- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ പടർന്ന് പിടിക്കുന്നത് ഓമിക്രോണിന്റെ ഏറ്റവും പുതിയ വകഭേദമായ ആക്ട്രസ്; ചരിത്രത്തിൽ എറ്റവും വേഗതയിൽ വിഭജിക്കപ്പെടുന്ന കോവിഡ് വൈറസ് കാട്ടുതീ പോലെ ഇന്ത്യയിൽ പടരുന്നു; ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളിലും എത്തിയതോടെ ആശങ്ക
ലണ്ടൻ: ലോകത്തെയാകെ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം എത്തിയിരിക്കുന്നു. ഇന്ത്യയിൽ അതിവേഗം പടർന്ന് പിടിക്കുന്ന ആക്ട്രസ് എന്ന ഈ പുതിയ വകഭേദത്തിന്റെ സാന്നിദ്ധ്യം ബ്രിട്ടനിലും കണ്ടെത്തിയതോടെ ആശങ്ക കനക്കുകയാണ്. കഴിഞ്ഞ മാസമാണ് ഇതിന്റെ സാന്നിദ്ധ്യം ബ്രിട്ടനിൽ സ്ഥിരീകരിച്ചത്. ഇതുവരെ 50 പേരിലാണ് ഈ പുതിയ വകഭേദത്തെ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ഇന്ത്യയിലെ പലയിടങ്ങളിലും വ്യാപന തോത് 13 മടങ്ങ് വരെ വർദ്ധിച്ചതോടെ ചില സംസ്ഥാനങ്ങളിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കിയിരിക്കുകയാണ്.
ഓമിക്രോണിന്റെ ഒരു ഉപ വകഭേദമായ ആക്ട്രസ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും അധികം വ്യാപന ശേഷിയുള്ള കോവിഡ് വൈറസ് ആയാണ് കണക്കാക്കപ്പെടുന്നത്.എന്നാൽ എക്‌സ് ബി ബി 1.16 എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ വൈറസ് നിലവിലെ മറ്റു വകഭേദങ്ങളേക്കാൾ മരണ കാരിയാകുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നില്ല. ആദ്യകാലങ്ങളിൽ കണ്ട ശക്തിയൊന്നും ഇപ്പോൾ കൊറോണ വൈറസ് കാണിക്കുന്നില്ല എന്നത് വാസ്തവമാണ്. ഒരു സാധാരണ ഫ്‌ളൂവിന്റെ പ്രത്യാഘാതങ്ങൾ മാത്രമാണ് ഇപ്പോൾ കോവിഡ് ഉണ്ടാക്കുന്നത്.
ആക്ട്രസ്സിന്റെ സാന്നിദ്ധ്യം ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും, ഇത് കൂടുതൽ വ്യാപിക്കുമോ എന്ന കാര്യം ഉറപ്പിച്ചു പറയാൻ അല്പം കൂടി കാക്കേണ്ടി വരുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിലെ പകർച്ചവ്യാധി വിദഗ്ധനായ പ്രൊഫസർ പോൾ ഹണ്ടർ പറയുന്നത്. എന്നാൽ, ഗുരുതരമായ ഒരു രോഗാവസ്ഥ ഇത് ഉണ്ടാക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ഇന്ത്യയിൽ കഴിഞ്ഞ ഏതാനും ആഴ്‌ച്ചകളായി ഇത് നിലനിൽക്കുന്നുണ്ടെങ്കിലും അസാധാരണമായ ഒരു വ്യാപനമുണ്ടായിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ബ്രിട്ടനിലും രോഗം പകരുമെങ്കിലും മുൻകാലങ്ങളിൽ ഉണ്ടായതുപോലൊരു തരംഗം ഒന്നും ഉണ്ടാകാനിടയില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഇന്ത്യയിലെ നിലവിലെ കോവിഡ് കേസുകളിൽ ഭൂരിഭാഗവും ഈ വകഭേദമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. മറ്റൊരു തരംഗം ഉണ്ടാവുകയാണെങ്കിൽ, രാജ്യം അതിനെ നേരിടാൻ എത്രമാത്രം തയ്യാറാണ് എന്നതറിയാൻ ആരോഗ്യ മന്ത്രാലയം ഒരു മോക്ക് ഡ്രിൽ നടത്തുകയും ചെയ്തിരുന്നു. ഏപ്രിൽ 12 ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 40,215 കോവിഡ് രോഗികൾ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ലോകാരോഗ്യ സംഘടനയും ആക്ട്രസ് വകഭേദത്തെ നിരീക്ഷിക്കാൻ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് ടെക്‌നിക്കൽ ഹെഡ് ആയ മരിയ വാൻ കെർഖോവ് പറയുന്നത്. സ്‌പൈക്ക് പ്രോട്ടീനിൽ ഉണ്ടായ ഒരു ഉൽപരിവർത്തനം അഥവാ മ്യൂട്ടേഷൻ ആണ് ഇതിന്റെ വ്യാപന ശേഷി വർദ്ധിപ്പിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.എന്നാൽ, ഇതുമൂലം ഈ വകഭേദത്തിന്റെ പ്രഹരശേഷി വർദ്ധിച്ചതായി കണ്ടെത്തിയിട്ടില്ല. അതുപോലെ, വാക്‌സിനെ പ്രതിരോധിക്കാൻ, ഇതിനു മുൻപുണ്ടായിരുന്ന ക്രാക്കെൻ വകഭേദത്തേക്കാൾ കഴിവുള്ളതായും തെളിഞ്ഞട്ടില്ല.
മറുനാടന് ഡെസ്ക്