- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് വർഷമായി കിടക്കയിൽ നിന്നെഴുന്നെല്ക്കാത്ത ഷൂമാക്കറുടെ വിശദമായ ഇന്റർവ്യൂ പ്രസിദ്ധീകരിച്ച് ചെയ്ത് ജർമ്മൻ മാസിക; അന്വേഷണത്തിൽ നിർമ്മിത ബുദ്ധിയിൽ തീർത്ത തട്ടിപ്പ്; ചാനൽ എഡിറ്ററുടെ പണി തെറിച്ചിട്ടും വിവാദം തുടരുന്നു
പൊതുവേ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അർദ്ധസത്യങ്ങൾ വിളമ്പിയും വാർത്തകൾ മുക്കിയുമൊക്കെ സത്യം മറച്ചു പിടിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന ആരോപണം പല കോണുകളിൽ നിന്നും ഉയരുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ആധുനിക സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് ഒരു ജർമ്മൻ മാസിക എഡിറ്റർ നടത്തിയ തട്ടിപ്പിന് ഗൗരവമേറുന്നത്.
ജർമ്മൻ ഗോസിപ്പ് മാസികയായ ഡീ അക്ടുല്ലെ എഡിറ്റർ ആനി ഹോഫ്മാൻ ആണ് അതി ബുദ്ധികാണിച്ച് പണി കളഞ്ഞത്. ഫോർമുല വൺ ഇതിഹാസമായ മൈക്കൽ ഷൂമാക്കറുമായുള്ള ഒരു അഭിമുഖമായിരുന്നു ഇവർ പ്രസിദ്ധീകരിച്ചത്. ഏഴ് ലോക കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഷൂമാക്കർ, 2013 ഡിസംബറിൽ സ്‌കീയിംഗിനിടെ സംഭവിച്ച ഒരു അപകടത്തെ തുടർന്ന് മസ്തിഷ്‌ക്കത്തിൽ ഗുരുതരമായി പരിക്കേറ്റതിനു ശേഷം അഭിമുഖങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ല.
ഈ സാഹചര്യത്തിലായിരുന്നു ഷൂമാക്കറിന്റെ അഭിമുഖം ഏറെ ശ്രദ്ധനേടിയത്. ചിരിക്കുന്ന മുഖവുമായുള്ള ഷൂമാക്കറിന്റെ മുഖചിത്രത്തോടുകൂടിയാണ് ഏപ്രിൽ 15 ന് മാസിക പുറത്തിറങ്ങിയതും. അപകടത്തിനു ശേഷം ഷൂമാക്കർ നൽകുന്ന ആദ്യ അഭിമുഖം എന്നായിരുന്നു മാസിക അവകാശപ്പെട്ടത്. അപകടത്തിനു ശേഷം തന്റെ ജീവിതം ആകപ്പാടെ മാറിയെന്ന് ഷൂമാക്കർ അഭിമുഖത്തിൽ പറയുന്നു. തന്റെ കുടുംബാംഗങ്ങൾ കടുത്ത നിമിഷങ്ങളിലൂടെയായിരുന്നു കടന്നു പോയിരുന്നതെന്നും പറയുന്നുണ്ട്.
കൃത്രിമമായി സൃഷ്ടിച്ച ഒരു അബോധാവസ്ഥയിലായിരുന്നു താനെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ വളരെയധികം സുഖം തോന്നുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. തികച്ചും യാഥാർത്ഥ്യമെന്ന് തോന്നുന്ന വിധത്തിലായിരുന്നു അഭിമുഖം. എന്നാൽ, അങ്ങനെയൊന്ന് നടന്നിട്ടില്ല എന്നറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പത്രാധിപർ നിർമ്മിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയതാണ് ഈ അഭിമുഖം എന്ന് തെളിഞ്ഞത്. പത്രാധിപരെ ഉടനടി ജോലിയിൽ നിന്നും പിരിച്ചു വിടുകയും ചെയ്തു.
നേരത്തെ 2015-ൽ ഷൂമാക്കറുടെ ഭാരിയ കോറിന ഷൂമാക്കറെ കുറിച്ച് ഇതേ മാസിക പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനം വിവാദമായിരുന്നു. കോറിന അതിനെതിരെ നിയമനടപടികൾ സ്വീകരിച്ചെങ്കിലും കോടതിയിൽ മാസികക്ക് അനുകൂലമായിട്ടായിരുന്നു വിധി വന്നത്. ഇത്തവണ ഏതായാലും മാസിക ഷൂമാക്കറുടെ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്