- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കളെ എക്കോണമി ക്ലാസ്സിൽ വേലക്കാരിക്കൊപ്പം ഇരുത്തി ഭാര്യയും ഭർത്താവും ബിസിനസ്സ് ക്ലാസ്സിൽ അടിപൊളി യാത്ര; മക്കൾ ബുദ്ധിമുട്ട് അറിഞ്ഞ് വളരാൻ എന്ന് ന്യായം; ഒരു കോടീശ്വരന്റെ വിമാന യാത്രയിൽ ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയ
അമ്മയെ തല്ലിയാലും രണ്ട് പക്ഷം എന്നാണല്ലോ ചൊല്ല്! അപ്പോൾ പിന്നെ ഒരു വിമാനയാത്രയെ കുറിച്ച് രണ്ട് വാദങ്ങൾ ഉയരാതിരിക്കാൻ സാധ്യതയില്ലാതില്ല. ഇത് വെറുമൊരു വിമാനയാത്രയല്ല, മറിച്ച് ഒരു ശതകോടീശ്വരന്റെ വിമാനയാത്രയാണ്. ഈ യാത്രയെ കുറിച്ച് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചേരിതിരിഞ്ഞ് പോര് നടക്കുകയാണ്.
സമൂഹ മാധ്യമങ്ങളിൽ സ്ഥിരമായി നിക്ഷേപ സാധ്യതകളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്ന, ലണ്ടനിലെ റിയൽ എസ്റ്റേറ്റ് ഏജന്റായ സാമുവൽ ലീഡ്സ് എന്ന 32 കാരനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പോരിലെ കേന്ദ്രബിന്ദു. താൻ അടുത്തിടെ നടത്തിയ ഒരു വിമാനയാത്രയെ കുറിച്ച് അയാൾ ടിക്ടോക്കിലിട്ട ഒരു വീഡിയോ ആണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ അവരെ എക്കോണമി ക്ലാസ്സിൽ ഇരുത്തി നിങ്ങൾ ഫസ്റ്റ് ക്ലാസ്സിൽ യാത്ര ചെയ്യണം എന്നായിരുന്നു അദ്ദേഹം വീഡിയോയിൽ പറയുന്നത്. ഭാര്യ അമൻഡക്കൊപ്പമുള്ള ചിത്രത്തോടൊപ്പമുള്ളതായിരുന്നു വീഡിയോ. അടുത്തിടെ നടന്ന ഒരു യാത്രയിൽ താൻ കുട്ടികളെ എക്കണോമി ക്ലാസ്സിൽ ഇരുത്തി താനും ഭാര്യയും ബിസിനസ്സ് ക്ലാസ്സിൽ യാത്ര ചെയ്തു എന്നായിരുന്നു അയാൾ പറഞ്ഞത്.
അങ്ങനെ ചെയ്താൽ യാത്രയിൽ ശല്യം ഉണ്ടാവുകയില്ലെന്നും, കുട്ടികൾ കേടുവരുമെന്ന ആശങ്ക ഉണ്ടാകില്ലെന്നും അയാൾ കൂട്ടിച്ചേർക്കുന്നു. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ചെറുപ്പത്തിലെ പണത്തിന്റെ ആധിക്യം ബോദ്ധ്യപ്പെടുത്തി കുട്ടികളെ നശിപ്പിക്കരുതെന്ന് ഒരു വിഭാഗം പറയുമ്പോൾ, കുട്ടികളെ ദൂരെയിരുത്തി യാത്ര ചെയ്തതിനോട് ഒരിക്കലും യോജിക്കാൻ കഴിയുന്നില്ലെന്നാണ് മറുവിഭാഗം പറയുന്നത്.
കുട്ടികൾക്കൊപ്പം അച്ഛനും അമ്മയും ഇക്കോണമി ക്ലാസ്സിൽ യാത്ര ചെയ്തിരുന്നെങ്കിൽ കുട്ടികൾ ജീവിതത്തെ കുറിച്ച് കൂടുതൽ പഠിക്കുമായിരുന്നു എന്ന് മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നു. യാത്രകളിൽ, പ്രത്യേകിച്ച് വിമാന യാത്രയിൽ, കുട്ടികളുടെ സുരക്ഷിതത്വത്തെ കുറിച്ച് വേവലാതിപ്പെടുന്ന മാതാപിതാക്കൾക്ക് ഒരിക്കലും കഴിയാത്ത ഒരു കാര്യമാണെന്നും ചിലർ പറയുന്നുണ്ട്.
തീർത്തും അപരിചിതവും അപരിഷ്‌കൃതവുമായ ഒരു നടപടി എന്നാണ് ചിലർ ഇതിനെ വിശേഷിപ്പിക്കുന്നത്. തന്റെ പെൺകുട്ടികൾക്കായി ഇതിൽ നിന്നും ഒരു പാഠവും പഠിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് ഒരു അമ്മ പറയുന്നു. അതേസമയം, മറ്റു ചിലർ സാമുവലിന് പിന്തുണയുമായി എത്തുന്നുണ്ട്. ലോകത്തിലെ കഷ്ടതകൾ അറിഞ്ഞു തന്നെ കുട്ടികൾ വളരണം, എന്നാലെ അവരിൽ മനുഷ്യത്വം എന്നൊരു വികാരമുണ്ടാവുകയുള്ളു എന്ന് അവർ പറയുന്നു.
കുട്ടികളെ ഒറ്റക്ക് വിട്ടത് ശരിയായില്ലെന്ന് ചൂണ്ടിക്കാണിച്ചവരോട് സാമുവൽ പറയുന്നത് അവർ ഒറ്റക്കായിരുന്നില്ല, അവരുടെ നാനിയും കൂടെയുണ്ടായിരുന്നു എന്നായിരുന്നു. അത്തരത്തിൽ കുട്ടികളെ നോക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ഉണ്ടെങ്കിൽ പ്രശ്നമില്ല എന്ന് ചിലർ പറയുന്നു. ബഹുഭൂരിപക്ഷം പേരും സാമുവലിന്റെ പ്രവർത്തി ശരിയായില്ല എന്ന് പറയുമ്പോഴും, മോശമല്ലാത്ത ഒരു പിന്തുണ അയാൾക്ക് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്.
മറുനാടന് ഡെസ്ക്