- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഓപ്പറേഷൻ കാവേരിക്ക് ' നേതൃത്വം നൽകാൻ വിദേശകാര്യ സഹമന്ത്രി മുരളീധരനെ പ്രധാനമന്ത്രി നിയോഗിച്ചത് യുവം വേദിയിൽ; പിന്നാലെ ജിദ്ദയിലേക്ക് തിരിച്ച് മലയാളി മന്ത്രി; സുഡാനിൽ കുടുങ്ങിയ പ്രവാസികളെ കൊണ്ടു വരാൻ ഐഎൻഎസ് സുമേധ; 500 ഇന്ത്യാക്കാരെ ഒഴുപ്പിക്കാൻ രക്ഷാ ദൗത്യം
കൊച്ചി: അഭ്യന്തര യുദ്ധം മൂലം സംഘർഷഭരിതമായ സുഡാനിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ 'ഓപ്പറേഷൻ കാവേരി'യുമായി ഇന്ത്യ. യുദ്ധഭൂമിയായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപെടുത്താനുള്ള ' ഓപ്പറേഷൻ കാവേരിക്ക് ' നേതൃത്വം നൽകാൻ വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ ജിദ്ദയിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് യാത്ര. നാളെ രാവിലെ മന്ത്രി ജിദ്ദയിലെത്തും.
ആഭ്യന്തര സംഘർഷം കത്തിപ്പടർന്ന സുഡാനിൽ കുടുങ്ങിപ്പോയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം തുടരുകയാണ്. ദൗത്യ ഭാഗമായി നാവികസേനയുടെ ഐഎൻഎസ് സുമേധ സുഡാൻ തുറമുഖത്ത് എത്തി. 500-ഓളം ഇന്ത്യക്കാരെ തുറമുഖ നഗരമായ പോർട്ട് സുഡാനിൽ എത്തിച്ചുകഴിഞ്ഞു. വ്യോമസേനയുടെ സി 130 ജെ വിമാനം സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിൽ തയ്യാറായിരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദൗത്യത്തിന്റെ ചുമതല വി. മുരളീധരനെ ഏൽപ്പിച്ചത് പ്രധാനമന്ത്രി കൊച്ചിയിലെ യുവം വേദിയിൽ ആണ് പ്രഖ്യാപിച്ചത്.
അതിനിടെ ഓപ്പേറഷൻ കാവേരി രക്ഷാദൗത്യത്തിലെ ആദ്യ മിഷനിൽ 500 ഇന്ത്യക്കാരെയാണ് ഇന്ത്യയിലേക്ക് എത്തിക്കുകയെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. പോർട്ട് സുഡാനിലേക്ക് സുരക്ഷിതമായി എത്തിച്ച പ്രവാസികളെ നാവികസേന കപ്പലായ ഐഎൻഎസ് സുമേധയിൽ ഇന്ത്യയിലേക്ക് കൊണ്ടുവരും. സുഡാനിൽ തുടരുന്ന മറ്റ് ഇന്ത്യക്കാരെ രക്ഷപ്പെടുത്താനായി വ്യോമസേനയുടെ സി - 130 ജെ വിമാനം തയാറാണെന്നും ഓപ്പറേഷൻ കാവേരി വിജയകരമായി പൂർത്തിയാക്കുമെന്നും ജയശങ്കർ അറിയിച്ചു.
നേരത്തെ, ഇന്ത്യയുൾപ്പടെ 27 രാജ്യങ്ങളിലെ പൗരന്മാരെ ഫ്രാൻസ് രക്ഷപ്പെടുത്തിയിരുന്നു. രണ്ട് യുദ്ധവിമാനങ്ങളിൽ 388 പേരെയാണ് ഫ്രാൻസിന്റെ നേതൃത്വത്തിൽ രക്ഷിച്ചത്.
മറുനാടന് മലയാളി ബ്യൂറോ