ലണ്ടൻ: ഒടുവിൽ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വലിയൊരു തലവേദന ഒഴിയുന്നു. ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പുത്രൻ ഹാരി പങ്കെടുക്കുമെങ്കിലും മേഗൻ ചടങ്ങിന് എത്തിച്ചേരുകയില്ല എന്ന് സ്ഥിരീകരിച്ചിരിക്കുന്നു. കാലിഫോർണിയയിൽ കുട്ടികൾക്കൊപ്പം സമയം ചെലവിടാനാണ് മേഗന്റെ തീരുമാനം. ചാൾസ് രാജാവിന് ഏറെ സന്തോഷമുണ്ടാക്കിയ തീരുമാനം മറ്റു രാജകുടുംബാംഗങ്ങൾക്കും ഏറെ ആശ്വാസമാണ് പ്രദാനം ചെയ്തിരിക്കുന്നത്, പ്രത്യേകിച്ചും സഹോദരൻ വില്യം രാജകുമാരന്. ഇന്നലെ ഒരു പത്രക്കുറിപ്പിലൂടെയായിരുന്നു ബക്കിങ്ഹാം കൊട്ടാരം ഈ വാർത്ത അറിയിച്ചത്.

കിരീടധാരണ ദിവസം തന്നെയാണ് ഹാരിയുടെ മകൻ ആർച്ചിയുടെ നാലാം ജന്മദിനം. മേഗൻ കാലിഫോർണിയയിൽ മക്കൾക്കൊപ്പം മകന്റെ ജന്മദിനം ആഘോഷിക്കും. തന്റെ ഓർമ്മക്കുറിപ്പുകൾ പുറത്തിറങ്ങിയതിനു ശേഷം ഹാരിയും കുടുംബവുമായുള്ള ബന്ധം ഏറെ വഷളായിരുന്നു. ഏതായാലും, മേഗൻ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തില്ല എന്ന വാർത്ത ഏറെ ആശ്വാസമായിരിക്കുന്നത് കെയ്റ്റ് രാജകുമാരിക്കാണെന്ന് രാജകുടുംബവുമായി അടുപ്പമുള്ളവർ പറയുന്നു. എലിസബത്ത് രാജ്ഞിയുടെ മരണ സമയത്ത്, ബക്കിങ്ഹാം കൊട്ടാരത്തിലെത്തി പുഷ്പചക്രം അർപ്പിച്ചവരെ അഭിവാദ്യം ചെയ്യാൻ ഹാരിയുടെയും മേഗന്റെയും കൂടെ നടക്കേണ്ടി വന്നത് ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടങ്ങളിൽ ഒന്നായിരുന്നു എന്ന് കെയ്റ്റ് പറഞ്ഞതായി ഈയടുത്ത് ഒരു രാജകുടുംബ ചരിത്രകാരൻ എഴുതിയിരുന്നു.

അതേസമയം, ആർച്ചിയുടെ ജന്മദിനം കാരണമാണ് ഇരുവരും ഒരുമിച്ചുള്ള യാത്ര ഒഴിവാക്കിയതെന്ന് ദമ്പതികളുടെ സുഹൃത്തും എഴുത്തുകാരനുമായ ഒമിഡ് സ്‌കൂബി പറഞ്ഞു. ഏതാനും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന കിരീടധാരണ ചടങിൽ മാത്രമെ ഹാരി പങ്കെടുക്കുകയുള്ളു. ചടങ്ങുകളിൽ ഹാരിക്ക് കാര്യമായ പങ്കൊന്നും ഉണ്ടാകില്ല എന്നു മാത്രമല്ല, ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുകയുമില്ല. ഒരുപക്ഷെ, കിരീടധാരണം കഴിഞ്ഞുള്ള ഘോഷയാത്രയിൽ ഹാരി പങ്കെടുത്തേക്കും എന്നറിയുന്നു.

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം ഹാരി തന്റെ പിതാവിനെയോ സഹോദരനെയോ നേരിട്ട് കണ്ടിട്ടില്ല. എന്നാൽ, അതിനു ശേഷം നിരവധി സംഭവങ്ങൾ നടന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഹാരിയുടെ ഓർമ്മക്കുറിപ്പുകൾ പുറത്തിറങ്ങിയത് തന്നെയായിരുന്നു. ചാൾസിനെയും വില്യമിനെയും മോശം പ്രതിച്ഛായയിൽ നിർത്തിയ ആ പുസ്തകം രാജകുടുംബത്തിലെ കലഹത്തിന് വ്യാപ്തി വർദ്ധിപ്പിച്ചു. ഇപ്പോൾ പിതാവിന്റെ കിരീടധാരണ വേള ആ സംഘർഷത്തിന് അല്പം അയവ് വരുത്തിയേക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അതിനിടയിൽ കിരീടധാരിയായ ചാൾസ് രാജാവിന്റെ ആദ്യ ചിത്രം പുറത്തുവിട്ടു. 50 പെൻസിന്റെയും 5 പൗണ്ടിന്റെയും നാണയങ്ങളിൽ ഈ ചിത്രമായിരിക്കും അടിച്ചു വരിക. കിരീടധാരണത്തിന് മുൻപായി തന്നെ ഈ രണ്ട് നാണയങ്ങളും പുറത്തിറക്കും.