വീണ്ടും യുവതലമുറയെ മരണത്തിലെക്ക് തള്ളിയിടാൻ വൈറലാകുന്ന ചലഞ്ചുകൾ ടിക്ടോക്കിൽ എത്തുന്നു. അലർജി ചികിത്സിക്കാൻ ഉപയോഗിക്കുന്ന ബെനാഡ്രിൽ എന്ന മരുന്നാണ് ഏറ്റവും പുതിയ ചലഞ്ചിലെ കേന്ദ്രബിന്ദു. വിഭ്രാന്തി സൃഷ്ടിച്ച് അതിനടിമപ്പെടുമ്പോൾ ഉണ്ടാകുന്ന അനുഭവം വീഡിയോ ആക്കി ഇടുക എന്നതാണ് വെല്ലുവിളി. ഇത്തരത്തിൽ കൃത്രിമമായ വിഭ്രാന്തി സൃഷ്ടിക്കാൻ ഒന്നിലധികം ബെനാഡ്രിൽ കഴിക്കുവാനാണ് ആവശ്യപ്പെടുന്നത്.

ടിക് ടോക്കിന് ഇന്ത്യയിൽ നിരോധനമുണ്ട്. എന്നാൽ മറ്റ് രാജ്യത്തുള്ള മലയാളികളേയും ഈ ഗെയിംമുകൾ സ്വാധീനിക്കുന്നുണ്ട്. കൂടുതലായി കൗമാരക്കാരെ ഉന്നംവെച്ചുകൊണ്ടാണ് ഈ വെല്ലുവിളി നടക്കുന്നത്. അമിതമായ അളവിൽ മരുന്ന് കഴിച്ച് ഇതിനോടകം തന്നെ അമേരിക്കയിൽ രണ്ട് കൗമാരക്കാർ മരണമടഞ്ഞു. ആന്റിഹിസമിൻ ഗുളികകൾ കഴിച്ച് ഓഹിയോ സ്വദേശി ജേക്കബ് സ്റ്റീവെൻസ് എന്ന 13 കാരനും ഓക്ലഹോമ സ്വദേശി കോൾ മേരി ഫിലിപ്പ് എന്ന് 15 കാരിയുമാണ് മരണമടഞ്ഞത്.ഇതിൽ 13 കാരൻ ഗുളികകൾ വാരി കഴിക്കുന്നത് ഒരു സുഹൃത്താണ് വീഡിയോയിൽ പകർത്തിയിരിക്കുന്നത്.

തുടർന്ന് അബോധാവസ്ഥയിലേക്ക് വീണ ഈ കൗമാരക്കാരൻ ആറു ദിവസത്തോളം ആശുപത്രിയിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിഞ്ഞതിനു ശേഷമായിരുന്നു മരണത്തെ പുൽകിയത്. ഓക്ലഹോമയിൽ മരണമടഞ്ഞ കൗമാരക്കാരിയുടെ കുടുംബം, മറ്റ് മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇനിയൊരു കുട്ടിയും ഈ കളിയുടെ ഇരയാകരുത് എന്ന് അവർ ഉറപ്പിച്ചു പറയുന്നു.

ഇത് തീർത്തും ഒരു മരണക്കെണിയാണ് എന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖർ പറയുന്നത്. മാതാപിതാക്കൾ കുട്ടികളെ കൂടുതൽ സൂക്ഷിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ഈ മരുന്ന് അമിതമായി ഉപയോഗിച്ചാൽ അത് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും, ഹൃദയാഘാതം പോലുള്ളവക്ക് കാരണമാകുമെന്നും അവർ പറയുന്നു.

എന്നാൽ ഇത്തരമൊരു വെല്ലുവിളി തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന് ടിക്ടോക് വക്താവ് അറിയിച്ചു. അപകടത്തിനിടയാക്കുന്ന ഉള്ളടക്കങ്ങൾ ഒഴിവാക്കാനാണ് ടിക്ടോക് എന്നും ശ്രമിക്കുന്നതെന്നും വക്താവ് അറിയിച്ചു. ഇത്തരത്തിൽ വ്യത്യസ്ത വെല്ലുവിളികളുമായി നിരവധി വീഡിയോകൾ ടിക്ടോകിൽ ഉണ്ടായിരുന്നു. അവയിൽ 96 ശതമാനത്തോളം വീഡിയോകൾ നീക്കം ചെയ്തതായും കമ്പനി അറിയിച്ചു.

നിരോധനത്തിന് ഏകദേശം മൂന്ന് വർഷത്തിന് ശേഷം ചൈനീസ് വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്ക് ഇന്ത്യയിലെ ഓഫീസ് അടച്ചുപൂട്ടിയിരുന്നു.
200 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ടിക് ടോക്കിനെ 2020 ലാണ് നിരോധിച്ചത്. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി 300 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിനൊപ്പമാണ് ടിക് ടോക്കിനും നിരോധനം വന്നത്. 2019ൽ ആൻഡ്രോയിഡിൽ ഇന്ത്യയിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് ടിക് ടോക്കണ്. 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആപ്പ് ആയിരുന്നു ഇത്.

ചൈനീസ് ടെക് ഭീമന്മാരായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽമീഡിയാ ആപ്പാണ് ടിക് ടോക്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയാണ് ആദ്യം ടിക് ടോക് നിരോധിച്ചത്. ഗൽവാൻ സംഘർഷത്തിന് പിന്നാലെയാണ് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്. ടിക് ടോകിന് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഇന്ത്യയിൽ നിന്നായിരുന്നു.