മേരിക്കയിലെ ലൂവില്ലിൽ, ഓൾഡ് നാഷണൽ ബാങ്കിൽ നടന്ന വെടിവെയ്‌പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്‌ച്ച രാവിലെ 8. 30 നായിരുന്നു സംഭവം നടന്നത്. ബാങ്ക് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നതിന് അര മണിക്കൂർ മുൻപായിരുന്നു ആക്രമണം. ആക്രമണം നടത്തുന്നതിനു മുൻപായി ആ വിവരം കാണിച്ച് അയാൾ തന്റെ മാതാപിതാക്കൾക്ക് സന്ദേശം അയച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കൊനോർ സ്റ്റർജൻ എന്ന 25 കാരനായ യുവാവ് തിങ്കളാഴ്‌ച്ച രാവിലെ 8.30 ന് ബാങ്കിനുള്ളിലെത്തി നിറയൊഴിക്കുകയായിരുന്നു. തോമസ് എലിയട്ട് എന്ന ഒരു 63 കാരനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കൊല്ലപ്പെട്ട മറ്റ് മൂന്നു പേരും ആ ബാങ്കിലെ ജീവനക്കാരാണ്. എ ആർ- 15 മാതൃകയിലുള്ള ഒരു റൈഫിൾ ഉപയോഗിച്ചായിരുന്നു ഇയാൾ ആക്രമണം നടത്തിയത്. അതിനു മുൻപായി ഇയാൾ ഇൻസ്റ്റാഗ്രാമിലും ഒരുപാട് പോസ്റ്റുകൾ ഇട്ടിരുന്നു.

''അവർ വാക്കുകൾക്കോ പ്രതിഷേധങ്ങൾക്കോ ചെവി കൊടുക്കില്ല. , ഇത് അവർ കേൾക്കുമോ എന്ന് നോക്കാം'' എന്നിങ്ങനെയുള്ള പോസ്റ്റുകൾ ആയിരുന്നു ഇയാൾ ഇട്ടിരുന്നത്. ഒൻപതോളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇയാളെ പിന്നീട് പൊലീസ് എത്തി കീഴടക്കുകയായിരുന്നു. ഇതേ ബാങ്കിലെ ജീവനക്കാരനായിരുന്നു സ്റ്റർജൻ. ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതാണ് പ്രകോപനം ഉണ്ടാക്കിയത് എന്ന് കരുതുന്നു.

ഇത് 2023-ൽ അമേരിക്കയിൽ നടക്കുന്ന 146-മത് കൂട്ടവെടിവയ്‌പ്പാണ്. ആഴ്‌ച്ചകൾക്ക് മുൻപായിരുന്നു ലൂവില്ലിൽ നിന്നും ഏറെ ദൂരെയല്ലാതുള്ള നാശ്വില്ലിലെ സ്‌കൂളിൽ വെടിവയ്പ് നടന്നത്. വെടിവെയ്‌പ്പ് അമേരിക്കയിൽ മറ്റൊരു മഹാവ്യാധിപോലെ പടർന്ന് പിടിക്കുകയാണെന്ന് സാമൂഹ്യ നിരീക്ഷകർ പറയുന്നു. ജനങ്ങൾക്ക് തോക്കുകൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട നിയമ ഭേദഗതികൾ വേണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമാവുകയാണ്.

ഫ്ളോയ്ഡ് സ്വദേശിയായ സ്റ്റർജൻ ഫ്ളോയ്ഡ് സെൻട്രൽ ഹൈ സ്‌കൂൾ ടീമിലെ മുൻ ബാസ്‌ക്കറ്റ് ബോൾ താരം കൂടിയാണ്. അതേ സ്‌കൂളിലെ പരിശീലകനായിരുന്നു ഇയാളുടെ പിതാവ്. ഇത്തരത്തിൽ ഒരു നടപടിക്ക് സ്റ്റർജൻ മുതിരുമെന്ന് അയാളുടെ സുഹൃത്തുക്കൾക്ക് വിശ്വസിക്കാൻ ആകുന്നില്ല. സ്‌കൂളിലെ സ്പോർട്ടിങ് കരിയറിൽ അനുഭവിക്കേണ്ടി വന്ന തിരിച്ചടികളാകും ഇയാളെ ഇത്തരമൊരു മാനസികാവസ്ഥയിൽ എത്തിച്ചതെന്ന് അവർ കരുതുന്നു.

യൂണിവേഴ്സിറ്റി ഒഫ് അലബാമയിലും മാൻഡേഴ്സൺ ഗ്രാഡ്വേറ്റ് സ്‌കൂൾ ഓഫ് ബിസിനസ്സിലുമായി ഉപരിപഠനം പൂർത്തിയാക്കിയ ഇയാൾ ഓൾഡ് നാഷണൽ ബാങ്കിൽ കഴിഞ്ഞ ഒരു വർഷമായി പോർട്ട്ഫോളിയോ ബാങ്കർ ആയി ജോലി ചെയ്തു വരികയായിരുന്നു. ബാസ്‌ക്കറ്റ് ബോൾ മേഖലയിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഇയാൾ 2015- നാഷണൽ മെരിറ്റ് സ്‌കോളർ ആയും തിരഞ്ഞെടുത്തിട്ടുണ്ട്.

അതേസമയം, ഗൺ കൺട്രോൾ നിയമം എത്രയും പെട്ടെന്ന് പാസ്സാക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡൻ അമേരിക്കൻ കോൺഗ്രസ്സിനോട് ആവശ്യപ്പെട്ടു. അനാവശ്യ എതിർപ്പുകൾ ഉയർത്തി അത് തടസ്സപ്പെടുത്തുന്ന റിപ്പബ്ലിക്കൻ പാർട്ടിയെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. നിരവധി അമേരിക്കക്കാരാണ് ഈ നിഷ്‌ക്രിയത്വത്തിന് സ്വന്തം ജീവൻ വിലയായി നൽകുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.