേർ എന്ന് ഫ്രാൻസ് 3 റിപ്പോർട്ട് ചെയ്യുന്നു. മരണമടഞ്ഞ രണ്ടുപേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഈസ്റ്ററുമായി ബന്ധപ്പെട്ട് നീണ്ട അവധി ലഭിച്ച വാരാന്ത്യത്തിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ബ്രിട്ടനിൽ നിന്നും നിരവധി പേർ സ്‌കീയിംഗിനായി ഇവിടെ എത്തിയിരുന്നു. ലെ- കണ്ടാമിനസ് ഗ്രാമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ മഞ്ഞുമല ഇടിഞ്ഞ് 2014 ൽ രണ്ട് സഹോദരന്മാർ മരണമടഞ്ഞിരുന്നു. കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നലെ രാത്രിയോടെ നിർത്തിവെച്ചു. ഇന്ന് രാവിലെ അത് പുനരാരംഭിക്കും.

സ്ഫോടനത്തിൽ കെട്ടിടം തകർന്ന് എട്ടുപേർ മരിച്ചതായി സംശയം

ഫ്രാൻസിലെ മാസെ തുറമുഖത്തിനടുത്ത്, സ്ഫോടനത്തിൽ കെട്ടിടം തകർന്നു വീണു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ എട്ടുപേർ മരിച്ചതായി സംശയം. നീണ്ട 17 മണിക്കൂറുകൾ നൂറോളം രക്ഷാ പ്രവർത്തനങ്ങൾ നടത്തിയിട്ടും ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തൊട്ടടുത്ത മറ്റൊരു കെട്ടിടത്തിൽ താമസിച്ചിരുന്ന ഒരാളെ കാണാതായിട്ടും ഉണ്ട്. ഞായറാഴ്‌ച്ച വെളുപ്പിന് 1 മണിയോടടുത്ത് സംഭവിച്ച ദുരന്തത്തിൽ അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

തകർന്ന കെട്ടിടവുമായി ചുമരുകൾ പങ്കുവയ്ക്കുന്ന മറ്റ് രണ്ട് കെട്ടിടങ്ങൾ ഭാഗികമായി തകർന്നതായി മാസെ മേയർ അറിയിച്ചു. അതിൽ ഒന്ന് പിന്നീട് പൂർണ്ണമായും തകർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും തീ കത്തിക്കൊണ്ടിരിക്കുകയാണ്. അഗ്‌നിശമന പ്രവർത്തകർ തീയണക്കാനുള്ള ശ്രമത്തിലാണ്. മാസേ തുറമുഖത്തു നിന്നും ഒരു മൈൽ മാറി വീതി കുറഞ്ഞ ഒരു നിരത്തിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇത് രക്ഷാ പ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്.

ഗ്യാസ് ലൈൻ പൊട്ടിത്തെറിച്ചതാണ് എന്നതാണ് പ്രാഥമിക നിഗമനം. എന്നാൽ, മറ്റു സാധ്യതകളും അധികൃതർ തള്ളിക്കളയുന്നില്ല. സ്ഫോടനത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പാടെ തകർന്നടിഞ്ഞ കെട്ടിടത്തിൽ നിന്നും ക്യൂറുത്ത പുക ഉയരുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.