നാഗ്പൂർ: ലോകത്തിന്റെ ഏത് ഭാഗത്ത് പോയി ഇന്ത്യാക്കാർ കുറ്റം ചെയ്താലും ഇന്ത്യൻ നിയമസംവിധാനത്തിന് അവരെ ശിക്ഷിക്കാൻ അധികാരമുണ്ടെന്ന് വ്യക്തമാക്കുകയാണ് ബോംബെ ഹൈക്കോടതി വിധി. ഗർഹിക പീഡനം പോലുള്ള കുറ്റകൃത്യങ്ങളിൽ ഇന്ത്യാക്കാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് നടന്നത് ഏത് രാജ്യത്താണെങ്കിലും ഇന്ത്യൻ കോടതികൾക്ക് കേസെടുക്കാനും വിചാരണ നടത്താനും അധികാരമുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

തന്റെ മുൻഭാര്യ നാഗ്പൂർ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഗാർഹിക പീഡന കേസ് നിലനിൽക്കില്ലെന്നും കേസ് നടപടികൾ തടയണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതയിൽ സമർപ്പിച്ച ഹർജിയിലാണ് ഈ വിധി വന്നിരിക്കുന്നത്. ആരോപിക്കപ്പെടുന്ന ഗാർഹിക പീഡനം നടന്നത് ജർമ്മനിയിൽ ആയിരുന്നതിനാൽ ഇന്ത്യൻ കോടതികൾക്ക് അതിന്മേൽ കേസ് എടുക്കാൻ കഴിയില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

ഗാർഹിക പീഡന നിരോധന നിയമം സമൂഹത്തിന് ഏറെ പ്രയോജനകരമായ ഒരു നിയമമാണെന്ന് പറഞ്ഞ ജസ്റ്റിസ് ജി എ സനാപ്, പീഡനം നടന്നത് എവിടെയാണെങ്കിലും ഈ നിയമത്തിൻ കീഴിൽ കേസെടുക്കാൻ ആകുമെന്ന് വിലയിരുത്തി. ഇക്കഴിഞ്ഞ മാർച്ച് 29 ന് ആയിരുന്നു ഇത് സംബന്ധിച്ച വിധി ഉണ്ടായത്. നിയമത്തിന്റെ സെക്ഷൻ 1 ൽ ഇതിന്റെ പരിധി ഇന്ത്യയ്ക്കുള്ളിൽ ആനെന്ന് പറയുന്നുണ്ടെങ്കിലും, കുറേക്കൂടി വിശാലമായ കാഴ്‌ച്ചപ്പാടിൽ ഈ നിയമത്തെ സമീപിക്കാം എന്ന് കോടതി വിശദമാക്കി.

നിലവിലെ കേസിൽ, തകർന്ന ദാമ്പത്യവുമായി ഒരു സ്ത്രീ തന്റെ മാതാപിതാക്കളുടെ അടുത്തെത്തിയതുവരെ അനുഭവിച്ച ദുരിതങ്ങൾ മാത്രം മതിയാകും ഹർജിക്കാരന്റെ അപേക്ഷ തള്ളാൻ എന്ന് കോടതി ചൂണ്ടിക്കാണിച്ചു. 2020-ൽ ആയിരുന്നു ഇവർ വിവാഹിതരായത്. അതിനുശേഷം ഭർത്താവ് ജർമ്മനിയിലേക്ക് തിരിച്ചു. ഏറെ താമസിയാതെ ഭാര്യയും അയാൾക്കൊപ്പം പോവുകയായിരുന്നു.

ജർമ്മനിയിൽ വെച്ച് തന്റെ ഭർത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്ന് നാഗ്പൂർ കോടതിയിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു. മാത്രമല്ല, ജർമ്മനിക്ക് പോകുന്നതിന് മുൻപ്, താൻ നാഗ്പൂരിൽ ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പം താമസിച്ചപ്പോൾ അവരും തന്നെ പീഡിപ്പിച്ചതായി അവർ പരാതിയിൽ പറയുന്നുണ്ട്. ജർമ്മനിയിൽ വെച്ച് തന്നെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതായും പരാതിയിൽ പറയുന്നു.