തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ വൻ തീപിടിത്തം. ബസ് വെയിറ്റിങ് ഷെഡിനോട് ചേർന്നുള്ള കടകളിലാണ് തീപിടിച്ചത്. ചായക്കടയിൽ നിന്ന് തീപടർന്നതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിന് ഒടുവിൽ ആളുകളെ ഒഴിപ്പിച്ച് തീയണക്കാൻ അഗ്‌നിരക്ഷാ സേന സാധിച്ചു. നാട്ടുകാരും ഫയർ ഫോഴ്സിനെ സഹായിക്കാനെത്തി.

കിഴക്കെക്കോട്ട ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം.  സമീപത്തെ കടകളിലെ ആളുകളെ ഒഴിപ്പിച്ചു.

ആറു കടകൾ കത്തി നശിച്ചു. തൊട്ടടുത്ത കടകളിൽനിന്ന് സാധനങ്ങൾ ഒഴിപ്പിച്ചു. അഗ്‌നിരക്ഷാ സേനയുടെ ആറ് യൂണിറ്റ് സ്ഥലത്തെത്തി. തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

ഒരു ചായക്കടയിലാണ് തീപിടിത്തമുണ്ടായതെന്നും ഇതിന് സമീപത്തെ കടകളിലേയ്ക്ക് തീപടർന്നതായുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പ്രദേശത്താകെ പുക നിറഞ്ഞതും കനത്ത ചൂടും തീ അണയ്ക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സ്ഥലത്ത് വലിയ തോതിൽ പുക ഉയർന്നിട്ടുണ്ട്.

തീപിടിത്തം ഉണ്ടായ കട പൂർണമായി കത്തി നശിച്ചു. തീപിടുത്തമുണ്ടായ ഉടനെ മറ്റു കടകളിലെ സാധനങ്ങൾ മാറ്റിയതിനാൽ പൂർണമായി കത്തിയില്ല. തൊട്ടടുത്ത് ബസ് സ്റ്റാൻഡ് ഉള്ളതിനാൽ ആളുകളെയും ഒഴിപ്പിച്ചു. തീ നിയന്ത്രണ വിധേയമായതായി അഗ്‌നിശമന സേന അറിയിച്ചു.

തീ പിടിച്ച കടയിൽ 8 സിലിണ്ടറുകൾ ഉണ്ടായിരുന്നു. ഇതിൽ 4 എണ്ണത്തിൽ ഗ്യാസ് ഉണ്ടായിരുന്നു. ഒരു സിലിണ്ടർ പൊട്ടിത്തെറിച്ച് തൊട്ടടുത്തുള്ള ലോട്ടറിക്കടയിലേക്കും മൊബൈൽ കടയിലേക്കും തീ പടരുകയായിരുന്നു. 4 കടകൾ പൂർണമായും 2 എണ്ണം ഭാഗികമായും കത്തി നശിച്ചു. തീപിടിത്തമുണ്ടായ ഉടനെ കെഎസ്ഇബി അധികൃതർ ട്രാൻസ്‌ഫോമർ ഓഫ് ചെയ്തു. 

ചെറിയ ചായക്കടകളും ഭക്ഷണശാലകളുമുള്ള പ്രദേശമാണ് ഇവിടം. പഴവങ്ങാടി ഗണപതി കോവിലിനോട് ചേർന്ന് കിടക്കുന്ന ബസ് വെയിറ്റിങ് ഷെഡിന് പുറക് വശത്തെ കടകളിലാണ് തീപിടിത്തം ഉണ്ടായത്. 

ചായക്കടയിൽ ഗ്യാസ് പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിവരമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. നാട്ടുകാരും കെഎസ്ആർടിസി ജീവനക്കാരും പൊലീസും ഫയർ ഫോഴ്‌സും ചുമട്ടുതൊഴിലാളികളും സംയുക്തമായി സജീവമായി ഇടപെട്ടതുകൊണ്ടാണ് തീ വേഗത്തിൽ അണക്കാൻ കഴിഞ്ഞത്. നോർത്ത് ബസ് സ്റ്റാന്റിനോട് ചേർന്ന സ്ഥലത്താണ് അപകടം നടന്നത്. വലിയ അപകട സാധ്യത ഒഴിഞ്ഞിട്ടുണ്ടെന്നും കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും മന്ത്രി അറിയിച്ചു.