ലുധിയാന: പഞ്ചാബ് ലുധിയാന നഗരത്തിലെ ഗിയസ്പുരയിൽ വിഷവാതകം ശ്വസിച്ച് 3 കുട്ടികളടക്കം 11 പേർ മരിക്കാൻ ഇടയാക്കിയത് അശ്രദ്ധയിലെ വാതക ചോർച്ച. മാൻഹോൾ വഴി ഒഴിച്ച രാസമാലിന്യം ഓടയ്ക്കുള്ളിലുള്ള മീഥേനുമായി പ്രവർത്തിച്ച് വിഷവാതകം ഉണ്ടായതാണു മരണകാരണമായത്. ദുരന്തത്തിനിടയാക്കിയ വാതകം ഏതാണെന്നും എവിടെനിന്നാണ് ചോർന്നതെന്നും തിരിച്ചറിഞ്ഞിട്ടില്ല.

എന്തു വാതകമാണ് ഉണ്ടായതെന്നും ഒഴിച്ചത് ഏതു രാസമാലിന്യമാണെന്നും കണ്ടെത്താൻ ശ്രമം തുടരുകയാണ്. വ്യവസായ മേഖലയായ ഇവിടെ ജോലി ചെയ്യുന്ന യുപി, ബിഹാർ സ്വദേശികളാണ് മരിച്ചവരിൽ കൂടുതൽ പേരും. 4 പേർ ആശുപത്രിയിലാണ്. ഞായറാഴ്ച രാവിലെ കടയിൽ പാൽ വാങ്ങാനെത്തിയ 4 പേരാണ് ആദ്യം കുഴഞ്ഞു വീഴുകയും തൽക്ഷണം മരിക്കുകയും ചെയ്തത്. കട നടത്തിയിരുന്ന മൂന്നംഗ കുടുംബവും മരിച്ചു. മരിച്ചവർക്കൊന്നും ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നില്ല. അതിനാൽ നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷവാതകമാണു അപകടമുണ്ടാക്കിയതെന്നാണ് വിലയിരുത്തൽ.

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ വിവരം കിട്ടുമെന്ന് കരുതുന്നതായി ഡപ്യൂട്ടി കമ്മിഷണർ വ്യക്തമാക്കി. സമീപപ്രദേശങ്ങളിൽ ആർക്കെങ്കിലും അപകടമുണ്ടായോ എന്നറിയാൻ ഡ്രോൺ ഉപയോഗിച്ച് പൊലീസ് തിരച്ചിൽ നടത്തി. ഏതാനുംപേരെ ഒഴിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് സിങ് മാനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും നടുക്കം രേഖപ്പെടുത്തി.

ദേശീയ ദുരന്തനിവാരണസേന (എൻ.ഡി.ആർ.എഫ്.) വാതകം തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധനയ്ക്കായി അഴക്കുചാലുകളിൽനിന്ന് സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. ആളുകളെ ഒഴിപ്പിച്ച പൊലീസ് പ്രദേശം സീൽചെയ്തു. ആരെങ്കിലും അഴുക്കുചാലിൽ രാസവസ്തു കലർത്തിയതാണോയെന്ന് കണ്ടെത്താൻ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. അട്ടിമറി സാധ്യതകളും സംശയത്തിലുണ്ട്.

ഒട്ടേറെ വ്യാവസായസ്ഥാപനങ്ങളുള്ള ജനവാസകേന്ദ്രമാണ് ഗിയസ്പുര. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷംരൂപവീതം നഷ്ടപരിഹാരവും ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപവീതം ധനസഹായവും ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.