ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയിൽ ഒമ്പത് പേർ മരിച്ചു. 11 ഓളം പേരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലുധിയാനയിലെ ഗ്യാസ്പുരയിലാണ് സംഭവം. ദേശീയ ദുരന്തനിവാരണ സേനയടക്കം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഞായറാഴ്ച രാവിലെ 7.15 ഓടെയാണ് വാതക ചോർച്ച ഉണ്ടായത്. ഫയർ ഫോഴ്‌സ് ഉടൻ സംഭവ സ്ഥലത്തെത്തിയപ്പോൾ കണ്ട കാഴ്ച ആളുകൾ റോഡിന്റെ വശങ്ങളിലും മറ്റുമായി ബോധമറ്റ് വീണ് കിടക്കുന്നതാണ്. മരിച്ചവരിൽ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. സംഭവ സ്ഥലത്തിന്റെ ഒരു കിലോമീറ്റർ പരിധിയിൽ പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. പാലുത്പ്പന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയായ ഗോയൽ മിൽക്ക് പ്ലാന്റിന്റെ കൂളിങ് സിസ്റ്റത്തിൽ നിന്നാണ് വാതക ചോർച്ച ഉണ്ടായതെന്നാണ് സൂചന. അപകടത്തിന് പിന്നാലെ ഫാക്ടറി പൊലീസ് സീൽ ചെയ്തു. വാതക ചോർച്ചയുടെ കാരണം വ്യക്തമല്ല. ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മൻ, എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും വ്യക്തമാക്കി.

നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്. അതേസമയം, ലുധിയാനയിലെ ഷേർപൂർ ചൗക്കിന് സമീപമുള്ള സുവാ റോഡിലെ ഫാക്ടറിയിലാണ് വാതക ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. ഫാക്ടറിക്കുള്ളിലും സമീപത്തെ വീടുകളിലും ഉണ്ടായിരുന്നവർ ബോധരഹിതരായി. കാരണം ആദ്യം വ്യക്തമായില്ലെങ്കിലും പിന്നീടാണ് വാതക ചോർച്ചയാണെന്ന് വ്യക്തമായത്. ഉടൻതന്നെ രക്ഷാപ്രവർത്തനങ്ങൾ തുടങ്ങി.

ഫാക്ടറിക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ളവരെയാണ് ഒഴിപ്പിച്ചത്. വിവരമറിഞ്ഞ് കൂടുതൽ പേർ സ്ഥലത്തെത്തുന്നത് ഒഴിവാക്കാൻ പൊലീസിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പ്രദേശത്തെ സന്നദ്ധ സംഘടനകളും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാണ്. സംഭവത്തെക്കുറിച്ച് ഉടൻ അന്വേഷണമാരംഭിക്കുമെന്നും രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ പേരെ അവിടെ നിയോഗിക്കുമെന്നാണ് പൊലീസ് പറയുന്നത്.