മേയ് 6 ന് നടക്കുന്ന ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. ചടങ്ങുകളിൽ പങ്കെടുക്കാൻ രാജാവ് എഴുന്നെള്ളുന്ന വഴി അന്തിമമായി തീരുമാനിച്ചു. ശനിയാഴ്‌ച്ച രാവിലെ ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്നും കാമില രാജ്ഞിയോടൊപ്പം വെസ്റ്റ്മിനിസ്റ്റർ ആബെയിൽ എത്തുന്ന രാജാവിനെ അവിടെ വച്ചായിരിക്കും കിരീടധാരണം നടത്തുക.

കിരീടധാരണത്തിനു പോകുമ്പോഴോ, തിരികെ വരുമ്പോഴോ തങ്ങളുടെ പ്രിയപ്പെട്ട രാജാവിനെ ഒരുനോക്കു കാണാൻ ആയിരങ്ങൾ നിരത്തരികിൽ ഒത്തുകൂടും എന്നാണ് കരുതപ്പെടുന്നത്. എഴുപത് വർഷങ്ങൾക്ക് മുൻപ്, 1953 - അമ്മ, എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങിന്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാകും ഇത്. എന്നാൽ, ഇത്തവണ ചടങ്ങുകളിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

കിരീടധാരണ ഘോഷയാത്രയുടെയും പങ്കെടുക്കുന്ന വാഹനങ്ങളുടെ വിശദ വിവരങ്ങൾ ഇന്നലെ ബക്കിങ്ഹാം കൊട്ടാരംപുറത്തുവിട്ടു. ഡയമണ്ട് ജൂബിലെ സ്റ്റേറ്റ് കോച്ചിലായിരിക്കും രാജാവും രാജ്ഞിയും ബക്കിങ്ഹാം പാലസിൽ നിന്നും യാത്ര തുടരുക. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ 60-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ പ്രത്യേക കോച്ച് ഞിർമ്മിച്ചത്. 1953-ൽ എലിസബത്ത് രാജ്ഞി തന്റെ കിരീടധാരണത്തിന് പോയതും തിരിച്ചു വന്നതും ഗോൾഡ് സ്റ്റേറ്റ് കോച്ചിൽ തന്നെയായിരുന്നെങ്കിൽ ഇത്തവണ പോകുന്നതിനും തിരികെ മടങ്ങുന്നതിനും രണ്ട് വ്യത്യസ്ത വാഹനങ്ങളായിരിക്കും ഉപയോഗിക്കുക.

2014-ൽ ആസ്ട്രേലിയയിൽ നിർമ്മിച്ച, കുതിരകൾ വലിക്കുന്ന ഡയമണ്ട് സ്റ്റേറ്റ് കോച്ച് എയർകണ്ടീഷൻ ചെയ്ത തേരാണ്. അതിന്റെ മേൽക്കൂര അലങ്കരിച്ചിരിക്കുന്നത് അഡ്‌മിറൽ നെൽസന്റെ ഫ്ലാഗ്ഷിപ്പ് എച്ച് എം എസ് വിക്ടറിയിൽ നിന്നെടുത്ത മരത്തടികൾ കൊണ്ടാണ്. അതുപോലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഓർമ്മകൾ പേറുന്ന നിരവധി ഇടങ്ങളിൽ നിന്നും വിവിധ കപ്പലുകളിൽ നിന്നുമൊക്കെ എടുത്ത മറ്റു പല സാധനങ്ങളും ഇത് അലങ്കരിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. ആറ് കുതിരകളായിരിക്കും ഈ രഥം വലിക്കുക.

അതേസമയം, 1953-ൽ രാജ്ഞി സഞ്ചരിച്ചതിനേക്കാൾ ദൂരം കുറഞ്ഞ വഴിയാണ് ഇത്തവണ ചാൾസിനായി തെരഞ്ഞെടുത്തിരിക്കുന്നത്. രാജാവിന്റെ അകമ്പടി സംഘമായ ഹൗസ്ഹോൾഡ് കവൽറിയുടെ അകമ്പടിയോടെ ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്നും പുറപ്പെടുന്ന ഘോഷയാത്ര സെന്റർ ഗെയ്റ്റ് വഴി ദി മാൾ, അഡ്‌മിറാലിറ്റി ആർച്ച് എന്നിവ വഴി ട്രഫാൽഗർ ചത്വരത്തിന്റെ തെക്ക് ഭാഗത്ത് എത്തിച്ചേരും. പിന്നീട് പാർലമെന്റ് സ്ട്രീറ്റിലൂടെ നീങ്ങുന്ന ഘോഷയാത്ര പാർലമെന്റ് ചത്വരം കടന്ന് ബ്രോഡ് സാംക്ച്യൂടിയിൽ എത്തും. രാവിലെ 11 മണിയോടെ കിരീടധാരണ ചടങ്ങുകൾ ആരംഭിക്കും.

കിരീടധാരണത്തിനു ശേഷം രാജദമ്പതികൾ മടങ്ങുക 253 വർഷം പഴക്കമുള്ള ഗോൾഡ് സ്റ്റേറ്റ് കാര്യേജിലായിരിക്കും. രാജാവ് അല്ലെങ്കിൽ രാജ്ഞി പിന്നെ അവരുടെ പങ്കാളിയും മാതമെ ഈ തേരിൽ കയറാൻ അനുവാദമുള്ളവർ ആയിട്ടുള്ളു. ജോർജ്ജ് മൂന്നാമന്റെ കിരീടധാരണത്തിനായി 1762 ൽ നിർമ്മിച്ചതാണ് ഈ രാജകീയ രഥം. എട്ട് കുതിരകളാണ് ഇത് വലിക്കുക. ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്നും തിരിച്ച അതേ വഴിയിലൂടെ തന്നെയായിരിക്കും മടക്ക യാത്രയും.